കൊച്ചി: (truevisionnews.com) സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്നതിൽ ഇന്ത്യൻ വിദ്യാഭ്യാസരംഗം വളരെ പിന്നിലാണെന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ മുൻ മേധാവിയും മുൻ ഇന്ത്യൻ നയതന്ത്രജ്ഞനുമായ ടി പി ശ്രീനിവാസൻ.

കൊച്ചി ജെയിൻ സർവ്വകലാശാല സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആഗോള വിദ്യാഭ്യാസ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ പങ്ക്' എന്ന വിഷയത്തിൽ നടനും എഴുത്തുകാരനും മോട്ടിവേഷൻ സ്പീക്കറുമായ ക്രിസ് വേണുഗോപാലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇന്ത്യ നേരിടുന്ന സുപ്രധാന വെല്ലുവിളികളെക്കുറിച്ചും വിദ്യാർത്ഥികളുടെ വിദേശ കുടിയേറ്റങ്ങളെക്കുറിച്ചും ശ്രീനിവാസൻ സംസാരിച്ചു.
മെച്ചപ്പെട്ട അവസരങ്ങൾ തേടി ഇന്ത്യ വിടുന്ന വിദ്യാർത്ഥികളുടെ ഭയാനകമായ പ്രവണത ഇന്നുണ്ട്. മികച്ച
'തലച്ചോറുകൾ' രാജ്യം വിടുകയാണെന്ന് പരക്കെ പറയുന്നുണ്ട്. എന്നാൽ അങ്ങനെയൊരു പ്രതിഭാസം ഇല്ല. ഇവിടെ ആവശ്യത്തിന് തലച്ചോറുകളുണ്ട്.
വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നിക്ഷേപം നടത്തണം. ജിഡിപിയുടെ 9 ശതമാനം വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപിക്കണമെന്ന് ഐക്യരാഷ്ട്രസഭ 'നയൺ ഈസ് മൈൻ' എന്ന പരിപാടി ശുപാർശ ചെയ്യുന്നുണ്ട്.
"നമ്മുടെ വിദ്യാഭ്യാസം ഉപജീവനത്തിന് പര്യാപ്തമല്ലെന്ന് പലരും വിശ്വസിക്കുന്നു." ഇന്ത്യൻ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആഗോള കാഴ്ചപ്പാട് ടി പി ശ്രീനിവാസൻ പങ്കുവെച്ചു.
ഓക്‌സ്‌ഫോർഡ് പോലുള്ള പാശ്ചാത്യ സ്ഥാപനങ്ങൾക്ക് ബഹുമാനം ലഭിക്കുന്നുണ്ട്. അതേസമയം തക്ഷശില പോലുള്ള തദ്ദേശീയ മാതൃകകൾ വലിയതോതിൽ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ഭൗമരാഷ്ട്രീയ കാലാവസ്ഥയെയും ചർച്ചയിൽ ഇടം നേടി. "ഏറ്റവും കൂടുതൽ സൈനികവൽക്കരിക്കപ്പെട്ടതും കലുഷിതവുമായ വർഷത്തിന് 2024 സാക്ഷിയായി. ലോകമെമ്പാടും 59 സംഘർഷങ്ങൾ സ്റ്റോക്ക്ഹോം ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്തു. ലോകം തലകീഴ് മറിഞ്ഞു. 2025, കൂടുതൽ അനിശ്ചിതത്വത്തിലാണ്."
"ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സാങ്കേതികവിദ്യ സംയോജനം മന്ദഗതിയിലാണ്. സാങ്കേതികവിദ്യ പ്രധാനപ്പെട്ടതാണെന്ന് 15 വർഷം മുന്നേ ഞങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ അത്തരം ആശയങ്ങൾ നമ്മൾ സ്വീകരിച്ചില്ല.
കൊവിഡ് പരന്നപ്പോൾ ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കേണ്ടിവന്നു. നമ്മൾ പിന്നിലാണ്. സാങ്കേതികവിദ്യയെ നമുക്ക് അവഗണിക്കാനാകില്ല." ആഗോള തലത്തിലുള്ള ട്രെൻഡുകൾ മനസിലാക്കി സാങ്കേതികവിദ്യയുമായി നാം കൂടുതൽ പൊരുത്തപ്പെടേണ്ടതുണ്ടെന്ന് ടി പി ശ്രീനിവാസൻ വ്യക്തമാക്കി
#Indias #education #system #enough #livelihood #TPSrinivasan
