ചെങ്ങമനാട്: (truevisionnews.com)പൊലീസിനെയും, യാത്രക്കാരെയും അപായപ്പെടുത്തും വിധം ആഡംബരക്കാറിൽ നിന്ന് എം.ഡി.എം.എ അടങ്ങിയ ബാഗ് വലിച്ചെറിഞ്ഞ് രക്ഷപ്പെട്ട ലഹരി മാഫിയ സംഘത്തെ പൊലീസ് സാഹസികമായി പിടികൂടി.
മട്ടാഞ്ചേരി കൊടികുത്തുപറമ്പ് സനൂപ് (26), ചക്കരയിടത്ത് അൻസിൽ (23), മട്ടാഞ്ചേരി ഷിനാസ് (25) ഇവരെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും മറ്റും സഹായിച്ച ഫോർട്ട് കൊച്ചി ചെമ്പിട്ട വീട്ടിൽ ഷഹീൽ ഖാൻ (27) കാഞ്ഞൂർ പാറപ്പുറം കണേലി മുഹമ്മദ് അസ് ലം (24) എന്നിവരെ ചെങ്ങമനാട് പൊലീസാണ് സാഹസികവും, നാടകീയവുമായി വലയിൽ വീഴ്ത്തിയത്.
ബാംഗ്ലൂരിൽ നിന്നാണ് ഇവർ ആഡംബരക്കാറിൽ രാസലഹരി കടത്തിയിരുന്നത്.
അക്കാര്യം ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനക്ക് രഹസ്യ വിവരം ലഭിച്ചു. അതോടെ ജില്ല ഡാൻസാഫ് ടീമും, പൊലീസും ദേശീയപാതയിൽ കരിയാട് കവലയിൽ വാഹന പരിശോധന ആരംഭിച്ചു.
അതിനിടെയാണ് സംഘം പാഞ്ഞ് വന്നത്. പൊലീസുദ്യോഗസ്ഥർ റോഡിലിറങ്ങി വാഹനം തടഞ്ഞു. അതോടെ പൊലീസിന് നേരെ വാഹനമോടിച്ച് കയറ്റാൻ ശ്രമിച്ചു. ഉദ്യോഗസ്ഥർ ഇരുവശത്തേക്കും നീങ്ങിയതോടെയാണ് ജീവാപായം ഒഴിവായത്. മിന്നൽ വേഗത്തിൽ ദേശീയപാതയിലൂടെ പാഞ്ഞ സംഘം അത്താണി-പറവൂർ റേഡിലേക്ക് കടന്നു.
അപ്പോഴേക്കും പിന്നിൽ പൊലീസ് വാഹനവും കുതിച്ചെത്തി. അതോടെ അപകടകരമാംവിധം വാഹനം കറക്കിയോടിച്ച് പാഞ്ഞു. പല വഴിയാത്രക്കാരും അപകട ഭീഷണിയിലായിരുന്നു.
പിന്നിൽ വരുന്ന പൊലീസ് പിടികൂടുമെന്ന് കണ്ടതോടെയാണ് ചെങ്ങമനാട് സെന്‍റ് ആന്‍റണീസ് പള്ളിക്ക് സമീപം ബാഗ് വലിച്ചെറിഞ്ഞത്.
#5-#member #gang #caught #MDMA #escape #luxury #car