ജിഷ്ണുവിന്‍റെ മരണം; അധ്യാപകര്‍ ഒളിവില്‍

കോഴിക്കോട് : പാമ്പാടി നെഹ്‌റു എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയുടെ ദുരൂഹ മരണത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ ഒളിവില്‍. വൈസ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള പ്രതികളാണ് ഒളിവില്‍ പോയത്. ഇവര്‍ക്കായി തമിഴ്നാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തുകയാണ്.

അധ്യാപകരുടെയും, ഉദ്യഗസ്ഥരുടെയും അടുത്ത ബന്ധുക്കളുടെയും വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ സാധിച്ചില്ല. കേസില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയ പ്രിന്‍സിപ്പല്‍ അടക്കമുള്ള അഞ്ച് പേരാണ് ഒളിവില്‍ പോയത്. വൈസ് പ്രിന്‍സിപ്പാല്‍ ശക്തിവേലിനെ തേടി അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു.

പ്രിന്‍സിപ്പല്‍ എസ് വരദരാജന്‍, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, പരീക്ഷാഹാളിലുണ്ടായിരുന്ന അധ്യാപകന്‍ സി പി പ്രവീണ്‍, എക്‌സാം സെല്‍ അംഗങ്ങളായ വിപിന്‍, വിമല്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണ സംഘം ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയത്. ഇവരെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു.

ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധഭീഷണി മുഴക്കിയ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിനെതിരെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മക്കളെ മോര്‍ച്ചറിയില്‍ കാണേണ്ടി വരുമെന്ന് ചെയര്‍മാന്‍ ഭീഷണിപെടുത്തിയതായാണ് പരാതി.

നെഹ്‌റു കോളേജിനു മുന്നില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. ജിഷ്ണുവിന്റെ മരണത്തില്‍ പ്രതികളായ അധ്യാപകര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുക, വിദ്യാര്‍ത്ഥികള്‍ക്കുനേരെ വധഭീഷണി മുഴക്കിയ ചെയര്‍മാന്‍ പികെ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം