വെറുതെയാണോ അയാളെ എല്ലാവരും ദൈവമെന്ന് വിളിക്കുന്നത്…?ആരാധകന്‍റെ കണ്ണ് നനയിച്ച് മെസ്സി

കളിയഴകു കൊണ്ട് മാത്രമല്ല അയാളെ ആളുകള്‍ ഇത്രത്തോളം ഇഷ്ടപ്പെടുന്നത്. കളിക്കളത്തിനകത്തായാലും പുറത്തായാലും ഒരേ പോലെ സൗമ്യനായ ഒരു വ്യക്തിയെ നമുക്ക് അധികം കാണാനാകില്ല. ആര്‍ദ്രമായ കണ്ണുകളും ആ താടിയും യേശുക്രിസ്തുവിനെ അനുസ്മരിപ്പിക്കുന്നു. അതെ അയാളെ നമ്മള്‍ മിശിഹാ എന്ന് വിളിക്കുന്നു.

മെസി എന്നാല്‍ അര്‍ത്ഥം ദൈവത്തിന്റെ സമ്മാനം എന്നാണ്. അര്‍ജന്റീനയ്ക്ക്, ഫുട്‌ബോള്‍ ലോകത്തിന് ലഭിച്ച സൗഭാഗ്യമാണ് ലയണല്‍ മെസി. ലോകകപ്പില്‍ നിന്നും ആദ്യറൗണ്ടില്‍ തന്നെ പുറത്തു പോകേണ്ട അവസ്ഥയായിരുന്നു അര്‍ജന്റീനയ്ക്ക്. നൈജീരിയയ്‌ക്കെതിരായ മത്സരത്തിനു മുമ്പ് എതിരാളികള്‍ പോലും ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. മെസിയും കൂട്ടരും ജയിച്ച് കാണാന്‍ ശത്രുക്കള്‍ പോലും ആഗ്രഹിച്ചിരുന്നു എന്നതാണ് വാസ്തവം. അത്രത്തോളം ആളുകള്‍ ആ കുറിയ സാധുമനുഷ്യനെ സ്‌നേഹിക്കുന്നു.

ഐസ്‌ലന്‍ഡിനെതിരെയും ക്രൊയേഷ്യയ്‌ക്കെതിരെയും കളിച്ച മെസിയേയായിരുന്നില്ല നൈജീരിയയ്‌ക്കെതിരെ കണ്ടത്. ആത്മവിശ്വാസത്തോടെ, പോരാട്ടവീര്യത്തോടെ കളിക്കുന്ന മെസിയേയാണ് കളിക്കളത്തില്‍ കണ്ടത്.

മെസിയുടെ ബൂട്ടില്‍ നിന്നും ആദ്യ ഗോള്‍ പിറന്നപ്പോള്‍ ഗാലറി മാത്രമല്ല, ഫുട്‌ബോള്‍ ലോകം ഒന്നടങ്കം ഇളകിമറിഞ്ഞു. അതെ മിശിഹാ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു അവിടെ. ഇപ്പോള്‍ മെസി യുടെ മറ്റൊരു പ്രവര്‍ത്തിയാണ് ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്.

നൈജീരിയയ്‌ക്കെതിരെ മത്സരത്തിനു ശേഷം തന്നോടു ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുകയായിരുന്നു മെസി. കളിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടെയാണ് അര്‍ജന്റീന റിപ്പോര്‍ട്ടര്‍ താന്‍ മുമ്പ് മെസിക്ക് നല്‍കിയ ഒരു സമ്മാനത്തെക്കുറിച്ച് ഓര്‍മിപ്പിച്ചത്. അര്‍ജന്‍റീന ഐസ്‍ലാന്‍ഡിനോട് സമനില വഴങ്ങിയ ജൂണ്‍ 16നായിരുന്നു ഒരു ചുവന്ന റിബണ്‍ സമ്മാനമായി മാധ്യമ പ്രവര്‍ത്തകന്‍ മെസിയ്ക്ക് നല്‍കിയത്. എന്നിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. “ഇത് ഒരു മന്ത്രച്ചരടാണ്. അമ്മ നിങ്ങള്‍ക്ക് തരാന്‍ ഏല്‍പ്പിച്ചതാണ്. അവര്‍ക്ക് എന്നേക്കാള്‍ ഇഷ്ടം ഈ ലോകത്ത് നിങ്ങളോടാണ്. അതുകൊണ്ട് ഇത് നഷ്ടപ്പെടുത്തരുത്’

ആ ചരട് ഇപ്പോഴും കൈവശമുണ്ടോ അതോ കളഞ്ഞോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. അതിന് ഒരു ചെറു പുഞ്ചിരിയോടെയായിരുന്നു മെസിയുടെ മറുപടി. ‘ഇതാ ഇങ്ങോട്ട് നോക്കൂ..’ ആ ചരട് കെട്ടിയ കാലുകള്‍ മെസി ഉയര്‍ത്തിക്കാണിച്ചു .

വെറുതെയാണോ അയാളെ എല്ലാവരും ദൈവമെന്ന് വിളിക്കുന്നത്. ദൈവം സ്‌നേഹമാണ്. മെസിയും. വെറുമൊരു ആരാധകന്‍റെ സമ്മാനം ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന മെസിയുടെ പ്രവര്‍ത്തിയെ ഫുട്‌ബോള്‍ ലോകം ഒന്നടങ്കം പ്രശംസിക്കുകയാണിപ്പോള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം