ചരിത്രത്തിലേക്ക് ഒരു കിക്കോഫ്; ഇന്ത്യന്‍മണ്ണില്‍ ആദ്യ ലോകകപ്പിന് നാളെ പന്തുരുളും

കൊച്ചി : നാളെ ന്യൂഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അമേരിക്കയോട് ആദ്യ മത്സരത്തിനിറങ്ങും ഇന്ത്യ. രാജ്യത്തെ കാല്‍പ്പന്തുകളിയുടെ ഭാവിയിലേക്കാണ് കിക്കോഫ്.ആദ്യമായി ഇന്ത്യന്‍മണ്ണില്‍ ലോകകപ്പെത്തുന്നു. അരങ്ങേറ്റത്തിനുള്ള അവസരവും.

നെയ്മര്‍, റൊണാള്‍ഡിന്യോ, കസിയസ്, ബുഫണ്‍, ഫാബ്രിഗസ്, ടോണി ക്രൂസ്…, ലോകഫുട്ബോളിന്റെ കൊച്ചുപതിപ്പില്‍ പന്തുതട്ടി കളിയുടെ ഉന്നതങ്ങളില്‍ പേരെഴുതിച്ചേര്‍ത്തവര്‍… അവരുടെ ഉദയത്തിന്് വേദിയൊരുക്കിയ ആ ലോകപോരാട്ടത്തിന്റെ പുതിയ പതിപ്പിന് ആദ്യ വിസില്‍ ഉയരാന്‍ ഇനി 24 മണിക്കൂര്‍ മാത്രം. പുതിയ താരോദയങ്ങള്‍ക്ക് കളമൊരുക്കുന്നതിനൊപ്പം പന്തുരുളുന്നത് ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തിലേക്കും.

130 കോടി ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് നിറംപകരുന്നതിനുള്ള കാത്തിരിപ്പാണ് ഇനി.കാല്‍പ്പന്തുകളിക്ക് മുമ്പെങ്ങുമില്ലാത്തത്രയും സ്വീകാര്യത വളരുന്ന ഘട്ടത്തിലാണ് ഇന്ത്യയിലേക്ക് ലോകകപ്പിന്റെ വരവ്. സീനിയര്‍തലത്തില്‍ ഇന്ത്യന്‍ടീമിന്റെ പ്രകടനം റാങ്കിങ്ങില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുന്നു. രണ്ടരവര്‍ഷംമുമ്പ് 173-ാം പടിയിലായിരുന്ന ടീം 2017 ആഗസ്തില്‍ 97-ാം പടിയിലെത്തി.

ദേശീയ ലീഗില്‍ ഐസ്വാള്‍ എഫ്സിയുടെ കിരീടനേട്ടം ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റി. ഐഎസ്എല്‍ എഎഫ്സിയുടെ അംഗീകാരം നേടി. ഐ ലീഗിലും കൊല്‍ക്കത്ത ലീഗിലും മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടുമ്പോള്‍ മാത്രം നിറഞ്ഞിരുന്ന സ്റ്റേഡിയങ്ങളിലേക്ക് കാണികള്‍ ഇരച്ചുകയറി. ലോകം ഇന്ത്യയിലേക്ക് കണ്‍തുറന്നുവയ്ക്കാന്‍തുടങ്ങി. വമ്പന്‍ പേരുകാര്‍ക്കൊപ്പം നമ്മുടെ കുട്ടികള്‍ പന്തുതട്ടുന്നത് ഇനി ലോകംമുഴുവന്‍ കാണും.

ലോകകപ്പിന്റെ കുട്ടിപ്പതിപ്പിന് വേദിയാകുന്ന അഞ്ചാമത്തെ ഏഷ്യന്‍രാജ്യമാണ് ഇന്ത്യ. പ്രഥമ ലോകകപ്പില്‍ ചൈനയും പിന്നീട് ജപ്പാനും കൊറിയയും യുഎഇയും ഇതിനുമുമ്പ് വേദിയായി. മുന്‍ ഫിഫാ പ്രസിഡന്റ് സെപ് ബ്ളാറ്ററാണ് കാല്‍പ്പന്തുകളിയുടെ ഭാവി ഇന്ത്യയിലാണെന്ന് തിരിച്ചറിഞ്ഞത്. ബ്ളാറ്ററുടെ ശ്രമപ്രകാരം 2008ല്‍ ബയേണ്‍ മ്യൂണിക്ക് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങി. 2012ല്‍ ഒരിക്കല്‍ക്കൂടി. പിന്നെ ലയണല്‍ മെസിയുടെ അര്‍ജന്റീനയും കൊല്‍ക്കത്തയില്‍ പന്തുതട്ടി. 28ന് ലോകകപ്പ് ഫൈനലിന് വേദിയാകുന്നതും ഏഷ്യയിലെ വമ്പന്‍ സ്റ്റേഡിയങ്ങളിലൊന്നായ സാള്‍ട്ട് ലേക്ക്തന്നെ.

അണ്ടര്‍ 20 ലോകചാമ്പ്യന്‍മാരായ ഇംഗ്ളണ്ട്, ജര്‍മനി, ആഫ്രിക്കന്‍ കരുത്തരും നിലവിലെ രണ്ടാംസ്ഥാനക്കാരുമായ മാലി, ഘാന, ഏഷ്യയില്‍നിന്ന് ജപ്പാന്‍, ഓഷ്യാനിയയില്‍നിന്ന് ന്യൂസിലന്‍ഡ് ലാറ്റിനമേരിക്കയില്‍നിന്ന് ചിലി എന്നീ സംഘങ്ങളാണ് ഇന്ത്യന്‍ പതിപ്പിലെ കരുത്തര്‍. മുന്‍ ലോകഫുട്ബോളര്‍ ജോര്‍ജ് വിയയുടെ മകന്‍ തിമോത്തി വിയയുടെ ചിറകിലേറിയെത്തുന്ന അമേരിക്കയും ഒത്തവര്‍തന്നെ.

ഗ്രൂപ്പ് എയില്‍ ഇന്ത്യക്ക് അമേരിക്കയും ഘാനയും കൊളംബിയയുമാണ് എതിരാളികള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം