തമിഴ് സിനിമകളുടെ സ്വന്തം കേരളം….

ഷഫീക്ക് മട്ടന്നൂര്‍

അയലത്തെ സിനിമകളോട് കേരളത്തിന് ഇന്ന് അടങ്ങാത്ത അഭിനിവേശമാണ്. കേരളത്തില്‍ ഇത് തമിഴ് സിനിമകളുടെ കാലമാണ്. തുടര്‍ച്ചയായി ഇറങ്ങുന്ന മികച്ച തമിഴ് സിനിമകള്‍ മലയാള സിനിമയെ പാടെ ഉപേക്ഷിക്കാനും തമിഴ് സിനിമയെ സ്വീകരിക്കാനും പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു എന്ന കാര്യം പറയാതെ വയ്യ. കഴിഞ്ഞ കുറച്ച് കാലങ്ങളായി അന്യഭാഷ സിനിമാ വ്യവസായങ്ങള്‍ പല സിനിമകളും കേരളത്തില്‍ റിലീസ് ചെയ്യുന്നതിന് പ്രത്യേക താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്. എല്ലാ സൗത്തിന്ത്യന്‍ സിനിമാ മേഖലയായാ കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമകള്‍ക്ക് ഇന്ന് കേരളത്തില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. ഇതില്‍ പല സിനിമകളും സൂപ്പര്‍ ഹിറ്റുകളാകുന്നു എന്നതാണ് മറ്റൊരു വസ്തുത. എന്നാല്‍ മലയാളത്തില്‍ നല്ല സിനിമകള്‍ ഇറങ്ങുന്ന അതേ സമയം തന്നെ തമിഴ് സിനിമകള്‍ക്ക് പ്രേക്ഷകര്‍ കൂടുന്നത് മലയാള സിനിമയെ കാര്യമായ രീതിയില്‍ ബാധിക്കും.

മലയാള സിനിമ എന്നും വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ കടന്നു പോകുന്ന സിനിമകളാണ്. പലപ്പോഴും ലോക സിനിമാ ഗണത്തില്‍ വരെ മത്സരിക്കാന്‍ തക്കത്തിലുള്ള സിനിമകള്‍. ടേക്ക് ഓഫ് ഇതിനൊരു ഉദാഹരണമാണ്. എന്നാല്‍ അടുത്തിടെ മലയാളത്തില്‍ നല്ല പ്രമേയങ്ങള്‍ കടന്നു വരുന്നില്ല എന്ന കാര്യം വളരെ ഗൗരവതരമാണ്. സിനിമകളുടെ ആഖ്യാന ശൈലിയും സദാ ക്ലീഷേ ആകുമ്പോഴാണ് മലയാളി പ്രേക്ഷകര്‍ തമിഴ് സിനിമകളെ ആശ്രയിക്കുന്നത്. എന്നാല്‍ മികച്ച കഥാപശ്ചാത്തലവും അഭിനയവും എല്ലാം ഉണ്ടായിട്ടും ചില സിനിമകളെ പ്രേകഷകര്‍ അമ്പേ കൈവിടാറുണ്ട്. അഞ്ജലി മേനോന്‍ സംവിധാനത്തില്‍ ഇറങ്ങിയ കൂടെ എന്ന ചിത്രം വ്യത്യസ്തമായ കാഴ്ചാനുഭവാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. മനുഷ്യ മനസുകളിലെ വ്യത്യസ്ത വികാരങ്ങളെ കലര്‍പ്പില്ലാതെ സമന്വയിപ്പിച്ച സിനിമ. എന്നാല്‍ പ്രതീക്ഷിച്ച അത്ര സ്വീകരണം സിനിമയ്ക്ക് ലഭിച്ചിട്ടില്ല. രാഷ്ട്രീയവും പ്രണയവും ഇടകലര്‍ത്തിയ ഈട എന്ന സിനിമ മികച്ച സിനിമയായിട്ടും ഇറങ്ങിയത് പോലും പലരും അറിഞ്ഞിട്ടില്ല.

കഴിഞ്ഞ രണ്ട് മാസമായി തമിഴ് സിനിമകളുടെ കാലമാണ്. മികച്ച സിനിമകളാണ് അടുത്തിടെ റിലീസ് ചെയ്ത ഒട്ടു മിക്ക സിനിമകളും. ക്രെംം ത്രില്ലര്‍, പ്രണയം, തുടങ്ങി വിവിധ കാറ്റഗറികളിലുള്ള സിനിമകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നയന്‍താരയെ പ്രധാന കഥാപാത്രമാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത കോലമാവ് കോകില കേരളത്തില്‍ അത്യാവശ്യം കലക്ഷന്‍ നേടിയ സിനിമയാണ്. മികച്ച എന്റര്‍ടെയ്‌നര്‍ പ്രതീക്ഷിച്ച് പോകുന്ന പ്രേക്ഷകനെ സിനിമ നിരാശപ്പെടുത്തില്ല എന്നതാണ് ഇതിനുള്ള കാരണം. കോമഡിയും ട്രാജഡിയുമെല്ലാം കലര്‍ന്ന ക്ലാസ് സിനിമ. അതിന് പുറകേയായിരുന്നു മണി രത്‌നം സംവിധാനം ചെയ്ത മള്‍ട്ടി സ്റ്റാര്‍ ചിത്രമായ ചെക്ക ചിവന്ത വാനം റിലീസ് ചെയ്തത്. ഇന്നും കേരളത്തിലെ പല തീയേറ്ററുകളിലും സിനിമ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിമ്പു, അരുണ്‍ വിജയ്, ജ്യോതിക തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

നയന്‍താര, അഥര്‍വ, അനുരാഗ് കശ്യപ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആര്‍. അജയ് ഗണമുത്തു സംവധാനം ചെയ്ത ഇമൈക്ക നൊടികള്‍ കേരളത്തില്‍ വന്‍ തരംഗം സൃഷ്ടിച്ചിരുന്നു. നല്ല അസ്സല്‍ ക്രൈം ത്രില്ലര്‍ ആയ ചിത്രം യുവ പ്രേക്ഷകരെ ഒന്നടങ്കം ആകര്‍ഷിച്ച ചിത്രമായിരുന്നു. ശേഷം പുറത്തിറങ്ങിയ രാക്ഷസന്‍ അമലാ പോളിന്റെ തമിഴ് ചിത്രമെന്ന ഖ്യാതിയില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്. ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഈ ചിത്രത്തില്‍ വിഷ്ണു വിശാലാണ് നായകന്‍. ഒരേ സമയം സസ്‌പെന്‍സും ഫീലിങ്‌സും കോര്‍ത്തിണക്കിയ ചിത്രവും മികച്ച അഭിപ്രായം നേടി മുന്നേറുന്നുണ്ട്.

കേരളം ഇപ്പോള്‍ പ്രണയ നൈരാശ്യത്തില്‍ കുതിര്‍ന്നിരിക്കുകയാണ്. സി പ്രേംകുമാര്‍ സംവിധാനം ചെയ്ത 96 എന്ന ചിത്രമാണ് ഇപ്പോള്‍ തരംഗമായി കേരളത്തിലെ തീയേറ്ററുകളില്‍ നിറഞ്ഞോടുന്നത്. ഓരോ സിനിമാ പ്രേമിയുടെയും നാവിലുളളത് ജാനുവും റാമുമാണ്. അവരുടെ പഴയ പ്രണയകാലം തമിഴ് നാട്ടില്‍ മാത്രമല്ല കേരളത്തിലും വലിയ തരംഗമാണ് സൃഷ്ടിച്ചിട്ടുള്ളത്. വിജയ് സേതുപതിയും തൃഷയും മത്സരിച്ചഭിനയിച്ച സിനിമ ഓരോ മലയാളിയുടെയും മനസ് നിറച്ചിരിക്കുകയാണ്. പഠനകാലത്തെ പ്രണയത്തിന്റെ നൊസ്റ്റാള്‍ജിയ കാത്തു സൂക്ഷിക്കുന്ന, അല്ലെങ്കില്‍ പോയ കാലത്തെ സ്‌നേഹിക്കുന്ന ഓരോരുത്തര്‍ക്കും ഈ സിനിമ വേറൊരു അനുഭവമാണ് സമ്മാനിക്കുന്നത്. പ്രണയവും വിരഹവും കലര്‍ന്ന സംഗീത സാന്ദ്രമായ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്‍ മനസില്‍ കൂടെ കാത്തു സൂക്ഷിക്കും. വലിയൊരു വരവേല്‍പാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. സിനിമയിലെ ‘കാതലാ’ എന്ന ഗാനത്തിനും മികച്ച പ്രതികരണമാണ് എങ്ങും ലഭിക്കുന്നത്.

ഒരു പക്ഷം വാരണം ആയിരം എന്ന ചിത്രത്തിന് ശേഷം കേരളക്കര നെഞ്ചോട് ചേര്‍ത്ത മറ്റൊരു തമിഴ് പ്രണയചിത്രമെന്ന പ്രത്യേകത ഇനി 96 എന്ന സിനിമയ്ക്കുണ്ട്. മലയാള സിനിമയില്‍ തീവണ്ടി കഴിഞ്ഞ് പുറത്തിറങ്ങിയ. സിനിമകള്‍ക്കൊന്നും വലിയ വിജയം നേടാന്‍ സാധിച്ചിട്ടില്ല. വരത്തന്‍, ലില്ലി തുടങ്ങിയ മികച്ച ചിത്രങ്ങള്‍ ഇറങ്ങിയിട്ടും 96 പോലൊരു പടത്തിന് കിട്ടുന്ന പബ്ലിസിറ്റി കി്ട്ടുന്നില്ല എന്നത് സങ്കടകരമാണ്. ഏത് ഭാഷയിലായാലും നല്ല സിനിമയാണെങ്കില്‍ സ്വീകരിക്കപ്പെടണം. 96 പോലൊരു സിനിമ തരംഗമാകുന്ന മുറയ്ക്ക് തന്നെ മലയാളത്തിലെ സിനിമകളും സ്വീകരിക്കപ്പെടേണ്ടതുണ്ട്. ദീപാവലി ദിനങ്ങളില്‍ അന്യഭാഷ ചിത്രങ്ങള്‍ പണം വാരിപ്പോകുന്നത പോലെ വര്‍ഷം മുഴുവന്‍ സംഭവിച്ചാല്‍ മലയാള സിനിമ വ്യാവസായത്തിന്റെ വളര്‍ച്ചയെ സാരമായി ബാധിക്കും. ഇന്നലെ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണി സാമാന്യം നല്ല റിപ്പോര്‍ട്ടോടു കൂടി മുന്നേറുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം