ഹാദിയയെ സേലത്ത് പോയി കാണുമെന്ന് ഷെഫിന്‍ ജഹാന്‍

ഡല്‍ഹി : ഹാദിയയെ സേലത്ത് പോയി കാണുമെന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. ഹാദിയ കോളജില്‍ പ്രവേശനം നേടിയ ശേഷമായിരിക്കും കാണുക. ഹാദിയ തന്നെ കാണരുതെന്ന് സുപ്രീം കോടതി ഉത്തരവില്‍ എവിടെയും പറയുന്നില്ലെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു. തനിക്ക് ഐഎസ് ബന്ധമുണ്ടെന്ന എന്‍ഐഎ വാദം അടിസ്ഥാനരഹിതമാണ്. ഹാദിയയും താനും ഒന്നാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഷെഫിന്‍ ജഹാന്‍ കൂട്ടിച്ചേര്‍ത്തു.

മതപരിവര്‍ത്തനത്തെ തുടര്‍ന്ന് വിവാദമായ കേസില്‍ ഹാദിയ ഇന്നലെ സുപ്രീം കോടതിയില്‍ ഹാജരായിരുന്നു. തനിക്ക് സ്വാതന്ത്ര്യം വേണമെന്നും തന്റെ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, ഭര്‍ത്താവിന്റെ ചെലവില്‍ പഠിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ കോടതി മുമ്പാകെ അറിയിച്ചു.ഷെഫിനെ സേലത്ത് വെച്ച് കാണാമല്ലോയെന്നും പഠനം തുടരാന്‍ അനുവദിച്ച കോടതി നടപടിയില്‍ സന്തോഷമുണ്ടെന്നും ഹാദിയ പറഞ്ഞു. ഡല്‍ഹിയില്‍നിന്നും സേലത്തെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് ഹാദിയ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ പതിനൊന്നു മാസമായി താന്‍ മാനസിക പീഡനം അനുഭവിക്കുകയാണ്. മാതാപിതാക്കളുടെ സമ്മര്‍ദം മൂലമാണ് വീടുവിട്ടതെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു. മനുഷ്യനെന്ന പരിഗണന തനിക്ക് ലഭിക്കണമെന്നും ഭര്‍ത്താവിനെ കാണണമെന്നും ഭര്‍ത്താവാണ് തന്റെ രക്ഷകര്‍ത്താവെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ ഭര്‍ത്താവിനൊപ്പമോ മാതാപിതാക്കള്‍ക്കൊപ്പമോ ഹാദിയയെ വിടില്ലെന്നായിരുന്നു കോടതിയുടെ ഉത്തരവ്. സര്‍വകലാശാല ഡീന്‍ ആയിരിക്കും ലോക്കല്‍ ഗാര്‍ഡിയനെന്നും കോടതി ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് ഹാദിയയെ സേലത്തെ കോളെജിലേക്ക് ഇന്ന് കൊണ്ടുപോകും.

തമിഴ്‌നാട് പൊലീസിന്റെ കനത്ത സുരക്ഷയിലായിരിക്കും ഹാദിയയുടെ തുടര്‍പഠനം. അതിനാല്‍ ഭര്‍ത്താവ് അടക്കമുള്ളവര്‍ക്ക് ഹാദിയയെ കാണാനോ സംസാരിക്കുവാനോ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സര്‍വകലാശാല ഡീന്‍ ആയിരിക്കും ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയനെന്നും കോടതി ഉത്തരവിലൂടെ അറിയിച്ചു. ജനുവരി മൂന്നിന് ഈ കേസ് വീണ്ടും പരിഗണിക്കും. ഹാദിയയെ സേലത്തെ കോളേജിലേക്കെത്തിക്കേണ്ട ചെലവ് കേരള സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം