കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന നാല് മലയാളികള്‍ യുഎസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന നാല് മലയാളികള്‍ യുഎസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. കാസര്‍ഗോട് പടന്ന, തൃക്കരിപ്പൂര്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്. പടന്ന സ്വദേശികളായ ഷിഹാസും അജ്മലയും ഇവരുടെ കുഞ്ഞും മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നയാളും കൊല്ലപ്പെട്ടു. അമേരിക്കന്‍ സേനയുടെ ബോംബാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

ഇവരെക്കുറിച്ച് എന്‍ഐഎ അന്വേഷണം പുരോഗമിച്ചുവരികയാണ്. കേന്ദ്ര ഏജന്‍സികളില്‍ നിന്നും വിവരം ലഭിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

അഫ്ഗാനിസ്ഥാനിലെ നംഗർഹാറിലുള്ള ഐസിസ് ക്യാമ്പിൽ അമേരിക്കൻ വ്യോമസേന നടത്തിയ ബോംബാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. കേരളത്തിൽ നിന്നും കാണാതായവർ ഉൾപ്പെടെ എത്തിപ്പെട്ട സ്ഥലമാണ് അഫ്ഗാനിലെ നംഗർഹാർ പ്രവിശ്യ. 2016 ജൂലൈയിലാണ് കാസർഗോഡ്, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് നിരവധി പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. കേരളത്തിൽ നിന്ന് 22 പേർ ഐഎസിൽ ചേർന്നെന്നാണ് വിവരം. എന്നാൽ,​ സിറിയയിലും നംഗർഹാർ തുടങ്ങിയ മേഖലകളിലുമായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ എൺപതോളം മലയാളികൾ ഇപ്പോഴുണ്ടെന്നാണ് നിഗമനം. ഇവരിൽ ചിലർ മസ്‌ക്കറ്റ്, ദുബൈ എന്നിവിടങ്ങളിലൂടെയാണ് ഇവിടേക്ക് എത്തിയതെന്നാണ് സൂചന.

അതേസമയം, കേരളത്തിലെ ഐഎസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വന്ന ഷജീർ മംഗലശേരി അടക്കം 14 മലയാളികൾ സിറിയയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് കഴിഞ്ഞ വർഷം കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിരുന്നു. മലയാളികളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ആകർഷിക്കാനുമായി മലയാളത്തിൽ അൻഫാറുൽ ഖലീഫ, അൽ മുജാഹിദുൽ എന്നീ രണ്ട് വെബ്‌സൈറ്റുകൾ ഷജീർ നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം