തൃശൂരില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; ജിതുവിനെ രക്ഷിക്കാന്‍ ആരും ശ്രമിച്ചിരുന്നില്ലെന്ന് പിതാവ്

തൃശൂര്‍: വെള്ളിക്കുളങ്ങരയില്‍ യുവതിയെ ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് തീ കൊളുത്തി കൊലപ്പെടുത്തുമ്പോള്‍ ഒന്നിച്ചുണ്ടായിരുന്ന എല്ലാവരും നോക്കിനില്‍ക്കുകയായിരുന്നെന്ന് ജിതുവിന്റെ അച്ഛന്‍. കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും നോക്കി നില്‍ക്കവെയായിരുന്നു ജിതുവിനെ ഭര്‍ത്താവ് ആക്രമിച്ചത്.

ആക്രമണം തടയാന്‍ യുവതിയുടെ അച്ഛനൊഴികെ ആരും ശ്രമിച്ചില്ലെന്നും, യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ അച്ഛനും ഓട്ടോറിക്ഷാ ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നതെന്നും കേരള പുലയര്‍ മഹാസഭയും (കെപിഎംഎസ്) ആരോപിച്ചു. അതേസമയം യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയത് തടയാന്‍ ശ്രമിച്ച അച്ഛനെ തള്ളിമാറ്റിയാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മാസങ്ങളായി പിരിഞ്ഞു താമസിക്കുന്ന ഇരുവരും പരസ്പരം സംസാരിക്കുക പോലും ചെയ്യാറുണ്ടായിരുന്നില്ല. അടുത്ത കാലത്തൊന്നും വീട്ടില്‍ നിന്ന് പുറത്ത് വരാതിരുന്ന ജീതു കുടുംബശ്രീയില്‍ നിന്ന് ലോണെടുത്ത തുക തിരിച്ചടയ്ക്കാനാണ് എത്തിയത്. ഞായറാഴ്ച 2.30നാണ് ജീതുവിനെതിരെ ആക്രമണമുണ്ടായത്.

നേരത്തെ തന്നെ ഭര്‍ത്താവിനെ പേടിച്ച് അച്ഛനൊപ്പമായിരുന്നു ജീതു എത്തിയത്. ഇത് തിരിച്ചറിഞ്ഞ ഭര്‍ത്താവ് വിരാജു ജീതു യോഗം കഴിഞ്ഞ് ഇറങ്ങുന്നതു വരെ ഒളിച്ചിരുന്നു. യോഗം കഴിഞ്ഞ 20ലധികം അംഗങ്ങളോടൊപ്പം പുറത്തേക്ക് വന്ന ജീതുവിന് നേരെ പാഞ്ഞടുത്ത വിരാജിനെ തടയാന്‍ അച്ഛന്‍ ശ്രമിച്ചു. എന്നാല്‍ അച്ഛനെ തള്ളിമാറ്റിയ വിരാജു ജീത്തുവിന്‍റെ ശരീരത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തി അതിവേഗം ആളിപ്പടര്‍ന്ന തീയണയ്ക്കാന്‍ ആര്‍ക്കും സാധിച്ചില്ല.

ഗുരുതരമായി പരിക്കേറ്റ ജീതുവിനെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശരീരം മുഴുവന്‍ പൊള്ളലേറ്റ് ജീതു ഇന്ന് ഉച്ചയോടെ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ ജീതുവിന്‍റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ഇയാളെ കണ്ടെത്താന്‍ സാധിച്ചില്ല.

യുവതി ചികിത്സയിലായതിനാല്‍ പൊലീസ് കേസ് കാര്യമായി എടുത്തില്ലെന്നും ആരോപണമുണ്ട്. സംഭവം നടന്ന് മൂന്നാം ദിവസമാകുമ്പോഴും പ്രതിയെ പിടികൂടാന്‍ സാധിക്കാത്തതില്‍ കെപിഎംഎസ് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. എന്നാല്‍ അന്യസംസ്ഥാനത്തേക്ക് കടന്നതായി സംശയിക്കുന്ന വിരാജുവിനെ പിടികൂടാന്‍ ശക്തമായ തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം