അമ്മ മരിച്ചതറിയാതെ മുലപ്പാലിനായി കിണഞ്ഞ് ശ്രമിക്കുന്ന കുരുന്ന്; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം കാഴ്ചക്കാരുടെ കണ്ണ് നനയിക്കുന്നു

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ട്രെയിൻ തട്ടി മരിച്ച യുവതിയുടെയും കുഞ്ഞിന്റെയും  ചിത്രം കണ്ണീരോടെയല്ലാതെ ആര്‍ക്കും നോക്കി നിൽക്കാനാവില്ല. ചേതനയറ്റ അമ്മയിൽ നിന്നും വിശന്ന് വലഞ്ഞ കുട്ടി മുലപ്പാൽ കുടിക്കാൻ ശ്രമിക്കുന്ന ഈ ദൃശ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.
  കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പലിൽ നിന്നും 250 കിലോമീറ്റർ അകലെ ദാമോയിലാണ് സംഭവം. സംഭവ സ്ഥലത്ത് എത്തിയവരിൽ ഒരാൾ ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ ചിത്രത്തിന് വ്യാപകമായ പ്രചരണമാണ് ലഭിച്ചത്. യുവതി ട്രെയിനിൽ നിന്ന് വീഴുകയോ ട്രെയിൻ തട്ടി മരിക്കുകയോ ചെയ്തതാകാം എന്നാണ് പൊലീസ് പറയുന്നത്. ഇടിയുടെ ആഘാതത്തിൽ യുവതി ഉടൻ തന്നെ മരണത്തിന് കീഴടങ്ങുകയും ചെയ്‌തു. തലയിടിച്ച് വീണത് മൂലമുള്ള രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
  കുട്ടിയെ അമ്മ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നതിനാൽ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അമ്മ മരണപ്പെട്ടതറിയാതെ കുട്ടി മുലപ്പാൽ കുടിക്കാൻ ശ്രമിക്കുകയായിരുന്നു. മുലപ്പാൽ നുകരുന്നതിന് ഒപ്പം കെെയിലെ ബിസ്ക്കറ്റ് നുണയുന്നുമുണ്ടായിരുന്നു ആ ഒരു വയസുകാരൻ. പരിക്കേറ്റെങ്കിലും അവർക്ക് ബോധമുണ്ടായിരിക്കാമെന്നും ആ അവസ്ഥയിലും കുഞ്ഞിനെ രക്ഷിക്കാനായി മുലയൂട്ടുകയും ബിസ്‌കറ്റ് നൽകുകയും ചെയ്‌തിട്ടുണ്ടായിരിക്കുമെന്നും പോലീസ് പറഞ്ഞു. പിന്നീട് പൊലീസ് എത്തിയതിന് ശേഷം യുവതിയുടെ മൃതശരീരം ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ വിശദമായ പരിശോധനയ്‌ക്ക് ശേഷം ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം