സംസ്ഥാനത്ത് രണ്ട് എയ്ഡഡ് കോളേജ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിനു കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ ശ്രീ സത്യസായി ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് എന്ന പേരില്‍ എയ്ഡഡ് കോളേജ് അനുവദിക്കാന്‍ സര്‍ക്കാര്‍തീരുമാനിച്ചു. ശ്രീ ശങ്കര ട്രസ്റ്റിനു കീഴില്‍ കിളിമാനൂരില്‍ ശ്രീ ശങ്കര കോളേജ് എന്ന പേരില്‍ എയ്ഡഡ് കോളേജ് അനുവദിക്കാനും മന്ത്രി സഭ യോഗം  തീരുമാനിച്ചു.

കെ.എ.എസ് കരട് ചട്ടങ്ങള്‍ അംഗീകരിച്ചു*
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്‍റെ കരട് സ്പെഷ്യല്‍ റൂള്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. തെരഞ്ഞെടുത്ത 29 വകുപ്പുകളിലെ രണ്ടാം ഗസ്റ്റഡ് തസ്തികകളുടെയും കോമണ്‍ കാറ്റഗറി തസ്തികകളുടെയും 10 ശതമാനം നീക്കിവെച്ചുകൊണ്ടാണ് കെ.എ.എസ് രൂപീകരിക്കുന്നത്.
സര്‍ക്കാര്‍ നയങ്ങളും പദ്ധതികളും ഫലപ്രദമായി നടപ്പാക്കുന്നതിന് കഴിവും അര്‍പ്പണബോധമുളളവരുമായ ഉദ്യോഗസ്ഥരുടെ രണ്ടാം നിര സൃഷ്ടിക്കുകയാണ് ലക്ഷ്യം. മൂന്നു ധാരകളിലൂടെയാണ് (stream) കെ.എ.എസിലേക്ക് ഉദ്യോഗസ്ഥരെ എടുക്കുന്നത്. (1) നേരിട്ടുളള നിയമനം: പ്രായപരിധി 32 വയസ്സും വിദ്യാഭ്യാസ യോഗ്യത സര്‍വകലാശാല ബിരുദവുമാണ്.  (2) ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളിലെ സ്ഥിരം ജീവനക്കാരില്‍ നിന്നും നേരിട്ടുളള നിയമനം: പ്രായപരിധി 40 വയസ്.
യോഗ്യത സര്‍വകലാശാല ബിരുദം. (3) തെരഞ്ഞെടുത്ത 29 വകുപ്പുകളിലെ രണ്ടാം ഗസ്റ്റഡ് തസ്തികയിലുളളവരില്‍ നിന്നും തുല്യമായ കോമണ്‍ കാറ്റഗറി തസ്തികയിലുളളവരില്‍നിന്നും മാറ്റം വഴിയുളള നിയമനം: പ്രായപരിധി 50 വയസ്സിനു താഴെ. അംഗീകരിച്ച കരട് സ്പെഷ്യല്‍ റൂള്‍സ് സംബന്ധിച്ച് ജീവനക്കാരില്‍നിന്നും അവരുടെ സംഘടനകളില്‍ നിന്നും അഭിപ്രായം തേടുന്നതാണ്. സ്പെഷ്യല്‍ റൂള്‍സ് പി.എസ്.സിയുടെ പരിഗണനയ്ക്ക് അയച്ചുകൊടുക്കാനും തീരുമാനിച്ചു.
കേരള പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ തീരുമാനിച്ചു.
കേരള വനിതാ വികസന കോര്‍പ്പറേഷന് കേന്ദ്ര ഏജന്‍സികളില്‍നിന്ന് വായ്പ ലഭിക്കുന്നതിന് 150 കോടി രൂപയുടെ ഗ്യാരണ്ടി നിബന്ധനകള്‍ക്കു വിധേയമായി നല്‍കാന്‍ തീരുമാനിച്ചു.
*പുതിയ തസ്തികകള്‍*
ലീഗല്‍ മെട്രോളജി വകുപ്പില്‍ 21 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്‍കി.
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ റീ-പ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗത്തില്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്‍റ് പ്രൊഫസര്‍ എന്നീ കാറ്റഗറികളില്‍ ഓരോ തസ്തിക വീതം അനുവദിക്കാന്‍ തീരുമാനിച്ചു.
*6 എക്സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍*
6 എക്സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ ആരംഭിക്കുന്നതിന് 84 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
പാലക്കാട്, വയനാട് ജില്ലകളിലെ ജനമൈത്രി എക്സൈസ് സ്ക്വാഡ് ഓഫീസുകളിലേക്ക് 10 വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ തസ്തികകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.
*വിഴിഞ്ഞം തുറമുഖം: നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചു*
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി വരുന്നതിനാല്‍ ജോലി നഷ്ടപ്പെടുന്ന കരമടി മത്സ്യതൊഴിലാളികള്‍ക്കും തൊഴിലാളി പെന്‍ഷനര്‍മാര്‍ക്കും നിര്‍ദേശിച്ച നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. കലക്ടര്‍ അധ്യക്ഷനായ ലൈവലിഹുഡ് ഇംപാക്ട് അപ്രൈസല്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നത്. ഇതനുസരിച്ച് 8.2 കോടി രൂപ മൊത്തം നഷ്ടപരിഹാരമായി നല്‍കേണ്ടി വരും.
*സി. ഉഷാകുമാരി ആയുര്‍വേദ ഡയറക്ടര്‍*
സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളിലെ പ്രിന്‍സിപ്പാള്‍മാരില്‍ ഏറ്റവും സീനിയറായ ഡോ.സി. ഉഷാകുമാരിയെ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം