ജിഷ്ണുവിന്‍റെ മരണം; കൊലപാതകമാണെന്ന് ബന്ധുക്കള്‍

കോഴിക്കോട് : പാമ്പാടി നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍. ശരീരത്തിലെ മുറിവുകള്‍ മരണത്തിന് മുമ്പുണ്ടായതാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ബന്ധുക്കളുടെ ആരോപണം.

ആത്മഹത്യയാക്കാനുള്ള വ്യഗ്രതയാണ് പോലീസിന്റെയും ഫോറന്‍സിക് വിദഗ്ധരുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും കുടുംബം ആരോപിച്ചു. പോസ്റ്റുമോര്‍ട്ടത്തിലെ അപാകത സംബന്ധിച്ച് വിദഗ്ധ മെഡിക്കല്‍ സംഘത്തിന് രൂപം നല്‍കി അന്വേഷണം നടത്തണമെന്നും കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു ജിഷ്ണുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണത്തിന് മുമ്പുണ്ടായ മുറിവുകള്‍ സൂചിപ്പിക്കുന്നത് മര്‍ദ്ദനമേറ്റിരുന്നു എന്നാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ആദ്യഘട്ടത്തില്‍ ഹോസ്റ്റല്‍ ജനലില്‍ തൂങ്ങിയാണ് ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെയും കോളേജ് അധികൃതരുടെയും വിശദീകരണം.
അതേസമയം കഴിഞ്ഞ ദിവസം നടന്ന പരിശോധയില്‍ കുളിമുറിയില്‍ വസ്ത്രങ്ങളിടുന്ന ഹുക്കില്‍ തൂങ്ങിയാണ് മരണമെന്നത് വ്യക്തമായി. ജിഷ്ണുവിനേക്കാള്‍ അല്‍പം ഉയരം മാത്രമുള്ള ഹുക്കില്‍ തൂങ്ങിയുള്ള മരണം അവിശ്വസനീയമെന്നാണ് ബന്ധുവായ ശ്രീജിത്ത് പറയുന്നത്. മരണത്തിന് ശേഷം ഹോസ്റ്റല്‍ മുറി സീല്‍ ചെയ്തുവെന്ന് പൊലീസ് പറയുമ്പോഴും ഒരു താക്കോല്‍ കോളേജ് അധികൃതരുടെ കൈവശമുണ്ടായിരുന്നു. ഇതോടെ തെളിവുകള്‍ നശിപ്പിച്ചിരിക്കാനാണ് സാധ്യതയെന്നും കുടുംബം ആരോപിക്കുന്നുണ്ട്.  മുറിവുകളെ നിസ്സാരവത്ക്കരിച്ച് ആത്മഹത്യ ചെയ്തുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ഫോറന്‍സിക് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ നീക്കം. പോലീസ് സര്‍ജന്‍ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം അവഗണിച്ച് പിജി ഡോക്ടറെയാണ് ഇതിനായി ഉപയോഗിച്ചത്.

ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണം. കോളേജ് അധികൃതരുടെ പീഡനം സംബന്ധിച്ച പരാതികള്‍ സഹപാഠികളുന്നയിക്കുമ്പോഴും ഇവര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകാത്തത് ദൂരൂഹമാണെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം