അരുന്ധതി റോയിയെ സൈനിക വാഹനത്തിനു മുന്നില്‍ കെട്ടിവയ്ക്കണമെന്ന ബിജെപി എംപിയുടെ പ്രസ്താവന വിവാദത്തില്‍ ;

ന്യൂഡല്‍ഹി: കശ്മീരിലെ പ്രക്ഷോഭകനു പകരം അരുന്ധതി റോയിയെയാണു സൈനിക വാഹനത്തിനു മുന്നില്‍ കെട്ടിവച്ചു കൊണ്ടുപോകേണ്ടതെന്ന ബിജെപി എംപിയുടെ ട്വിറ്റര്‍ സന്ദേശം വിവാദമായി. കശ്മീരില്‍ തെരുവു പ്രക്ഷോഭകര്‍ക്കെതിരെ ‘മനുഷ്യകവച’മായി സേനാവാഹനത്തിനു മുന്നില്‍ പ്രക്ഷോഭകനെ കെട്ടിവച്ചുകൊണ്ടുപോയ സംഭവം പരാമര്‍ശിച്ചാണു ബിജെപി എംപി പരേഷ് റാവലിന്റെ പ്രസ്താവന.

  എംപിയുടെ ട്വീറ്റിനെതിരെ സമൂഹമാധ്യമത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. എംപി അക്രമത്തിനു പ്രേരിപ്പിക്കുകയാണെന്നും വിമര്‍ശനമുണ്ടായി. ബുക്കര്‍ സമ്മാനം ലഭിച്ച എഴുത്തുകാരിക്കു പകരം ഒരു വനിത ജേണലിസ്റ്റിനെ മതിയെന്ന് എംപിയുടെ അനുയായികളിലൊരാള്‍ കമന്റ് നടത്തി. ‘വിശാലവും വൈവിധ്യവുമാര്‍ന്ന തിരഞ്ഞെടുക്കലുകള്‍ നമ്മുക്കാകാം!’ എന്നായിരുന്നു ഇതിനോടുള്ള എംപിയുടെ പ്രതികരണം. ‘കെട്ടിവയ്ക്കുന്നതു പിഡിപി–ബിജെപി സഖ്യം തുന്നിക്കൂട്ടിയ ആളെയായാലോ?’എന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പരിഹസിച്ചു. അതേസമയം, അക്രമ സന്ദേശങ്ങളെ പാര്‍ട്ടി പിന്തുണയ്ക്കില്ലെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. ഇതിനിടെ, സേനാവാഹനത്തില്‍ കശ്മീരി യുവാവിനെ കെട്ടിവച്ചുകൊണ്ടുപോയ മേജര്‍ക്ക് കരസേന പ്രത്യേക ബഹുമതി നല്‍കി. തീവ്രവാദവിരുദ്ധ നടപടികള്‍ക്കുള്ള അംഗീകാരമായിട്ടാണ് സേനയുടെ പുരസ്‌കാരം കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് മേജര്‍ ലീത്തുല്‍ ഗോഗോയ്ക്ക് സമ്മാനിച്ചത്. കഴിഞ്ഞമാസം ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെ യുവാവിനെ സേനാവാഹനത്തിന്റെ ബോണറ്റില്‍ കെട്ടിവച്ചു കൊണ്ടുപോയെന്ന സംഭവം വിമര്‍ശനത്തിനു കാരണമായിരുന്നു. സൈനികര്‍ക്കെതിരെ കല്ലേറു തടയാനാണ് ഇതു ചെയ്തതെന്നായിരുന്നു സുരക്ഷാസേനാ ഉദ്യോഗസ്ഥരുടെ വിശദീകരണം. വിവാദപ്രവൃത്തി സംബന്ധിച്ച സൈനികക്കോടതി അന്വേഷണം നടക്കുന്നതിനിടെയാണ് മേജര്‍ക്ക് അംഗീകാരം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം