മോദി സര്‍ക്കാര്‍ ബജറ്റിനേക്കാള്‍ കൂടുതല്‍ തുക ചെലവാക്കിയത് പരസ്യ പ്രചാരണത്തിന്; പരസ്യത്തിനായി ചെലവഴിച്ചത് 3755 കോടി രൂപ

 

ന്യൂഡല്‍ഹി:  കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ പരസ്യ പ്രചാരണത്തിനായി ചെലവാക്കിയത് 3755 കോടി രൂപ. വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ വിവരാവകാശ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2014 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ 2017 വരെയുള്ള കാലയളവില്‍ ഇലക്‌ട്രോണിക്, അച്ചടി മാധ്യമങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയില്‍ പരസ്യം ചെയ്യുന്നതിന് 3755 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖയില്‍ പറയുന്നു. ഗ്രേറ്റര്‍ നോയ്ഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനായ രാംവീര്‍ തന്‍വര്‍ ആണ് അപേക്ഷ നല്‍കിയത്.

ഇലക്‌ട്രോണിക് പരസ്യങ്ങള്‍ക്കായി 1,656 കോടി രൂപയാണ് ചെലവായത്. വിവിധ മാധ്യമങ്ങളായ കമ്മ്യൂണിറ്റി റേഡിയോ, ഡിജിറ്റല്‍ സിനിമ, ദൂരദര്‍ശന്‍, ഇന്റര്‍നെറ്റ്, എസ്.എം.എസ്, ടി.വി എന്നിവയിലൂടെയായിരുന്നു പരസ്യം നല്‍കിയത്. അച്ചടി മാധ്യമങ്ങള്‍ക്കായി ചെലവഴിച്ചത് 1698 കോടിയാണ്. പോസ്റ്ററുകള്‍, ലഘുലേഖകള്‍, കലണ്ടറുകള്‍ എന്നിവ അടങ്ങുന്ന പൊതുസ്ഥലങ്ങളിലെ പരസ്യങ്ങള്‍ക്കായി 399 കോടിയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്.

സര്‍ക്കാരിന്റെ പ്രധാന പദ്ധതികള്‍ക്കുള്ള ബജറ്റിനേക്കാള്‍ കൂടുതല്‍ തുകയാണ് മോദിയും കൂട്ടരും പരസ്യ പ്രചാരണത്തിന് ചെലവാക്കിയത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ മലിനീകരണ നിയന്ത്രണത്തിനായി സര്‍ക്കാര്‍ വകയിരുത്തിയ തുക 56.8 കോടി രൂപ മാത്രമായിരുന്നു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കി ബാതിന്റെ’ പരസ്യം പത്രത്തില്‍ നല്‍കാനായി മാത്രം 2015ല്‍ 8.5 കോടി ചെലവഴിച്ചതായി മറ്റൊരു വിവരാവകാശ രേഖയില്‍ വെളിപ്പെടുത്തിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം