വിവാദങ്ങള്‍ക്ക് അവസാനം; ഏകദിനം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഏകദിനത്തിന്‍റെ വേദിയെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് അവസാനമായി. നവംബറിൽ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം തിരുവനന്തപുരത്ത് നടത്താൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) തത്വത്തിൽ തീരുമാനിച്ചു. രാവിലെ കായികമന്ത്രി എ.സി.മൊയ്തീനുമായി കെസിഎ ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്. കെസിഎ സെക്രട്ടറി ജയേഷ് ജോർജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയുമായി സംസാരിച്ചത്.

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഏകദിനത്തിന് വേദിയാക്കുന്നത് സംബന്ധിച്ച് ഐഎസ്എൽ ടീം ഉടമകളായ കേരള ബ്ലാസ്റ്റേഴ്സുമായി കെസിഎ തർക്കത്തിലായിരുന്നു. ഫിഫ അണ്ടർ-17 ലോകകപ്പിന് മുന്നോടിയായി തയാറാക്കിയ ടർഫ് ക്രിക്കറ്റിനായി പൊളിക്കുന്നുവെന്ന് ആരോപിച്ച് ഫുട്ബോൾ താരങ്ങളും മറ്റ് പ്രമുഖരും രംഗത്തുവരികയും ചെയ്തിരുന്നു. വിഷയത്തിൽ സമവായത്തിനായി ജിസിഡിഎ കഴിഞ്ഞ ദിവസം ഇരു കൂട്ടരുമായും സംസാരിച്ചിരുന്നു. അതിന്‍റെ തുടർച്ചയായിട്ടാണ് കായികമന്ത്രി വിഷയത്തിൽ ഇടപെട്ടത്.

വിവാദങ്ങൾ ഒഴിവാക്കി ക്രിക്കറ്റ് തിരുവനന്തപുരത്തെ സ്റ്റേഡിയത്തിൽ നടത്തണമെന്ന് കെസിഎയോട് സർക്കാർ നിർദ്ദേശിച്ചു. ക്രിക്കറ്റും ഫുട്ബോളും ഒരേസമയം വരുന്പോഴുള്ള പ്രശ്നം ഒഴിവാക്കാൻ കൊച്ചിയിൽ ക്രിക്കറ്റിനായി പുതിയ സ്റ്റേഡിയം നിർമിക്കാൻ സർക്കാർ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. ഇതോടെ കെസിഎ സർക്കാർ നിർദ്ദേശം പാലിക്കാൻ തയാറാവുകയായിരുന്നു.

മത്സരം തിരുവനന്തപുരത്ത് നടത്താൻ കെസിഎ സമ്മതിച്ചെങ്കിലും ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കെസിഎ ജനറൽ ബോഡി യോഗത്തിന് ശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം