ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ അഴിമതി; ഗണേഷ്കുമാര്‍

ganesh-kumarതിരുവനന്തപുരം:  പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ അഴിമതി നടക്കുന്നതായി ഭരണകക്ഷി എംഎല്‍എ ഗണേഷ് കുമാര്‍. മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ പ്രൈവറ്റ് സെക്രട്ടറിയടക്കം മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വന്‍ അഴിമതിക്കാരാണെന്നാണ് ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞത്. അബ്ദുള്‍ റഹിം, അബ്ദുള്‍ റാഷിദ്, നസീമുദ്ദീന്‍ എന്നിവരാണ് അഴിമതിക്കാരെന്ന് ഗണേഷ് പറഞ്ഞു. അടിയന്തിരപ്രമേയ ചര്‍ച്ചകള്‍ക്ക് ശേഷം സഭ ശ്രദ്ധക്ഷണിക്കലിലേക്ക് കടക്കുമ്പോഴാണ് ഗണേഷിന്റെ ഇടപെടല്‍ ഉണ്ടായത്. ഇബ്രാഹിം കുഞ്ഞിനെതിരെ മാത്രമല്ല മറ്റ് മൂന്നു മന്ത്രിമാര്‍ക്കെതിരെയും തന്റെ പക്കല്‍ തെളിവുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഈ സമയം സ്പീക്കര്‍ ഇടപെട്ട് ഗണേഷ് കുമാറിനെ സംസാരിക്കുന്നതില്‍ നിന്ന് വിലക്കി. സഭയില്‍ മുന്‍കൂര്‍ അനുവാദമില്ലാതെ സംസാരിക്കാനാവില്ലെന്നു പറഞ്ഞ് സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച മന്ത്രി ഗണേഷ് കുമാറിന് ആരുടെയോ പ്രേതം കൂടിയിരിക്കുകയാണെന്നും പറഞ്ഞു. ഗണേഷിന്റെ ആരോപണം അന്വേഷിക്കാന്‍ തയാറാണോയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സഭയില്‍ ചോദിച്ചു. നേരത്തെ തന്നെ ചില മന്ത്രിമാരുടെ ഓഫീസ് കേന്ദ്രീകരിച്ച് അഴിമതി നടക്കുന്നതായി ഗണേഷ് കുമാര്‍ ആരോപണം ഉന്നയിച്ചിരുന്നു. ടി.ഒ സൂരജിനെതിരെയുള്ള അന്വേഷണം നടക്കുന്ന ഘട്ടത്തിലായിരുന്നു ഗണേഷ് ആരോപണവുമായി രംഗത്ത് വന്നത്. അഴിമതിക്കാരുടെ പേരുകള്‍ താന്‍ നിയമസഭയില്‍ വെളിപ്പെടുത്തുമെന്നാണ് ഗണേഷ് പറഞ്ഞിരുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം