ഹാദിയയ്ക്ക് ജീവിതം സ്വയം തിരഞ്ഞെടുക്കാം: സുപ്രീംകോടതി നിരീക്ഷണം

ന്യൂഡൽഹി∙:  മതം മാറിയ വൈക്കം സ്വദേശിനി ഹാദിയയെ സംരക്ഷിക്കാനുള്ള അവകാശം പിതാവിനു മാത്രമല്ലെന്നു സുപ്രീംകോടതി. 24 വയസ്സുള്ള പെണ്‍കുട്ടിക്ക് സ്വയം ജീവിതം തിരഞ്ഞെടുക്കാം. പ്രായപൂർത്തിയായ യുവതിയെ തടഞ്ഞു വയ്ക്കാൻ പിതാവിന് അവകാശമില്ല. സംരക്ഷണച്ചുമതല ആർക്കു നൽകണമെന്ന് കോടതി നിശ്ചയിക്കും. ആവശ്യമെങ്കില്‍ വീട്ടിൽനിന്നു മറ്റൊരു കേന്ദ്രത്തിലേക്കു മാറ്റും. വിവാഹം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്നു പരിശോധിക്കും. കേസ് എൻഐഎ അന്വേഷിക്കണമോയെന്നു പരിശോധിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

കേസിലെ എൻഐഎ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ഷെഫിൻ ജഹാൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജി പരിഗണിക്കുന്നതു തിങ്കളാഴ്ചത്തേക്കു മാറ്റി. സംസ്ഥാന വനിതാ കമ്മിഷനും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ പിന്‍മാറിയ സാഹചര്യത്തില്‍ എന്‍ഐഎ നടപടികള്‍ നീതിപൂര്‍വകമാകില്ലെന്നാണു ഷെഫിന്റെ ഹര്‍ജിയിലെ വാദം.

ഹാദിയ വീട്ടുതടങ്കലിലാണെന്നും നേരിട്ടു വിളിച്ചുവരുത്തി വിശദാംശങ്ങള്‍ ആരായണമെന്നും ഷെഫിന്‍ ജഹാന്‍ ആവശ്യപ്പെട്ടിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഷെഫിന്‍ ജഹാന്റേയും ഹാദിയയുടേയും വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

എൻഐഎ അന്വേഷണത്തിനു കഴിഞ്ഞമാസം പതിനാറിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. സുപ്രീം കോടതി മുൻ ജഡ്ജി ആർ.വി.രവീന്ദ്രൻ മേൽനോട്ടം വഹിക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, ചുമതലയേൽക്കാൻ തനിക്കാവില്ലെന്നു ജസ്റ്റിസ് രവീന്ദ്രൻ കോടതിയെ അറിയിച്ചു.

വൈക്കം സ്വദേശി അശോകന്റെ മകൾ അഖിലയാണു മതം മാറി ഹാദിയ ആയത്. ഹോമിയോ വിദ്യാഭ്യാസത്തിനായി സേലത്ത് കോളജിൽ പഠിക്കുമ്പോഴായിരുന്നു മതം മാറ്റം. ഇതിനു ശേഷം അവർ കഴിഞ്ഞ ഡിസംബറിൽ ഷഫീൻ ജഹാനെ വിവാഹം കഴിച്ചു. ഈ വിവാഹം കഴിഞ്ഞ മേയിൽ ഹൈക്കോടതി റദ്ദാക്കി. ഷഫീൻ ജഹാന്റെ അപ്പീലിലാണു സുപ്രീം കോടതി എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം