അധ്യാപികയെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് തീ കൊളുത്തി

ബംഗളൂരു: അധ്യാപികയെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് തീ കൊളുത്തി. ബംഗളൂരുവില്‍ നിന്നും 55 കിലോമീറ്റര്‍ അകലെയുള്ള മഗഡി താലൂക്കിലെ സ്‌കൂളിലാണ് സംഭവം നടന്നത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബിസിനസ് തകര്‍ന്നതിലെ മനോവിഷമത്തെ തുടര്‍ന്നാണ് പ്രതി അധ്യാപികയെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ച് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയെന്നാണ് കരുതപ്പെടുന്നത്.

അമ്പത് ശതമാനത്തോളം പൊള്ളലേറ്റ കെ ജി സുനന്ദ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം സുനന്ദയുടെ ബിസിനസ് പങ്കാളിയായ രേണുകാരദ്ധ്യ രക്ഷപ്പെട്ടു. ഉച്ചയ്ക്ക് രണ്ടു മണിയോടെ സുനന്ദ പഠിപ്പിച്ചു കൊണ്ടിരിക്കെ രേണുകാരാദ്ധ്യ ബഹളം വച്ചുകൊണ്ട് ക്ലാസിലേക്ക് കയറിവരികയായിരുന്നു.

സുനന്ദയോട് ക്ഷുഭിതനായി സംസാരിച്ചപ്പോള്‍ ക്ലാസില്‍ നിന്ന് പുറത്ത് പോകാന്‍ രേണുകാരദ്ധ്യായോട് അദ്ധ്യാപിക ആവശ്യപ്പെട്ടു. ഉടന്‍ രേണുകാരാദ്ധ്യ തന്റെ കൈയിലുണ്ടായിരുന്ന കുപ്പി തുറന്ന് മണ്ണെണ്ണ അദ്ധ്യാപികയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് തീപ്പെട്ടിയുരച്ച് തീയിട്ടു.

കുട്ടികളുടെ നിലവിളി കേട്ടെത്തിയ മറ്റ് അദ്ധ്യാപകരാണ് സുനന്ദയെ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെ അക്രമി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. ഇരുവരുടെയും ബിസിനസിനെപ്പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം