ദിലീപ് പ്രതിയാണെന്ന് തറപ്പിച്ച് പറഞ്ഞ് പത്മപ്രിയ; കുറ്റാരോപിതന്‍ മാത്രമാണെന്ന് മുകേഷ്; രഹസ്യവോട്ടെടുപ്പ് നടത്താന്‍ തീരുമാനം

ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ പ്രത്യേക ജനറല്‍ബോഡി വിളിച്ച് രഹസ്യവോട്ടെടുപ്പ് നടത്തും. വനിതാ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനം.

ചൊവ്വാഴ്ച രേവതി, പത്മപ്രിയ, പാര്‍വതി തിരുവോത്ത് എന്നിവരുമായി ‘അമ്മ’ നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പുറത്താക്കിയെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇതിനുള്ള തീരുമാനം മരവിപ്പിച്ചുവെന്ന് കഴിഞ്ഞ വാര്‍ഷിക ജനറല്‍ബോഡിയുടെ റിപ്പോര്‍ട്ടിലും പറയുന്നു.

ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്നായിരുന്നു മുകേഷിന്റെ വാദം. ഇതിനെ പത്മപ്രിയ അതിശക്തമായി എതിര്‍ത്തു. ദിലീപ് പ്രതിയാണെന്ന് അവര്‍ തറപ്പിച്ചുപറഞ്ഞു. കേസില്‍ ജയിലില്‍ കിടന്നയാളുമാണ്. നിയമവിദഗ്ധരുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളും ഇക്കാര്യത്തിലെ നിയമവശങ്ങളും പത്മപ്രിയ ഒന്നിനുപിറകേ ഒന്നായി അവതരിപ്പിച്ചു.

തുടര്‍ന്നാണ് വോട്ടെടുപ്പ് എന്ന നിര്‍ദേശമുയര്‍ന്നത്. അടുത്ത ജനറല്‍ബോഡിയില്‍ പരസ്യവോട്ടെടുപ്പ് ആകാമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. പക്ഷേ, ജോയ് മാത്യു ഇതിനെ എതിര്‍ത്തു. പരസ്യവോട്ടെടുപ്പ് സത്യസന്ധമാകില്ലെന്നും പലതരത്തിലുള്ള ഭീഷണികള്‍ക്ക് സാധ്യതയുണ്ടെന്നും അംഗങ്ങള്‍ വോട്ട് ചെയ്യാന്‍ മടിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒടുവില്‍ മോഹന്‍ലാല്‍ രഹസ്യവോട്ടെടുപ്പ് എന്ന നിര്‍ദേശം വെച്ചു.

എക്‌സിക്യുട്ടീവ് കമ്മിറ്റിയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കേണ്ടെന്ന നിലപാടിലായിരുന്നു ഒരു വിഭാഗം. ജോയന്റ് സെക്രട്ടറി സിദ്ദിഖും വൈസ് പ്രസിഡന്റ് മുകേഷുമാണ് ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചത്. പക്ഷേ, മോഹന്‍ലാല്‍ ഇതിനെ അനുകൂലിച്ചില്ല. ‘നമുക്ക് മാധ്യമങ്ങളില്‍നിന്ന് ഒളിക്കാന്‍ ഒന്നുമില്ലല്ലോ’ എന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. അതിനു മുന്‍വര്‍ഷത്തെ ജനറല്‍ബോഡിക്ക് ശേഷമുള്ള വാര്‍ത്താസമ്മേളനം ഏറെ വിവാദമാകുകയും ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം