ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ തുടങ്ങി; 310 വോട്ടിന് സജി ചെറിയാന്‍ മുന്നില്‍;ആദ്യ ഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം

ആലപ്പുഴ:ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. ആദ്യ ഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലമാണ്.മൂന്ന് പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണി തുടങ്ങുമ്പോള്‍ 310 വോട്ടുകള്‍ക്കാണ് സജി ചെറിയാന്‍ മുന്നിട്ടു നില്‍ക്കുന്നത്. അതേ സമയം തപാല്‍ സമരം കാരണം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഇനിയും എത്തിയില്ല. 799 സര്‍വീസ് വോട്ടുകളും 40 സര്‍ക്കാര്‍ ജീവനക്കാരുടെ വോട്ടുകളും അടക്കം 839 വോട്ടുകളാണ് തപാല്‍ മാര്‍ഗം എത്തേണ്ടത്.

ഇവര്‍ക്ക് നേരത്തേതന്നെ ബാലറ്റ് പേപ്പറുകള്‍ അയച്ചു കൊടുത്തെങ്കിലും ഒന്നും തിരികെ കിട്ടിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇതുവരെ എത്തിയ 13 തപാല്‍ വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് അനുകൂലമാണ്.

രാവിലെ ആരംഭിക്കുന്ന വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് 12നകം ഫലം അറിയാനാകും. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുക. ആദ്യഫല സൂചനകള്‍ എട്ടേകാലോടെ അറിയാന്‍ സാധിക്കും. പതിമൂന്ന് റൗണ്ടുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാവും. പത്തരയോടെ ആരാവും ചെങ്ങന്നൂരിന്റെ നായകനെന്ന് അറിയാം. 12 മണിയോടെ പൂര്‍ണഫലം അറിയാന്‍ സാധിക്കും.

സിപിഎമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 13 റൗണ്ടുകളിലായി വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. 28നായിരുന്നു വോട്ടെടുപ്പ്. 199340 വോട്ടര്‍മാരില്‍ 1,51,977 പേര്‍ (76.25 ശതമാനം) വോട്ട് രേഖപ്പെടുത്തി. 2016 നേക്കാള്‍ 6,479 വോട്ടുകളാണ് വര്‍ധിച്ചത്. മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി സ്ഥാനാര്‍ഥികളായ ഡി. വിജയകുമാറും സജി ചെറിയാനും പി.എസ്. ശ്രീധരന്‍പിള്ളയും.

യുപിയിലെ കൈറാന, മഹാരാഷ്ട്രയിലെ പാല്‍ഘര്‍, ഭണ്ഡാര-ഗോണ്ടിയ, നാഗാലാന്‍ഡിലെ നാഗാലാന്‍ഡ് എന്നീ ലോക്സഭാമണ്ഡലങ്ങളിലെയും മറ്റ് ഒന്പതു നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ഇന്നാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം