ഒറ്റപ്പാലം നെഹ്‌റു കോളേജില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു

പാലക്കാട്: ഒറ്റപ്പാലം ലക്കിടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ഥി ജീവനൊടുക്കാൻ ശ്രമിച്ചു. പാലക്കാട് സ്വദേശി അര്‍ഷാദ് ആണ് ക്ലാസ് മുറിയില്‍വച്ച് വിഷം കഴിച്ചത്. ഒരുമാസം മുമ്പ് ക്ലാസ് മുറിയില്‍ വച്ച് മദ്യപിച്ചെന്നാരോപിച്ച് അര്‍ഷാദടക്കം ചില വിദ്യാർഥികളെ മാനേജ്‌മെന്‍റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. താന്‍ നിരപരാധിയാണെന്ന് അര്‍ഷാദ് പറഞ്ഞെങ്കിലും അത് അംഗീകരിക്കാന്‍ മാനേജ്‌മെന്‍റ് കൂട്ടാക്കിയിരുന്നില്ല.

അര്‍ഷാദിനെ ക്ലാസ്സില്‍ കയറ്റില്ലെന്ന നിലപാടില്‍ മാനേജ്‌മെന്‍റ് ഉറച്ചുനിന്നു. ഇന്ന് രാവിലെ അർഷാദ് കോളജിലെത്തുകയും ക്ലാസിൽ കയറുകയും ചെയ്തു. എന്നാൽ അർഷാദ് ക്ലാസ്സിലിരുന്നാല്‍ പഠിപ്പിക്കില്ലെന്ന് അധ്യാപകര്‍ പറഞ്ഞതായാണ് വിവരം. ഇതേത്തുടര്‍ന്നാണ് വിദ്യാർഥി ക്ലാസില്‍ വെച്ച് എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.

അതേസമയം, അര്‍ഷാദിനെ ആശുപത്രിയിലെത്തിക്കാന്‍ പോലും കോളേജ് അധികൃതര്‍ തയ്യാറായില്ലെന്ന് സഹപാഠികൾ ആരോപിച്ചു. ഇടവേള സമയത്ത് കുട്ടികള്‍ തന്നെയാണ് അര്‍ഷാദിനെ വള്ളുവനാടുള്ള ആശുപത്രിയില്‍ എത്തിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം