( www.truevisionnews.com) കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായിട്ട് നാളെ ഒരു വർഷം. 2024 ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. ഒരു മണിയോട് കൂടി വലിയ ഉരുള്‍പൊട്ടലായി മാറുകയായിരുന്നു.
വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ചവരെ സംസ്കരിച്ച ശ്മശാനഭൂമി ഇനിമുതൽ 'ജൂലൈ 30 ഹൃദയഭൂമി' എന്നറിയപ്പെടും. മേപ്പാടി ഗ്രാമ പഞ്ചായത്തിന്റേതാണ് തീരുമാനം. പഞ്ചായത്ത് അംഗമായ അജ്മൽ സാജിദ് ആണ് ഈ പേര് നിർദ്ദേശിച്ചത്. പേര് നിർദേശിക്കുന്നത് സംബന്ധിച്ച തീരുമാനം പഞ്ചായത്തിൽ നടന്ന സർവ്വകക്ഷിയോഗം എടുത്തിരുന്നു.
.gif)

ജൂലൈ 30 ന് പുലർച്ചെ ഒരുമണിക്ക് ഭയാനകമായൊരു ശബ്ദമാണ് പ്രദേശത്തെ നാട്ടുകാർ ആദ്യം കേട്ടത്. നിമിഷങ്ങൾക്കകം മൂന്ന് കിലോമീറ്റർ വനമേഖലയത്രയും കടന്നെത്തിയ ഉരുൾ ആദ്യം തുടച്ചെറിഞ്ഞ ജനവാസ മേഖല പുഞ്ചിരിമട്ടമാണ്. മലവെള്ളവും, മരങ്ങളും പാറക്കെട്ടുകളും കുതിച്ചൊഴുകിയെത്തിയപ്പോൾ ഒരു നാട് അപ്പാടെ ഇല്ലാതായി, പുഞ്ചിരിമട്ടം സങ്കടനിരപ്പായി. നിമിഷങ്ങൾക്കകം ഉരുൾ മുണ്ടക്കൈയിലെത്തി, ആർത്തലച്ചിലുകളായിരുന്നു ചുറ്റും. പുലർച്ചെ നാലേ പത്തോടെ മുണ്ടക്കൈയുടെ ഉള്ളം പിളർത്ത് രണ്ടാമതും ഉരുൾപൊട്ടി. പുന്നപ്പുഴ രണ്ടായി ഉരുണ്ടിറങ്ങി. മുണ്ടക്കൈയെയാകെ തുടച്ചെടുത്ത് ഉരുൾ ചൂരൽമലയിലെത്തി.
രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യമാണ് ദുരന്തഭൂമിയില്‍ നടന്നത്. 298 പേര്‍ ദുരന്തത്തില്‍ മരിച്ചുവെന്നതാണ് കണക്ക്. ഇതില്‍ 32 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചാലിയാർ, നിലമ്പൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നായി 223 ശരീര ഭാഗങ്ങൾ കണ്ടെത്തി. മരിച്ചവരിൽ 99 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ദുരന്തബാധിതർക്കായുള്ള സർക്കാർ നിർമ്മിച്ച് നൽകുന്ന ടൗൺഷിപ്പിലെ മാതൃകാ വീട് നിർമ്മാണം അവസാനഘട്ടത്തിലാണ്.
കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലാണ് ടൗൺഷിപ്പ് നിർമ്മാണം പുരോഗമിക്കുന്നത്. 410 വീടുകളാണ് നിർമ്മിക്കേണ്ടത്. 5 സോണുകളിലായി നിർമ്മിക്കുന്ന വീടുകൾ. ആദ്യ സോണിൽ ഉൾപ്പെട്ട 140 വീടുകൾക്കുള്ള സ്ഥലമൊരുക്കൽ പ്രവൃത്തി പൂർത്തിയായി. 41 വീടുകൾക്കുള്ള സിമൻറ് കോൺക്രീറ്റ് 9 വീടുകൾക്കുള്ള അടിത്തറ നിർമ്മാണം എന്നിവ കഴിഞ്ഞു. 410 വീടുകളാണ് നിർമ്മിക്കുന്നത്. മാതൃക വീടിൻറെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായി.
എൽസ്റ്റൺ എസ്റ്റേറ്റിൽ കെഎസ്ഇബി നിർമിക്കുന്ന 110 കെവി സബ്സ്റ്റേഷന്റെ ടെൻഡർ നടപടികളും ആരംഭിച്ചു. നിർമ്മാണ പ്രവർത്തികൾ ഇനിയും നീണ്ടുപോകരുത് എന്നാണ് ദുരന്തബാധിതർക്ക് പറയാനുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. ഡിസംബറോടെ പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നതും.
Puthumala crematorium land will now be 'July 30 Hrudayabhoomi'
