കൊല്ലം സ്വദേശി ഷാനവാസിന്റെ ധീരതക്ക് ദുബായ് പോലീസിന്റെ ആദരം

shanavasദുബായ്: മോഷ്ടാവിനെ പിന്തുടര്‍ന്ന് പിടികൂടിയ മലയാളി യുവാവിന് ദുബായ് പൊലീസിന്റെ ആദരം. കൊല്ലം സ്വദേശി ഷാനവാസാണ് തുക തട്ടിപ്പറിച്ചോടിയ ആളെ പിന്തുടര്‍ന്ന് പിടികൂടിയത്. ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് കാറില്‍ വരുന്നതിനിടെ ദുബായിലെ ഖിസൈസില്‍വെച്ചായിരുന്നു പണം തട്ടിയെടുക്കാനുള്ള ശ്രമം. സൈലക്‌സ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഹൈദരാബാദ് സ്വദേശി അബ്ദുല്‍ ഖയ്യൂമാണ് പിടിച്ചുപറിക്ക് ഇരയായത്. 3,20,000 ദിര്‍ഹവുമായി വരുമ്പോള്‍ തട്ടിപ്പ് സംഘം ഇദ്ദേഹത്തിന്റെ കാറിന്റെ ടയര്‍ പഞ്ചറാക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കാര്‍ പാര്‍ക്ക് ചെയ്ത ശേഷം പണവുമായി പുറത്തിറങ്ങയപ്പോള്‍ ഒരാള്‍വന്ന് അത് തട്ടിപ്പറിക്കുകയായിരുന്നുവെന്നാണ് അബ്ദുല്‍ഖയ്യൂം പറയുന്നത്.

എന്നാല്‍ പണം തട്ടിപ്പറിക്കുന്നത് കണ്ട, കൊല്ലം സ്വദേശി ഷാനവാസിന്റെ സമയോചിതമായ ഇടപെടലാണ് കള്ളനെ പിടികൂടാന്‍ സഹായിച്ചത്. ഇദ്ദേഹം കാറില്‍ കള്ളനെ പിന്തുടരുകയായിരുന്നു. അഫ്ഗാന്‍ സ്വദേശിയാണ് പിടിയിലായത്. തുക മുഴുവനും തിരിച്ചുകിട്ടി. തക്ക സമയത്ത് രക്ഷയ്‌ക്കെത്തിയ ഷാനവാസിന്റെ ധീരതയ്ക്കുള്ള അംഗീകാരമായി ഖിസൈസ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ആദരിച്ചു.  പ്രമുഖ പോലീസ് ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ ഷാനവാസിന് പ്രശംസാപത്രവും മെഡലും നല്‍കി. ഒപ്പം ക്യാഷ് പ്രൈസും ഐ പാഡും സമ്മാനിച്ചു.
ഷാനവാസിന്റെ ധീരമായ ഇടപെടലിലൂടെ മുഴുവന്‍ തുകയും തിരികെ ലഭിച്ചതായി സൈലക്‌സ് ട്രേഡിങ് കൊമേഴ്‌സ്യല്‍ മാനേജര്‍ മൈക്കിള്‍ ആലുങ്ങല്‍ അറിയിച്ചു. നന്ദി സൂചകമായി ഷാനവാസ് ഖാനെ കമ്പനി ആദരിച്ചു. 10,000 ദിര്‍ഹം കമ്പനി സമ്മാനമായി നല്‍കി.
കഴിഞ്ഞ ആറു വര്‍ഷമായി ദുബായില്‍ ഐ.ടി. കമ്പനി നടത്തുകയാണ് ഷാനവാസ് ഖാന്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം