നായ്ക്കളുടെ പേരിൽ സർക്കാരും പോലീസും കടിപിടി

Street-dog2തിരുവനന്തപുരം: അപകടകാരികളായ നായ്ക്കളെ കൊല്ലുന്നവരുടെ പേരില്‍ പോലീസ് കേസെടുത്താല്‍ സര്‍ക്കാര്‍ ഇടപെടും. ഇക്കാര്യത്തില്‍ ജനങ്ങളുടെ സുരക്ഷയാണ് സര്‍ക്കാരിന് പ്രധാനമെന്ന് മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മന്ത്രിസഭയിലെ ഭൂരിപക്ഷം മന്ത്രിമാര്‍ക്കും ഇതേ അഭിപ്രായം തന്നെയാണ.് കൊച്ചു കുട്ടികള്‍ക്കടക്കം നായ്ക്കളുടെ കടിയേല്‍ക്കുന്ന സംഭവം സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്തേ പറ്റുകയുള്ളുവെന്ന നിലപാടാണ് മന്ത്രിമാര്‍ക്കും. KKനായ്ക്കളുടെ ആക്രമണം ഏറിവരുന്നതായും ഇതിനെതിരേ നടപടി വേണമെന്ന ആവശ്യവുമായി ദിവസേന നിരവധി പരാതികളാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലഭിക്കുന്നത്. പരാതികള്‍ ഏറുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ഇനിയും മൌനംപാലിച്ചാല്‍ ജനങ്ങള്‍ എതിരാകുമെന്ന അഭിപ്രായം പല മന്ത്രിമാരും മുഖ്യമന്ത്രിയെ ഇതിനകം അറിയിച്ചു കഴിഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കേസെടുത്താല്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കണ മെന്നും ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. തെരുവു നായ്ക്കളെ കൊല്ലുന്നതിന് പോലീസ് കൂട്ടുനില്‍ക്കരുതെന്നും ഇതു കുറ്റകരമാണെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപി ടി.പി. സെന്‍കുമാര്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കും റേയ്ഞ്ച് ഐജിമാര്‍ക്കും വെള്ളിയാഴ്ച സര്‍ക്കുലര്‍ കൈമാറിയിരുന്നു. ഡിജിപിയുടെ സര്‍ക്കുലര്‍ പ്രകാരം കേസെടുക്കുന്ന കാര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ കേസെടുത്താല്‍ പ്രതിഷേധം ഉണ്ടാകാനിടയുണ്ട്. കേസെടുത്തില്ലെങ്കില്‍ നടപടിയും നേരിടേണ്ടി വരും. ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദ്ദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അപകടകാരികളായ നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ കേസെടുത്താല്‍ അതിനെതിരേ നടപടി ഉണ്ടാകുമെന്ന ഉറപ്പ് തന്നെയാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്നത്. അപകടകാരികളായ നായ്ക്കളെ കൊല്ലരുതെന്ന നിര്‍ദ്ദേശം കോടതികളില്‍ നിന്നുപോലും ഇല്ലാത്ത സാഹചര്യത്തില്‍ കേസെടുത്താല്‍ അവരെ സംരക്ഷിക്കാന്‍ താന്‍ മുന്നിലുണ്ടാകുമെന്നാണ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞത്. അപടകാരികളായ നായ്ക്കളെ കൊന്നതിന്റെ പേരില്‍ സംസ്ഥാനത്ത് എവിടെയെങ്കിലും കേസെടുത്തത് ശ്രദ്ധയില്‍പ്പെട്ടാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഡിജിപിയുടെ സര്‍ക്കുലര്‍ പ്രകാരം പോലീസ് കേസെടുത്താല്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തില്‍ പോലീസും സര്‍ക്കാരും രണ്ടു തട്ടിലാണെന്ന് വ്യക്തമായിരിക്കുകയാണ്. അപകടകാരികളായ നായ്ക്കളെ കൊല്ലുന്നതിന് പലയിടത്തും ഇതിനകം നടപടി തുടങ്ങിയിട്ടുണ്ട്. ഇതിനെതിരേ പോലീസ് നടപടി ഉണ്ടായാല്‍ അതുവലിയ സംഘര്‍ഷത്തിനും നിയമപോരാട്ടങ്ങള്‍ക്കും ഇടയാക്കിയേക്കും. സര്‍ക്കാര്‍ തലത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും ഇതു സംബന്ധിച്ച് എന്തു നിലപാടു എടുക്കണമെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. നായ്ക്കളുടെ വിഷയത്തില്‍ എന്തു നടപടി വേണമെന്ന് ശക്തമായ അഭിപ്രായവുമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയും രംഗത്ത് വന്നിട്ടില്ല എന്നതാണ് ശ്രദ്ദേയം. ദിവസേന നായ്ക്കളുടെ ആക്രമണം ഏല്‍ക്കുന്നവരുടെ എണ്ണം കൂടിയിട്ടും ജനങ്ങളുടെ സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരും ഇരുട്ടില്‍ തന്നെ തപ്പുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം