വേദനയുടെ നാടകമാടിത്തീര്‍ക്കുകയാണ്‌ കലാകാരന്‍

pisharath

ബാലുശേരി: വേദനയുടെ നാടകമാടിത്തീര്‍ക്കുകയാണ്‌ നാടക നടന്‍ കൂടിയായ ഭാസ്‌കരന്‍ പിഷാരത്ത്‌ (56). ദുരിതം പേറി കിടക്കപായയില്‍ അനങ്ങാനാവാതെ കഴിഞ്ഞ ഒമ്പത്‌ വര്‍ഷമായി അര്‍ബുദരോഗം ബാധിച്ച്‌ വേദനയിലമര്‍ന്നു കഴിയുകയാണ്‌. അരയുടെ ഒരു ഭാഗവും ഇരുകാലുകളും രോഗം കാര്‍ന്ന അവസ്‌ഥയില്‍ ദുരിതങ്ങളുടെ ഒരായിരം വേഷങ്ങളാണ്‌ കിടക്കപായയില്‍ പകര്‍ന്നാടുന്നത്‌. നാടകം മാത്രം കൊണ്ട്‌ ജീവിതം മുന്നോട്ട്‌ നീങ്ങില്ലെന്ന്‌ തിരച്ചറിഞ്ഞ ഇയാള്‍ കുടംബം പോറ്റാനായി കൂലിപ്പണി ചെയ്യുന്നതിനിടയിലാണ്‌ രോഗബാധിതനായത്‌.
പനങ്ങട്‌ കിനാലൂര്‍ കാറ്റാടിമലയുടെ താഴ്‌വാരത്ത്‌ പയറ്റുകാലയില്‍ പ്ലാസ്‌റ്റിക്‌ കെട്ടിവലിച്ചുണ്ടാക്കിയ ചോര്‍ന്നൊലിക്കുകുടിലില്‍ ജീവിതവഴിയടഞ്ഞും ചികിത്സാചിലവ്‌ നിലച്ചും കാരുണ്യത്തിന്റെ കൈത്താങ്ങ്‌ തേടുമ്പോള്‍ ബാലുശേരി പാലിയേറ്റീവ്‌ സൊസൈറ്റിയുടെ കനിവ്‌ ഭാസ്‌ക്കരന്റെ ശരീരത്തിനും മനസിനുമേറ്റ മുറിവുണക്കുന്നുണ്ടെങ്കിലും രോഗം വേദനയുടെ ആഴങ്ങളിലേക്ക്‌ പടരുമ്പോള്‍ തുടര്‍ ചികിത്സക്ക്‌ 13 ലക്ഷം രൂപ ചിലവ്‌ വരും. അരയുടെ ഭാഗത്ത്‌ വിദേശനിര്‍മ്മിത സ്‌റ്റീല്‍പ്ലെയ്‌റ്റ് ഘടിപ്പിച്ചാലേ വേദനയില്‍ നിന്നും അല്‍പം ശാന്തി ലഭിക്കുള്ളൂ. സ്വന്തമായി ഒരു വീട്‌ പോലും നിര്‍മ്മിക്കാനാവാത്ത ഗൃഹനാഥന്റെ രോഗത്തോടെ കുടംബം അനാഥമായി. കൂലിപ്പണിക്ക്‌ പൊയ്‌ക്കൊണ്ടിരുന്ന ഭാര്യ ജാനു അതും നിര്‍ത്തിയതോടെ ഒരു നേരത്തെ ആഹാരത്തിന്‌ പോലും ഗതിയില്ലാതെ അന്യരുടെ ദയക്കായി കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. ഭാസകരന്‌ ഒന്ന്‌ അനങ്ങണമെങ്കില്‍ ഒരു കൈത്താങ്ങ്‌ ആവശ്യമായിരിക്കെ അവരും കൂടെയിരിക്കേണ്ട അവസ്‌ഥയാണ്‌. വിവാഹ പ്രായമെത്തിയ ഏക മകള്‍ പഠിപ്പ്‌ മുന്നോട്ട്‌ കൊണ്ടുപോകാനാവാതെ നിത്യചിലവിനായി തുച്‌ഛമായ വരുമാനത്തില്‍ ഒരു കടയിലെ സെയില്‍സ്‌ ഗേളാണ്‌.
ഇതിനിടയിലാവട്ടെ ചെറിയൊരു വീട്‌ വെക്കാമെന്ന ഉദ്ദേശത്തോടെ കെ.ഡി.സി ബാങ്കില്‍ നിന്നും എടുത്ത രണ്ട്‌ ലക്ഷം രൂപയുടെ വായ്‌പ ഇപ്പോള്‍ ജപ്‌തിനടപടിയിലേക്ക്‌ നീങ്ങിയതോടെ കുടുംബത്തിന്‌ ആകെയുള്ള തലചയ്‌ക്കാനുള്ള ഇടവും നഷ്‌ടപ്പെടുന്ന സ്‌ഥിതിയിലാണ്‌. തുടക്കത്തില്‍ ചെറിയൊരു നടുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ കൊയിലാണ്ടി ആശുപത്രിയിലെ ചികിത്സക്ക്‌ ശേഷം കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ നിന്നും അര്‍ബുദരോഗം സ്‌ഥിരീകരിച്ച തോടെ ചികിത്സ ആര്‍.സി.സിയിലേക്ക്‌ മാററി. പിന്നീട്‌ വെല്ലൂര്‍ മെഡിക്കല്‍ കോളജിലും ചികിത്സ തേടി. വീടിന്‌ ലോണെടുത്ത സമയത്തായിരുന്നു അസുഖം ബാധിച്ചത്‌ .ആ സംഖ്യയും നാട്ടുകാരുടെ സഹായങ്ങളും കൊണ്ടായിരുന്നു മാറിമാറി ചികിത്സിക്കാന്‍ കഴിഞ്ഞത്‌. കുനിന്മേല്‍ കുരുവെന്ന പോലെ ഒന്‍പത്‌ മാസം മുമ്പെ മെഡിക്കല്‍ കോളജിലെ കീമോ ചികിത്സക്കിടയിലെ ഹൗസ്‌ സര്‍ജന്മാരുടെ പിഴവ്‌ മൂലം കൈക്ക്‌ ഞരമ്പിലൂടെ നല്‍കിയ മരുന്ന്‌ ബള്‍ജായി കൈ പൊള്ളി. ഇന്നത്‌ ഉണങ്ങാതെ വ്രണാവസ്‌ഥയില്‍ കൈയും തളര്‍ന്ന്‌ വേദന കടിച്ചമര്‍ത്തുകയാണിയാള്‍. തുടയെല്ലിന്റെ മുറിവ്‌ ഉണങ്ങതെ എല്ല്‌ പുറത്തേക്ക്‌ ചാടി ആവേദനയും നവരസങ്ങളാടി ത്തീര്‍ത്ത ഈ കലാകാരന്‍ അനുഭവിക്കുകയാണ്‌. വേദനകള്‍ക്കിടിയിലും ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കലാരംഗത്ത്‌ തനിക്ക്‌ ലഭിച്ച പുരസ്‌കാരങ്ങളും സര്‍ട്ടിഫിക്കറ്റും കിടക്കപായക്കടിയില്‍ വെച്ചിട്ടും നനഞ്ഞുപോകുന്നതിലേറെ വിഷമിക്കുന്നു മഴയൊന്ന്‌ നന്നായി പെയ്‌താല്‍ വെളളം കിടക്കുന്നടിത്തെത്തും എന്ന കാര്യത്തില്‍. അരങ്ങിലും അണിയറയിലും നേടിയ സൗഹൃദ കണ്ണികളായ കാവാലം,വാസുപ്രദീപ്‌, ഒ.എന്‍.വി, ശ്യാമപ്രസാദ്‌ തുടങ്ങി ഒട്ടേറെ കലാരംഗത്തെ പ്രഗത്ഭരായവരുടെ ചങ്ങാത്തം മനസില്‍ ആരാധനയോടെയാണ്‌ ഓര്‍ത്തെടുത്തത്‌. എന്നാല്‍ തന്റെ ഇപ്പോഴത്തെ അവസ്‌ഥ അവരെ അറിയിക്കുവാന്‍ ഭാസ്‌കരന്‍ മടിക്കുന്നു.
കലാരംഗത്ത്‌ തനിക്ക്‌ ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ കിടക്കപ്പായയുടെ അടിയിലെങ്കിലും നനയാതെ സൂക്ഷിക്കാനാവുന്നില്ലല്ലോ എന്ന സങ്കടം മുഖത്ത്‌ പ്രകടിപ്പിക്കാതിരുന്നില്ല. തുടര്‍ ചികിത്സക്കും ഒരടിയൊന്ന്‌ അനങ്ങാനും സുമനസുകളുടെ സഹായം അത്യന്താപേക്ഷതിമാണ്‌. ഇതിനായി ബാലുശ്ശേരി ഫെഡറല്‍ ബാങ്ക്‌ ശാഖയില്‍ അക്കൗണ്ട്‌ തുടങ്ങിയിട്ടുണ്ട്‌: ഭാസ്‌കരന്‍.പി. പയറ്റുകാല,കണ്ണാടിപൊയില്‍ പി.ഒ, അക്കൗണ്ട്‌ നമ്പര്‍ 1955 010000 2719 ഐ.എഫ്‌.എസ്‌.സി കോഡ്‌ . എഫ്‌.ഡി.ആര്‍.എല്‍ 0001955 അക്കൗണ്ട്‌ ഉണ്ട്‌.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം