നടി ശില്‍പ്പയുടെ ദുരൂഹമരണം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

silpaതിരുവനന്തപുരം: സീരിയല്‍ നടിയായ പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്ലസ് ടു വിദ്യാര്‍ഥിനിയും സീരിയല്‍ നടിയുമായ ശില്‍പ്പ(19)യുടെ  ദുരൂഹമരണത്തിലാണ് കരമന പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. ശില്‍പ്പയുടെ സുഹൃത്തും ഒറ്റശേഖരമംഗലം സ്വദേശിയും ഫോട്ടോഗ്രാഫറുമായ യുവാവിന് വേണ്ടി പോലീസ് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ശില്‍പ്പയുടെ മൃതദേഹം കാണപ്പെട്ടതിന് ശേഷം യുവാവ് ഒളിവില്‍ പോകുകയായിരുന്നുവെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ്  ശില്‍പ്പയുടെ മൃതദേഹം കരമനയാറിന് സമീപത്തെ മരുതൂര്‍ കടവില്‍ കണ്ടെത്തിയത്. സംഭവ ദിവസം ഇവന്റ് മാനേജ്‌മെന്റ് പ്രോഗ്രാം ഉണ്ടെന്ന് വീട്ടുകാരോട് പറഞ്ഞാണ് ശില്‍പ്പ വീട്ടില്‍ നിന്നിറങ്ങിയത്. ശില്‍പ്പയുടെ കൂട്ടുകാരിയും നര്‍ത്തകിയുമായ കാട്ടാക്കട സ്വദേശിനിയും ഈ കൂട്ടുകാരിയുടെ കാമുകനും ശില്‍പ്പയും ശില്‍പ്പയുടെ സുഹൃത്തായ യുവാവും കൂട്ടുകാരിയുടെ കാമുകന്റെ സഹോദരിയുടെ ബാലരാമപുരത്തെ വീട്ടില്‍ ഉച്ച വരെ ചെലവിട്ടു.

ഉച്ചക്ക് ശേഷം നാലു പേരും കൂടി കരമന മരുതൂര്‍ കടവിലെത്തുകയായിരുന്നു. നര്‍ത്തകിയായ കൂട്ടുകാരിയും കാമുകനും ശില്‍പ്പയും ശില്‍പ്പയുടെ സുഹൃത്തായ യുവാവും മറ്റൊരു ഭാഗത്തും ഏറെ നേരം ഒരുമിച്ചിരുന്നു സംസാരിച്ചു. വൈകുന്നേരം നാലരയോടെ ശില്‍പ്പക്ക് മൊബൈല്‍ ഫോണ്‍ നല്‍കാന്‍ കൂട്ടുകാരി വന്നപ്പോള്‍ ശില്‍പ്പ കരയുന്നുണ്ടായിരുന്നുവെന്ന് കൂട്ടുകാരി പോലീസിനോട് മൊഴി നല്‍കിയിരുന്നു. ശില്‍പ്പയും സുഹൃത്തായ യുവാവും തമ്മില്‍ വാക്ക് തര്‍ക്കം നടന്നുവെന്നും ശില്‍പ്പയുടെ ചെകിട്ടത്ത് അടിച്ചതിന്റെ പാട് കണ്ടതായും കുട്ടുകാരിയെ ചോദ്യം ചെയ്തപ്പോള്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു.

കുട്ടുകാരിയും കാമുകനും മടങ്ങുകയും ശില്‍പ്പയും സുഹൃത്തും കടവില്‍ പിന്നെയും സംസാരിച്ച് നിന്നിരുന്നുവെന്നാണ് കൂട്ടുകാരിയുടെ മൊഴി. രാത്രിയിലാണ് ശില്‍പ്പയുടെ മൃതദേഹം കണ്ടെത്തിയ വിവരം താനറിഞ്ഞതെന്നാണ് കൂട്ടുകാരി പോലീസിനോട് പറഞ്ഞത്. ശില്‍പ്പ ഡാന്‍സ് പ്രോഗ്രാമിന് പോകുന്ന പതിവുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ സുഹൃത്തായ യുവാവിന് ഇതിനോട് താല്‍പ്പര്യമില്ലായിരുന്നു. ഇതേ ചൊല്ലിയുള്ള സംഭാഷണമാണ് ഇരുവരും തമ്മില്‍ വഷളായതെന്നാണ് കൂട്ടുകാരിയില്‍ നിന്നും പോലീസിന് ലഭിച്ച വിവരം.

ശില്‍പ്പയുടെ സുഹൃത്തായ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുവെന്നാണ് പോലീസിന്റെ നിലപാട്. അതേ സമയം  ശില്‍പ്പയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ശില്‍പ്പയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ട് പോയത് കുട്ടുകാരിയാണെന്നും ശില്‍പ്പ വരാന്‍ വൈകിയപ്പോള്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല.

പിന്നീട് കുട്ടുകാരിയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ പരസ്പര വിരുദ്ധമായാണ് പെണ്‍കുട്ടി മറുപടി പറഞ്ഞതെന്നുമാണ് ശില്‍പ്പയുടെ ബന്ധുക്കള്‍ ആരോപിയ്ക്കുന്നത്.   മൂന്ന് തമിഴ് സിനിമകളിലും മലയാളത്തിലെ രണ്ട് സിനിമകളിലും ശില്‍പ്പ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ടിവി സീരിയലുകളിലും അഭിനയിച്ച് വരികയായിരുന്നു. ചന്ദനമഴ, സൗഭാഗ്യവതി, പ്രണയം എന്നീ സീരിയലുകളിലാണ് ശില്‍പ്പ അഭിനയിച്ച് വന്നിരുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം