കാസർകോട്: ( www.truevisionnews.com ) പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ കോൺഗ്രസ് നേതാവ് പങ്കെടുത്തത് വിവാദമാകുന്നു. പെരിയ കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ് പെരിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ പങ്കെടുത്തത്.

ഇന്നലെ പെരിയയിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. വരൻ ഡോ. ആനന്ദ് കൃഷ്ണൻ ക്ഷണിച്ചിട്ടാണ് താൻ കല്യാണത്തിൽ പങ്കെടുത്തതെന്ന് പ്രമോദ് പെരിയ വിശദീകരിച്ചു.
വേറെയും കോൺഗ്രസ് നേതാക്കൾ കല്യാണത്തിൽ പങ്കെടുത്തിരുന്നെന്നും തൻ്റെ ഫോട്ടോ മാത്രം പ്രചരിപ്പിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും പ്രമോദ് ആരോപിച്ചു.
2019 ഫിബ്രവരി 17-നായിരുന്നു കാസർകോട്ട് കല്യോട്ട് വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്.
24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്. സിപിഎം നേതാവ് പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. കൊലപാതകം, തെളിവ് നശിപ്പിക്കൽ സംഘം ചേരൽ, ഗൂഡാലോചന തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍.
കേരളത്തിൽ ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയതടക്കം വിവാദമായിരുന്നു.
#congress #leader #attended #periya #double #murder #case #accused #son #wedding
