Jul 29, 2025 05:59 AM

കോഴിക്കോട്: ( www.truevisionnews.com) യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും ഇക്കാര്യത്തിൽ യെമനിൽ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നും യെമനിലെ സൂഫി പണ്ഡിതന്‍റെ ശിഷ്യനായ ജവാദ് മുസ്തഫാവി വ്യക്തമാക്കി. അതേസമയം, വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ കിട്ടിയ ശേഷം പ്രതികരിക്കാം എന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത തെറ്റാണെന്ന് യമനിലെ സാമൂഹ്യ പ്രവര്‍ത്തകൻ സാമുവൽ ജെറോം വ്യക്തമാക്കി.

വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായെന്ന വിവരമാണ് കാന്തപുരത്തിന്‍റെ ഓഫീസ് ഇന്നലെ രാത്രി പങ്കുവെച്ചത്. യെമൻ പണ്ഡിത സംഘത്തിന് പുറമെ ഉത്തര യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും മധ്യസ്ഥ ചർച്ചകളിൽ പങ്കെടുത്തെന്നാണ് വിവരം. എന്നാൽ, ദയധനത്തിന്‍റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

എന്നാൽ, വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്നും ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന് കാന്തപുരം വ്യക്തമാക്കണമെന്നും കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്‍റെ സഹോദരൻ ആവശ്യപ്പെട്ടു.  ഇതിനിടെ, നിമിഷപ്രിയയുടെ മോചനത്തിനായി നിമിഷപ്രിയയുടെ ഭർത്താവും മകൾ മിഷേലും യെമനിലെത്തിയതായി പിടിഐ റിപ്പോർട്ട് ചെയ്തു.

യെമനിൽ നിന്ന് ഇവർക്കൊപ്പം ഡോ. കെ.എ പോൾ എന്ന ഇവാഞ്ചലിസ്റ്റ് നേതാവ് വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും ഉടനെ മോചിതയാകുമെന്നും പ്രഖ്യാപിച്ചയാളാണ് ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകൻ കെ.എ പോൾ. ഇതിനുപിന്നാലെയാണ് അപ്രതീക്ഷിത നീക്കമെന്ന നിലയിൽ നിമിഷപ്രിയയുടെ ഭർത്താവിനും മകൾ മിഷേലിനും ഒപ്പമുള്ള വീഡിയോ.

അബ്ദുൽ മലിക് ഹൂത്തി എന്ന ഹൂത്തി നേതാവിനോടുള്ള അപേക്ഷയാണ് വീഡിയോയിൽ. ആഗോള സമാധാന സമ്മേളനത്തിന് ക്ഷണിച്ചാണ് തുടക്കം. നിമിഷയെ വെറുതെവിട്ടതിൽ യെമൻ നേതാക്കൾക്കും ഭരണകൂടത്തിനും വീഡിയോയിൽ നന്ദി പറയന്നുമുണ്ട്. നിമിഷയെ ദിവസങ്ങൾക്കകം മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എല്ലാത്തിനും നന്ദിയുണ്ടെന്നും നിമിഷപ്രിയ ഇന്ത്യയുടെ മകളാണെന്നുമാണ് വീഡിയോയിൽ പറയുന്നത്.

Agreement to cancel death sentence of Malayali nurse Nimisha Priya, who is in prison in Yemen

Next TV

Top Stories










//Truevisionall