മദ്യശാലകള്‍ തുറന്നത് തെറ്റിദ്ധരിപ്പിച്ച്; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കണമെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ലെന്നും മദ്യശാലകള്‍ തുറന്നത് തെറ്റിദ്ധരിപ്പിച്ചാണെന്നും ഹൈക്കോടതി. കോടതിയുടെ ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നും ഹൈക്കോടതി വ്യക്തമാക്കി.

കോടതിയുടെ ചുമലില്‍ തോക്ക് വച്ച് സര്‍ക്കാര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ഇതിനെ കോടതി വിശേഷിപ്പിച്ചത്. ദേശീയ പാതയാണെന്ന് മന്ത്രിക്കും സര്‍ക്കാരിനും ബോധ്യമുണ്ടായിരുന്നു. പിന്നെ എന്തിനാണ് മദ്യശാലകള്‍ തുറന്നതെന്നും കോടതി ചോദിച്ചു.

കഴിഞ്ഞ ആഴ്ചയില്‍ കുറ്റിപ്പുറം കണ്ണൂര്‍ പാതയിലും, കഴക്കൂട്ടം തിരുവനന്തപുരം പാതയിലുമുള്ള മദ്യശാലകള്‍ തുറക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ വിധി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയതാണെന്ന് ചൂണ്ടിക്കാട്ടി കൊയിലാണ്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഇബ്രാഹിംകുട്ടി സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

അതേസമയം, പുനപരിശോധനാ ഹര്‍ജിയില്‍ ബുധനാഴ്ച ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കും. വിഷയത്തില്‍ കോടതി അന്തിമ വിധി പുറപ്പെടുവിക്കുംവരെ മദ്യശാലകള്‍ വീണ്ടും തുറക്കരുതെന്ന ഇടക്കാല ഉത്തരവും നല്‍കിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം