വ്യക്തിപരമായി അധിക്ഷേപിക്കുന്ന സൈബര്‍ ‘പോരാളികള്‍ക്ക്’ ‘വക’യില്‍ അമ്മാവന്‍റെ മറുപടി

കോഴിക്കോട്:സ്വാശ്രയ കൊലാലയങ്ങളുടെ രക്തസാക്ഷി ജിഷ്ണു പ്രണോയ്ക്ക് നീതി ലഭിക്കാന്‍ സഖാക്കളും സമൂഹവും   ഇനിയും കൂടെയുണ്ടാവുമോ എന്ന  ചോദ്യവുമായി ജിഷ്ണുവിന്റെ അമ്മാവന്‍ കെ കെ ശ്രീജിത്ത്‌.

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കൊപ്പം നീതിക്ക് വേണ്ടിയുള്ള  പോരാട്ടത്തിന് ഇറങ്ങിയ സഹോദരന്‍ കെ കെ ശ്രീജിത്തുമായി ട്രുവിഷന്‍ ന്യൂസ്‌ സീനിയര്‍ സബ്എഡിറ്റര്‍  സന പ്രമോദ് നടത്തിയ സൗഹൃദ സംഭാഷണത്തില്‍ നിന്ന്‍…

 • വകയില്‍ അമ്മാവന്‍ ആണോ?

പോരാളിയായ ജിഷ്ണു പ്രണോയിയെ പ്രസവിച്ച അമ്മ മഹിജ, മൂന്ന്‍ ആണ്‍മക്കളെ പ്രസവിച്ച എന്‍റെ അമ്മയുടെ വയറ്റില്‍ പിറന്നവളല്ല. എന്നാല്‍ എന്‍റെ നേര്‍ പെങ്ങളാണ്.എന്‍റെ കുഞ്ഞും നാളിലെ മരിച്ചു പോയ മാമന്‍റെ മകള്‍. ഒരു സ്കൂളില്‍ പഠിച്ചവര്‍ , ഒരു വീട്ടില്‍ വളര്‍ന്നവര്‍… എന്തിനധികം വിശദീകരിക്കണം ?  അവള്‍ക്കൊരു കുഞ്ഞ് പിറന്നപ്പോള്‍ ഞങ്ങള്‍ നെഞ്ചിന്റെ ചൂട് നല്‍കി വളര്‍ത്തി. ഒടുവില്‍ അവനെ കൊന്ന് തള്ളിയപ്പോള്‍ പെറ്റവയര്‍ വേറെയാണെന്ന്  കണ്ട് വെറുതെ ഇരിക്കണമായിരുന്നോ? പറയനും  പുലയനും വേണ്ടി ഇ എം എസും , എകെജിയും ശബ്ദമുയര്‍ത്തിയതും പോരാടിയതും ഒരമ്മ പെറ്റ വയറിന്‍റെ അവകാശത്തിന്‍റെ പേരിലായിരുന്നോ?

 • ഇഎം എസിനെ കുറിച്ച് പറയുന്ന തങ്ങള്‍ക്ക് ആദ്യ ഇഎംഎസ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഏപ്രില്‍ 5 അറിയില്ലായിരുന്നോ ? അന്ന്‍ തന്നെ വേണമായിരുന്നോ സമരം?

മാര്‍ച്ച്‌ 1, ഒക്ടോബര്‍ 30, 23, 21,ജൂണ്‍ 2, ജനുവരി 13 , 22 ….. ഇവയൊന്നും മറക്കില്ല. നാദാപുരത്തെ ചെങ്കൊടി പ്രസ്ഥാനത്തെ ചുവപ്പിക്കാന്‍ ജീവന്‍ നല്‍കിയ രക്തസാക്ഷികളുടെ ദിനമാണ് ഇവയെല്ലാം. 1997 മാര്‍ച്ച്‌ 27 മറക്കില്ല. ഇന്നും ജീവിക്കുന്ന രക്തസാക്ഷിയായ എന്‍റെ അച്ഛന്‍ കെ കെ കുമാരനെ ആര്‍ആര്‍എസ് എസ്സുകാര്‍ വെട്ടിപ്പിളര്‍ന്ന ദിനം, അതും മറക്കില്ല.രാഷ്ട്രീയ വിദ്യാഭ്യാസത്തിലുള്ള പരിമിതികള്‍ ഉള്‍ക്കൊണ്ട് തന്നെ പറയട്ടെ , ഏപ്രില്‍ 5 എന്‍റെ മനസ്സില്‍ കുറിച്ചിട്ട ദിനമായിരുന്നില്ല.എന്നാല്‍  ആ വര്‍ഷം ഓര്‍മയിലുണ്ട്.

പിന്നെ 5 എന്ന ആ സമര തിയ്യതി കുറിച്ചത് കേരളത്തിലെ ഡിജിപി ആണെന്നത് മറ്റൊരു യാതൃശ്ചികതയാവാം. മാര്‍ച്ച്‌ 27 നായിരുന്നു ജിഷ്ണുവിന്‍റെ കുടുംബം ഡിജിപി ഓഫീസിന് മുന്‍പില്‍ സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചത്. 15 ദിവസം മുന്‍പ് തന്നെ പ്രദേശത്തെ പാര്‍ട്ടിയുടെ അനുമതി തേടിയായിരുന്നു പ്രഖ്യാപനം. 26 ന് ഞാന്‍ ഡല്‍ഹിയില്‍ ആയിരുന്നു. നീതി തേടി സുപ്രീം കോടതിയിലേക്ക് പോയതായിരുന്നു. യാത്രയ്ക്കിടയിലെല്ലാം എന്റെ ആശങ്ക സമരത്തിന്‌ നേതൃത്വം നല്‍കുക മഹിജയുടെ മൂത്തമ്മയുടെ ഭര്‍ത്താവ്‌ ഡിസിസി അംഗവുമായ ഇ കെ ശങ്കരന്‍, അച്ഛന്‍ അശോകന്‍റെ അളിയന്‍ ബിജെപി മണ്ഡലം വൈസ് പ്രസിഡന്ടുമായ കെ ടി കുഞ്ഞിക്കണ്ണന്‍ എന്നിവാരാണെന്നതും. സമരം കൈവിട്ട് പോകുമോ , സര്‍ക്കാരിന് എതിരെ ആവുമോ എന്നതായിരുന്നു ആ  ആശങ്ക. സെക്രട്ടറിയേറ്റിലേക്ക് സമരം നടത്തണമെന്ന കുടുംബത്തിന്റെ ആവിശ്യം ഡിജിപി ഓഫീസിലേക്ക് മാറ്റാന്‍പെട്ട പാട് എനിക്കറിയാമായിരുന്നു.  അതിനാല്‍ 27 ന്‍റെ സമരം എങ്ങനെയെങ്കിലും മാറ്റിവയ്ക്കാന്‍ ഒരു അവസരം ഉണ്ടാക്കാന്‍  സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു, അപേക്ഷിച്ചു, കാല്പിടിച്ചു. ഒടുവിലായിരുന്നു ഡല്‍ഹി കേരള ഹൗസില്‍ താമസിക്കുന്ന ഡിജിപി ലോക്നാഥ്‌ ബഹ്റയെ കാണാന്‍ അവസരമൊരുക്കിയത്. പ്രതികളുടെ സ്വത്ത്‌ കണ്ടെത്താനുള്ള നടപടിക്ക് ഒരാഴ്ച സമയം വേണം.രണ്ട് പ്രതികളെയെങ്കിലും ഉടന്‍ അറസ്റ്റ് ചെയ്യും . സമരം മാറ്റിവയ്ക്കണം. ഇതിന് നിങ്ങള്‍ എനിക്ക് എത്ര ദിവസം സമയം നല്‍കും? 10 ദിവസം ഞാന്‍ മറുപടി നല്‍കി. എനിക്കൊപ്പം ഉണ്ടായിരുന്ന മഹിജയുടെ നേരാങ്ങള  27 മുതല്‍ ഉള്ള 10 ദിവസം വിരലില്‍ എണ്ണി പ്രഖ്യാപിച്ചു, ഏപ്രില്‍ 5. പിന്നീട് അപ്പോള്‍ തന്നെ  വാര്‍ത്താ ചാനലുകള്‍ ഞങ്ങളെ കണ്ടപ്പോള്‍ ഇക്കാര്യം ലോകത്തെ അറിയിച്ചു.’വിവര’മുള്ളവര്‍ ആരും ആ തിയ്യതിയുടെ പ്രാധാന്യം അറിയിച്ചില്ല. പോലീസ് ഭീകരതയ്ക്ക് ഇരയായ ശേഷം ആശുപത്രിയിലേക്കുള്ള വഴിയിലാണ് സര്‍ക്കാരിന്റെ ആഘോഷത്തിന്റെ  ആ വലിയ ബോര്‍ഡ് കണ്ടത്.അതില്‍ ഏപ്രില്‍ 5ഉം

 • അച്ഛനെ വെട്ടിയവരുടെയും  മറ്റാരുടെയെങ്കിലും വലയില്‍പ്പെട്ടായിരുന്നോ സമരം?

അതെ , വലയില്‍പ്പെട്ടുപോയിട്ടുണ്ട് . അത് കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ മറ്റാരുടെയുമല്ല. ജിഷ്ണുവിന്റെ രക്തസാക്ഷിത്വത്തിന്‍റെയും അവനെ പെറ്റവയറിന്‍റെ ഹൃദയം നുറുക്കുന്ന ചോദ്യങ്ങളുടെയും വലയില്‍ മാത്രമാണ്  പെട്ടുപോയത്.കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളും സ്വാന്തനവും ഐക്യദാര്‍ഡിയവുമായി ജിഷ്ണുവിന്‍റെ വീട്ടില്‍ എത്തിയിട്ടുണ്ട്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പങ്കാളിത്തം ഞങ്ങള്‍ ആവിശ്യപ്പെട്ടിട്ടില്ല. നീതിയോടുള്ള പിന്‍തുണ മാത്രമാണ് ആവിശ്യപ്പെട്ടത്.

 • ഷാജിര്‍ഖാനും ഭാര്യയും എന്തിന് വന്നു? ഷാജഹാനും സ്വാമിയും നിങ്ങള്‍ക്ക് ആരായിരുന്നു?

ദേശാഭിമാനിയിലെ ജോലി തിരക്കിനിടയില്‍ ഞാന്‍ ഒരു നാള്‍ പെങ്ങളെ കാണാന്‍ ചെന്നപ്പോള്‍ ജിഷ്ണുവിന്‍റെ വീട്ടില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുകയായിരുന്ന ഷാജിര്‍ഖാനെയാണ് ആദ്യം കണ്ടത്. അവിടെ തുടങ്ങിയ സൗഹൃദത്തില്‍ അദ്ധേഹത്തിന്റെ രാഷ്ട്രീയമായിരുന്നില്ല ഞങ്ങളുടെ ബന്ധത്തിന് ആധാരം. തിരുവനന്തുപുരത്ത് എത്തുമ്പോള്‍ സ്ഥലവാസിയുടെ പിന്‍തുണ അതില്‍ കവിഞ്ഞ് ഒരു ബന്ധവുമില്ല. ‘ഇന്റലിജന്‍സുകാര്‍ക്ക്’ ഇത് അന്വേഷിക്കാം.പിന്നെ ജീവിതത്തില്‍ ഇന്ന് വരെ നേരില്‍ കാണുകയോ ഫോണില്‍ വിളിക്കുകയോ ചെയ്യാത്ത ആളാണ്‌ ഷാജഹാന്‍. അതും അന്വേഷിക്കാം.പിന്നെ തോക്ക് സ്വാമി എത്തിയത് ഡിജിപിയെ കാണാന്‍ ആണെന്നത് ലോകമറിഞ്ഞ രഹസ്യമല്ലേ? പിന്നെ ഞങ്ങള്‍ക്കൊപ്പം ചേര്‍ത്തത് , അത് പോലീസിന്റെ ഒരു വലിയ ഗൂഡാലോചനയാണ്.

 • ഡിജിപി ഓഫീസിലേക്കുള്ള യാത്ര അക്രമ സമരമാക്കാന്‍ ഗൂഡാലോചന നടന്നോ ?

തീര്‍ച്ചയായും,’ സത്യാഗ്രഹ സമരം തുടങ്ങുന്നതിനു മുന്‍പ് അദ്ധേഹത്തോട് ഒന്ന്‍ ചോദിക്കണം. ഡിജിപിയുടെ വാക്കിന് വിലയില്ലേയെന്ന്‍’. നാട്ടിന്‍ പുറത്തെ നന്മയുടെ വാക്കുകളായിരുന്നു ജിഷ്ണുവിന്റെ അച്ചാച്ചന്‍ ബാലന്‍ ട്രെയിന്‍ യാത്രയ്ക്കിടയില്‍ പറഞ്ഞത്. ആ തീരുമാനവുമായാണ് ഞങ്ങള്‍ എല്ലാവരും തിരുവനന്തുപുരത്തേക്ക് എത്തിയത്. ഷാജിര്‍ഖാനും ഭാര്യയും ഏര്‍പ്പെടുത്തിയ റെസ്റ്റ്ഹോമില്‍ നിന്ന്‍ വസ്ത്രം മാറുന്നതിനിടയിലാണ് മ്യൂസിയം എസ്ഐയും സംഘവും ഭീഷണിയുമായി എത്തിയത്.’ എവിടെക്കടോ നിന്റെ സമരം? ഡിജിപി ഓഫീസിലേക്ക് വന്നാല്‍ നിങ്ങള്‍ വിവരം അറിയും . സെക്രട്ടറിയേറ്റില്‍ പോയി സമരം ചെയ്യെടാ’ ഈ ഭീഷണികളാണ് ഞങ്ങളുടെ സഹന സമരത്തെ അക്രമ സമരമാക്കി മാറ്റാനുള്ള ആദ്യ നീക്കം.പിന്നീട് എത്തിയ സിഐ നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ഡിജിപി ഓഫീസിലേക്ക് ഫുട്പാത്തിലൂടെ  നടന്ന്‍ നീങ്ങിയത്. ഡിജിപിയെ കണ്ട ശേഷം സമരം തുടങ്ങുകയാണെങ്കില്‍ തണലുള്ള റോഡരികില്‍ ഇരിക്കാന്‍ അനുവദിക്കാമെന്നുള്ള ഉറപ്പ് പോലും അദ്ദേഹം നല്‍കി.ഇത് എല്ലാം പൊളിക്കുന്ന തരത്തില്‍ ആയിരുന്നു അസിസ്റ്റന്റ് കമ്മിഷണര്‍ കെ ഇ ബൈജുവിന്റെയും മ്യൂസിയം എസ് ഐ സുനില്‍ കുമാറിന്റെയും നടപടി.

 • പതിനാറുപേരെയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണമെന്ന വാശി അനാവിശ്യമല്ലേ ?

ഇത് മറ്റൊരു തെറ്റിധാരണയാണ്.  ആറുപേരെ മാത്രമാണ് ചര്‍ച്ചയ്ക്ക് പങ്കെടുപ്പിക്കുകയുള്ളൂവെന്ന സിഐയുടെ നിര്‍ദേശം നേരത്തെ അംഗീകരിച്ചതാണ്. എന്നാല്‍ ബന്ധുക്കളും ജിഷ്ണുവിന്റെ സുഹൃത്തുക്കളുമടങ്ങുന്ന  പത്ത് പേരെ റോഡില്‍ ഉപേക്ഷിച്ചാല്‍ ജയിലേക്ക് കൊണ്ടുപോകുമെന്ന ഭയമാണ് ഇവരെ ഡിജിപി ഓഫീസിലെ സന്ദര്‍ശക ഗാലറിയില്‍ ഇരുത്തണമെന്ന്‍ ആവിശ്യപ്പെടാന്‍ കാരണം.സിഐ ചര്‍ച്ച നടത്തുമ്പോഴും എസ് ഐ തുടര്‍ന്ന ഭീഷണി എന്‍റെ ഭയം ബലപ്പെടുത്തി.

 • ദേശാഭിമാനിയില്‍ നിന്ന് നിങ്ങള്‍ പണം അപഹരിച്ചുവെന്ന പ്രചരണം ഉണ്ടായിരുന്നല്ലോ? ജോലി രാജി വയ്ക്കാനുള്ള സാഹചര്യമെന്ത്?

അതെ , കൂടെ നിക്കുമ്പോള്‍ മഹാമാന്യനും അല്പം അകന്ന് നില്‍ക്കുമ്പോള്‍ മഹാകള്ളനുമാവുന്ന അവസ്ഥ . പതിനായിരങ്ങള്‍ ജീവനും ജീവിതവും പാലോറ മാതയും  ഇഎംഎസ്സും  ഉള്‍പ്പടെയുള്ളവര്‍ സ്വത്തും നല്‍കി വളര്‍ത്തി വലുതാക്കിയ പ്രസ്ഥാനമാണ് ദേശാഭിമാനി. എന്‍റെ പേര് ചേര്‍ത്ത് ദേശാഭിമാനിയെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയാനാണ് വേദനയോടെ രാജിവച്ചത്.പതിനഞ്ച് വര്‍ഷം എഡിറ്റോറിയല്‍ വിഭാഗത്തിലും കഴിഞ്ഞ പതിനൊന്ന് മാസമായി മാര്‍ക്കറ്റിംഗ് വിഭാഗത്തിലും ജോലി ചെയ്ത് വരികയാണ്. ഒരു വര്‍ഷം മുന്‍പ് പരസ്യത്തിന്റെ ലക്ഷങ്ങള്‍ തട്ടിയെന്നാണ് സോഷ്യല്‍ മീഡിയയിലെ പോരാളികളുടെ ഇപ്പോഴത്തെ പ്രചാരണം.കള്ളനെ എന്തിന് പണപ്പെട്ടി ഏല്‍പ്പിച്ചു. ആര് ഏല്‍പ്പിച്ചു. എന്ന മറുചോദ്യം ഇവരോട് ഉണ്ടായാല്‍ ദേശാഭിമാനി പ്രവര്‍ത്തകര്‍ സംശയത്തിന്‍റെ നിഴലില്‍ വരും. ഈ സാഹചര്യം ഒഴിവാക്കാനാണ് രാജി. പിന്നെ നെഞ്ച് പൊള്ളിക്കുന്ന മറ്റൊരു നുണക്കഥ കൂടിയുണ്ട്.ഞങ്ങളുടെ എല്ലാം ചങ്കായിരുന്ന സഖാവ് ഫല്‍ഗുണന്‍റെ കുടുംബവുമായി ബന്ധപ്പെട്ട പണ അപഹരണത്തിന്റെ കഥ.അതിനുത്തരം കിട്ടണമെങ്കില്‍ സഖാവിന്റെ വിധവ റീനയേയും മക്കളേയും കാണണം. ആ വിശ്വാസത്തിന് അല്പമെങ്കിലും ഉലച്ചിലുണ്ടോ എന്നറിയാന്‍ ഞാനും സുഹൃത്തുക്കളും ഇന്നലെ  ആ വീട്ടില്‍ പോയിരുന്നു. ഫല്‍ഗുണേട്ടനെ പെറ്റവയറിനും അദ്ദേഹം പോറ്റിയ വയറുകള്‍ക്കും എന്‍റെ ഹൃദയ ശുദ്ദിയിലുള്ള വിശ്വാസത്തില്‍ ഒട്ടും കുറവ് വന്നിട്ടില്ല. നെഹ്‌റു കോളേജിന്റെ ഏജന്റ്റ് ആണെന്ന നെറികെട്ട നുണ പറഞ്ഞവര്‍ ഇതിലും വലുത് പറഞ്ഞതില്‍ തെറ്റില്ലെന്ന് അപ്പോള്‍ ബോധ്യപ്പെട്ടു.

 • പാര്‍ട്ടിയുടെ അനുമതി വാങ്ങാതെ ആയിരുന്നോ സമരം?

അക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ കഴിയില്ല. അത് പാര്‍ട്ടിയെ ബോധ്യപ്പെടുത്തും.

 • പാര്‍ട്ടി ജനറല്‍സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ കൂടെ ഉണ്ടായിരുന്നിട്ടും ചില സഖാക്കളുടെ വിശ്വാസക്കുറവ് വേദനിപ്പിക്കുന്നുണ്ടോ?

പാര്‍ട്ടിയില്‍ ഉണ്ടായിരുന്നപ്പോള്‍ ഏറെ അടുപ്പമുണ്ടായിരുന്ന ടിപി ചന്ദ്രശേഖരന്‍ ഇഞ്ചിഞ്ചായി പിടഞ്ഞ് മരിക്കുന്ന ദുര്‍നിമിഷം കണ്ട് നിന്ന ആളാണ്‌ ഞാന്‍. എന്നിട്ടും പാര്‍ട്ടിയുടെ നിലപാടും കൂറും ഉയര്‍ത്തിപ്പിടിച്ച് പാര്‍ട്ടിക്കും സഖാക്കള്‍ക്കും നേരെയുള്ള കടന്നാക്രമണങ്ങള്‍ നേരിടുന്നതില്‍ ദേശാഭിമാനി ലേഖകന്‍ എന്ന നിലയില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചയാളാണ് ഞാന്‍.പിച്ചവച്ച് നടന്ന കാലം മുതല്‍ ബാല സംഘം പ്രവര്‍ത്തകനായും പിന്നീട് രക്തം നക്ഷത്രമുള്ള തൂവെള്ള കൊടിയേയും ഇന്ന്‍ ചെങ്കൊടിയെയും നെഞ്ചേറ്റുന്നു. അത് മരണം വരെ തുടരും. ജയില്‍ വാസവും പോലീസ് മര്‍ദ്ദനവും ഈ കാലയളവില്‍ നേരിട്ടു. ഇതിലും വലിയ വേദനയായിരുന്നു ചന്ദ്രശേഖരന്റെ ഗതി ഉണ്ടാവുമെന്ന ഒരാള്‍ സൂചന നല്‍കിയപ്പോള്‍.

 • സമരത്തില്‍ നിന്ന്‍ എന്ത് നേടി?

പെങ്ങളുടെ ജീവിതം തിരിച്ചു പിടിക്കാനായി. നഷ്ടങ്ങളും നേട്ടങ്ങളും സമൂഹം വിലയിരുത്തും.

 • ജിഷ്ണുവിന് നീതി ലഭിച്ചോ? ഇനിയുള്ള പോരാട്ടം എങ്ങനെ?

മൂന്ന് മാസം മുന്‍പ് പഠിച്ച ഒരുപാഠമുണ്ട്,  നൂറുകോടി കയ്യിലുണ്ടെങ്കില്‍ ആരെയും കൊല്ലാം, ബലാല്‍സംഘം ചെയ്യാം ചോദിക്കാനും പറയാനും ആരുമുണ്ടാകില്ല. എന്നാല്‍ നീതിപീoവും ഭരണകൂടവും നെറികേട് കാണിക്കുമ്പോള്‍ വിധിയെ പഴിച്ച് വീട്ടിലിരിക്കാനല്ല എന്‍റെ പ്രസ്ഥാനം പഠിപ്പിച്ചത്. മരണം വരെ പോരാടാനാണ്.അത് തുടരും.ഒടുവില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെല്ലാം ജിഷ്ണുവിന്റെ നീതിയിലെക്കുള്ള വഴി തുറക്കലാണ്.ഈ ആര്‍ജവം തുടരുമെന്ന വിശ്വാസമുണ്ട്.എന്നാല്‍ ശക്തമായ പോരാട്ടം ആവിശ്യമാണ്. ചെങ്കൊടി പ്രസ്ഥാനവും നാടും കൂടെ ഉണ്ടെങ്കില്‍ ജിഷ്ണുവിന് നീതി ലഭിക്കും. ആ പിന്തുണയാണ് ഞങ്ങള്‍ ആവിശ്യപ്പെടുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം