നടിയെ ആക്രമിച്ച ശേഷം പൾസർ സുനി എത്തിയ വീട്ടിൽ പോലീസ് റെയ്ഡ് ;നിര്‍ണായക തെളിവുകള്‍ ലഭിച്ചു

കൊച്ചി: നടിയെ ആക്രമിച്ച ശേഷം പൾസർ സുനി രാത്രിയിൽ എത്തിയ കൊച്ചിയിലെ വീട്ടിൽ  നടത്തിയ റെയിഡില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു. വീടിന്‍റെ മുൻവശത്ത് നിന്നും സ്മാർട്ട് ഫോണ്‍ കവർ ലഭിച്ചു. വീടിനുള്ളില്‍ നിന്നും രണ്ട് ഫോണ്‍ മെമ്മറി കാര്‍ഡും ഒരു പെന്‍ഡ്രൈവും പോലീസിന് ലഭിച്ചു.

നടിയെ ആക്രമിച്ച് കാറിനുള്ളിൽ നിന്നും ദൃശ്യങ്ങൾ പകർത്തിയ ഫോണ്‍ എറണാകുളം നഗരത്തിലെ അഴുക്കുചാലിൽ കളഞ്ഞുവെന്നാണ് സുനി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. കേസിലെ നിർണായക തെളിവായ ഈ ഫോണ്‍ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിന്‍റെ ഭാഗമായാണ് സുനി സംഭവ ദിവസം രാത്രിയിൽ എത്തിയ സുഹൃത്ത് പ്രിയേഷിന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഇവിടെ വച്ച് സുനി ഫോണ്‍ പ്രിയേഷിന് നൽകിയിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്.

സംഭവ ദിവസം മറ്റ് പ്രതികളെ ഒഴിവാക്കി സുനി ഒരാളെ കാണാൻ പോയിരുന്നുവെന്ന് കൂട്ടുപ്രതികളായ മണികണ്ഠനും ബിജീഷും പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.

എട്ട് ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച സുനിയെയും കൊണ്ടു അടുത്ത ദിവസം തന്നെ പോലീസ് കോയന്പത്തൂരിലേക്ക് പോകും. ദൃശ്യങ്ങൾ പകർത്തിയ ഫോണ്‍ സുനി കോയന്പത്തൂരിൽ ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം