ഇന്ത്യ മുഴുവന്‍ ഗോവധം നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

beefന്യൂഡല്‍ഹി: ഇന്ത്യയിലുടനീളം ഗോവധ നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. മഹാരാഷ്ട്ര സര്‍ക്കാര്‍ ഗോവധ നിരോധന നിയമം നടപ്പാക്കിയതിനു പിന്നാലെ നിരോധനമുള്ള ഗുജറാത്ത് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ മാതൃകയില്‍ നിരോധനം മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിക്കാനാണു കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഇതു സംബന്ധിച്ച് ഒരു മാതൃകാ ബില്‍ തയാറാക്കുന്നതിനു നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം തേടി പ്രധാനമന്ത്രിയുടെ ഓഫീസ് കത്തയച്ചു. ഈ മാതൃകാ ബില്‍ മറ്റെല്ലാ സംസ്ഥാനങ്ങളുടെയും പരിഗണനയ്ക്ക് അയയ്ക്കും. ഇതോടെ ഗോവധ നിരോധനമെന്ന നിര്‍ദേശം കേരളത്തിലേക്കും എത്തുമെന്നുറപ്പായി. നിയമമന്ത്രാലയത്തിന് അയച്ച കത്തില്‍ പശുക്കളെയും പാല്‍ ഉത്പാദിപ്പിക്കുന്ന മറ്റു മൃഗങ്ങളെയും കൊല്ലുന്നതു തടയാന്‍ ഭരണഘടനപരമായി നിയമസാധുതയുണ്േടാ എന്നു പരിശോധിച്ച് ഉപദേശം നല്‍കാനാണു നിര്‍ദേശിച്ചിരിക്കുന്നത്. ഭരണഘടനയിലെ 48-ാം വകുപ്പനുസരിച്ചു നിയമനിര്‍മാണത്തിനു സാധ്യതയുണ്േടാ എന്നാണു കേന്ദ്രസര്‍ക്കാര്‍ നിയമമന്ത്രാലയത്തോട് ഉപദേശം ആരാഞ്ഞിരിക്കുന്നത്. ഇതു പ്രകാരം നൂതനവും ശാസ്ത്രീയവുമായ കാര്‍ഷിക, മൃഗസംരക്ഷണ ലക്ഷ്യങ്ങള്‍ക്കായി പശുക്കള്‍ ഉള്‍പ്പെടെയുള്ള കന്നുകാലികളെ കൊല്ലുന്നതു നിരോധിക്കാവുന്നതാണ്. 2005ല്‍ ഇതു സംബന്ധിച്ചു സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഗോവധ നിരോധനത്തെ പ്രത്യേകം എടുത്തു പരാമര്‍ശിച്ച വിവരവും പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിരോധനം സംബന്ധിച്ച നിയമം ഒരു മാതൃകാ ബില്‍ ആക്കി മറ്റു സംസ്ഥാനങ്ങളില്‍ അവതരിപ്പിക്കുന്നതു സംബന്ധിച്ചാണു പ്രധാനമായും നിയമമന്ത്രാലയത്തിന്റെ ഉപദേശം തേടിയിരിക്കുന്നത്. മുമ്പും പല വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കു മാതൃകാ ബില്‍ അയച്ചതു ചൂണ്ടിക്കാട്ടി ഇത്തരത്തിലൊരു നീക്കം നടത്തുന്നതിനു കേന്ദ്രത്തിനുമേല്‍ വിലക്കുകളൊന്നുമില്ലെന്നാണു കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. വെള്ളപ്പൊക്ക സാധ്യതാ പ്രദേശ സംരക്ഷണം, ഭൂഗര്‍ഭ ജല സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര ജലവിഭവകുപ്പ് സംസ്ഥാനങ്ങള്‍ക്കു മാതൃകാ ബില്ലുകള്‍ അയച്ചതു ചൂണ്ടിക്കാട്ടിയും കേന്ദ്രം ഗോവധ നിരോധനത്തിലേക്കുള്ള വഴിയില്‍ തടസങ്ങളില്ലെന്നു ചൂണ്ടിക്കാട്ടുന്നു. മാതൃകാ ബില്ലുകളില്‍ സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുത്തു നടപ്പാക്കാവുന്നതാണ്. ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ ഏറ്റവുമൊടുവിലായി മഹാരാഷ്ട്രയിലാണു സംസ്ഥാന സര്‍ക്കാര്‍ ഗോവധ നിരോധനം ഏര്‍പ്പെടുത്തിയത്. മഹാരാഷ്ട്രയിലെ നിരോധനം വന്‍ പ്രതിഷേധങ്ങളുയര്‍ത്തിയതിനു പിന്നാലെയാണു നിരോധന നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളുടെ പിന്നാലെ നീങ്ങുന്നത്. ഇന്നു തുടങ്ങുന്ന ഹരിയാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ഗോവധ നിരോധന നിയമം അവതരിപ്പിക്കുമെന്നു കൃഷിമന്ത്രി ഓം പ്രകാശ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനായി ‘ഗോവംശ് സംരക്ഷണ്‍, ഗോ സംവര്‍ധന്‍’ ബില്‍ അവതരിപ്പിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. ഇതോടെ ഹരിയാനയിലും ഗോവധ നിരോധനം നടപ്പില്‍ വരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം