മാവോയിസ്റുകളെ നേരിടാന്‍ സംസ്ഥാന പോലീസ് സജ്ജമെന്ന് ആഭ്യന്തരമന്ത്രി

chennithalaതിരുവനന്തപുരം: മാവോയിസ്റുകളെ നേരിടാന്‍ സംസ്ഥാന പോലീസ് സജ്ജമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാവോയിസ്റ് വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമായി തമിഴ്നാട്, കര്‍ണാടക ആഭ്യന്തരമന്ത്രിമാരുമായി ഉടന്‍ ചര്‍ച്ച നടത്തും. മാവോയിസ്റ്റുകളെ നേരിടാന്‍ ആവശ്യമായ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ തണ്ടര്‍ബോള്‍ട്ടിനെ തെരച്ചിലിനായി നിയോഗിച്ചിട്ടുണ്ടെന്നും ഒരു തരത്തിലുമുള്ള ആശങ്ക വേണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ഞായറാഴ്ച വൈകിട്ട് വയനാട് ജില്ലയിലെ തൊണ്ടര്‍നാട് പഞ്ചായത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനയും മാവോയിസ്റ്റുകളും ഏറ്റുമുട്ടി. കുഞ്ഞോം ചപ്പയില്‍ കോളനിക്കടുത്ത വനത്തില്‍ തെരച്ചില്‍ നടത്തുകയായിരുന്ന സേനയ്ക്കുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പത്തുതവണ തിരിച്ച് വെടിവച്ചു. എന്നാല്‍ മാവോയിസ്റ്റുകള്‍ മൂന്ന്റൗണ്ട് വെടിയുതിര്‍ത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

സംസ്ഥാനത്ത് ആദ്യമായാണ് മാവോയിസ്റ്റുകളും പൊലീസും നേരിട്ട് ഏറ്റുമുട്ടുന്നത്. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം സജീവമായതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് രണ്ടുദിവസമായി തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ ശക്തമാക്കിയിരുന്നു. ചപ്പയില്‍ കോളനിയിലും മാവോയിസ്റ്റുകള്‍ എത്തിയതായാണ് വിവരം. പൊലീസ് കോളനി വളഞ്ഞിട്ടുണ്ട്. നാലു വീടുകള്‍ മാത്രമുള്ള കുറിച്യ കോളനിയില്‍ നേരത്തേയും മാവോയിസ്റ്റുകള്‍ എത്തിയതായി സൂചനയുള്ളതിനാല്‍ കടുത്ത നിരീക്ഷണത്തിലായിരുന്നു. വിലങ്ങാട് മലയില്‍ നിന്നും വനത്തിലൂടെ ഈ പ്രദേശത്തേക്ക് മാവോയിസ്റ്റുകള്‍ എത്തുന്ന വഴി മനസ്സിലാക്കിയാണ് തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ ഊര്‍ജിതമാക്കിയത്.

പതിനഞ്ചോളം വരുന്ന മാവോയിസ്റ്റുകളാണ് ആക്രമണം നടത്തിയത്.  കോളനിയില്‍നിന്ന് അര കിലോമീറ്ററോളം മാറി വനത്തിനുള്ളിലെ വലിയ പാറക്കെട്ടിന് മുകള്‍ഭാഗത്ത് തണ്ടര്‍ബോള്‍ട്ട് എത്തിയപ്പോഴാണ് താഴെഭാഗത്തുനിന്ന് വെടിവെച്ചത്. സ്ത്രീകളും സംഘത്തിലുള്ളതായാണ് വിവരം. സംഭവത്തെ തുടര്‍ന്ന് വനപ്രദേശം തണ്ടര്‍ബോള്‍ട്ടും പൊലീസും വളഞ്ഞു. മാവോയിസ്റ്റ് സംഘത്തിന് വനത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് കരുതുന്നത്.

വിലങ്ങാട്നിന്നുള്ള തണ്ടര്‍ബോള്‍ട്ട് സേനയെ വയനാട്ടിലെക്കും വ്യാപിപ്പിച്ചിട്ടുണ്ട്.  കൂടുതല്‍ സേന രാത്രിയോടെ എത്തി. തിങ്കളാഴ്ച കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.  വയനാട് എസ് പി പുട്ടവിമലാദിത്യ, മാനന്തവാടി ഡിവൈഎസ്പി ജീവാനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് വയനാട് ഭാഗത്തെ വനാതിര്‍ത്തിയില്‍ പൊലീസ് നിരീക്ഷണം. കണ്ണൂര്‍ റേഞ്ച് ഐ ജിയുടെ പ്രത്യേക നിര്‍ദേശപ്രകാരം സായുധ പൊലീസും വനാതിര്‍ത്തികളിലേക്ക് എത്തിയിട്ടുണ്ട്. ആയുധധാരികളായ മാവോയിസ്റ്റ് സേനയുടെ സാന്നിധ്യം കേരള-തമിഴ്നാട് അതിര്‍ത്തി മേഖലകളിലുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചത്. നവംബര്‍ 18ന് തിരുനെല്ലിയിലെ റിസോര്‍ട്ട് മാവോയിസ്റ്റുകള്‍ തകര്‍ത്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ വയനാട്ടിലടക്കം അതിര്‍ത്തി മേഖലയില്‍ പൊലീസിന്റെ കമാന്‍ഡോ വിഭാഗമായ തണ്ടര്‍ ബോള്‍ട്ട് ശക്തമായ നിരീക്ഷണം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് വെള്ളമുണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനാതിര്‍ത്തിയില്‍ സേന തെരച്ചില്‍ നടത്തിയത്. ഇതിനിടെയാണ് ഞായറാഴ്ച വൈകിട്ട് ഏറ്റുമുട്ടലുണ്ടായത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ളത് വെള്ളമുണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഏപ്രില്‍ 25ന് നിരവില്‍പുഴ മട്ടിലയത്ത് മാവോയിസ്റ്റ് സംഘം വീട്ടില്‍കയറി പൊലീസുകാരനെയും അമ്മയേയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി.

മാനന്തവാടി ട്രാഫിക് യൂണിറ്റിലെ പൊലീസുകാരന്‍ എ ബി പ്രമോദിനെയാണ് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിക്കാനും ശ്രമിച്ചു. ചപ്പയില്‍ കോളനിക്ക് സമീപം വരെയെത്തുന്ന റിസര്‍വ് വനത്തിന്റെ ഒരതിര്‍ത്തി കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെട്ട പക്രന്തളം ചുരവും വേറൊരു ഭാഗം പേര്യ ചന്ദനത്തോടും മറ്റൊരു അതിര്‍ത്തി കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെട്ട നെടുമ്പൊയില്‍ വനവുമാണ്. കുന്നും മലകളും നിറഞ്ഞതാണ് ഈ വനപ്രദേശം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം