മണിയുടെ മരണം; തരികിട സാബുവിനെയും ജാഫര്‍ ഇടുക്കിയെയും നുണപരിശോധനയില്‍ നിന്ന് ഒഴിവാക്കി; ദുരൂഹതെയെന്ന്‍ കുടുംബം

maniകലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ നുണപരിശോധനയില്‍ നിന്ന് ചിലരെ ഒഴിവാക്കിയെന്ന് കുടുംബത്തിന്‍റെ ആരോപണം. മരണത്തിനുമുമ്പ് മണി സമയം ചെലവഴിച്ച അദ്ദേഹത്തിന്റെ ഔട്ട്ഹൗസായ പാഡിയില്‍ ഒപ്പമുണ്ടായിരുന്ന ആറു പേരുടെ നുണപരിശോധന കഴിഞ്ഞദിവസം പൂര്‍ത്തിയായി.മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, സഹായികളും സുഹൃത്തുക്കളുമായ മുരുകന്‍, അരുണ്‍, വിപിന്‍, അനീഷ് എന്നിവരെയാണ് തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബില്‍ പരിശോധനയ്ക്കു വിധേയരാക്കിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സഹോദരനും മണിയുടെ ഭാര്യയും ആവര്‍ത്തിച്ച സാഹചര്യത്തിലാണ് നുണപരിശോധന നടത്തിയത്.

അന്നേദിവസം അവിടെയെത്തിയ ചിലരെക്കൂടി നുണ പരിശോധനയ്ക്ക് വിധേയമാക്കാത്തതാണ് സംശയത്തിനിടയാക്കിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആരോപണത്തില്‍പ്പെട്ട തരികിട സാബു, ജാഫര്‍ ഇടുക്കി തുടങ്ങിവരെ ഒഴിവാക്കി.

അയല്‍പക്കക്കാരനായ ഡോക്ടറുടേയും നുണപരിശോധന നടത്തിയില്ല. ഇവര്‍ക്കെതിരെ ചില സംശയങ്ങള്‍ മണിയുടെ കുടുംബം ഉയര്‍ത്തിയിരുന്നു. മണിയുടെ സഹോദരന്‍ രാമകൃഷ്ണനും സാബുവുമായി ആരോപണ പ്രത്യാരോപണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. പരസ്പര വെല്ലവിളികളും നടത്തി. ഈ സാഹചര്യത്തില്‍ തരികിട സാബുവിന്റെ നുണപരിശോധന നടത്തുമെന്നായിരുന്നു വിലയിരുത്തല്‍. ഇടുക്കി ജാഫറുമൊത്താണ് മണിയെ കാണാന്‍ സാബു എത്തിയത്.

മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി കൊച്ചി അമൃത ആശുപത്രിയില്‍ മരിച്ചത്. തുടര്‍ന്ന് വ്യത്യസ്ത ലാബുകളില്‍ ആന്തരികാവയവങ്ങളുടെ പരിശോധന നടത്തിയപ്പോള്‍ ഫലങ്ങളില്‍ വ്യത്യാസം കണ്ടത് വിവാദമായിരുന്നു. ഇതിനിടെ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പാഡിയിലുണ്ടായിരുന്നവരുടെ നുണ പരിശോധന നടത്തിയത്. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ 21ന് ആരംഭിച്ച നുണപരിശോധന വെള്ളിയാഴ്ചയാണ് പൂര്‍ത്തിയായത്. ഫലത്തിന് 15 ദിവസമെടുക്കും. യഥാര്‍ഥ പ്രതികളെ കണ്ടത്തൊന്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ശ്രമമുണ്ടായില്ലെന്നും മണി ആത്മഹത്യ ചെയ്യില്ലെന്നും രാമകൃഷ്ണന്‍ ആവര്‍ത്തിച്ചു. സംഭവദിവസം പാഡിയിലേക്ക് അനീഷ് ചാരായം കൊണ്ടു വന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ മരിക്കുന്ന സമയത്ത് മണി ചാരായം കഴിച്ചിരുന്നില്ലെന്നും സമീപ ദിവസങ്ങളിലൊന്നും പാഡിയിലേക്ക് ചാരായം കൊണ്ടുവന്നിട്ടില്ലെന്നുമാണ് അനീഷ് മൊഴി നല്‍കിയത്. മണിയുടെ ആന്തരികാവയവങ്ങളിലും പോസ്റ്റ്‌മോര്‍ട്ടത്തിലും വ്യാജമദ്യ അംശം കണ്ടത്തെിയിരുന്നു.

ആത്മഹത്യ, സ്വാഭാവിക മരണം, കൊലപാതകം എന്നീ സാധ്യതകളറിയാന്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യയെന്നും കൊലപാതകമെന്നും സാധൂകരിക്കാവുന്ന തെളിവുകളൊന്നും കണ്ടത്തെിയില്ലെന്നാണ് പറഞ്ഞത്. കൊലപ്പെടുത്താന്‍ വിധമുള്ള ശത്രുക്കള്‍ ഉണ്ടായിരുന്നിലല്ലെന്നും പൊലീസ് പറഞ്ഞിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം