ഖത്തറില്‍ പാരമ്പര്യ ചികിത്സാ രീതികള്‍ക്ക് അംഗീകാരം

home-opathyദോഹ: ആയുര്‍വേദവും ഹോമിയോപതിയുമടക്കം അഞ്ച് ചികിത്സ സമ്പ്രദായങ്ങള്‍ക്ക് രാജ്യത്തിന്റെ അംഗീകാരം. രാജ്യത്തെ സുപ്രീം ആരോഗ്യ കൗണ്‍സിലിന് കീഴിലുള്ള ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷണേഴ്സ് (ക്യു.സി.എച്ച്.പി) ആണ് ഇത്തരം ചികിത്സാരീതി നിയമവിധേയമായി അംഗീകരിച്ചത്. കപ്പിങ് തെറാപ്പി, ചിറോപ്രാക്ടിക്, അക്യുപങ്ചര്‍ തുടങ്ങിവയാണ് അംഗീകാരം ലഭിച്ച മറ്റ് ചികിത്സ രീതികള്‍. ബോധവല്‍കരണം ഉള്‍പ്പെടെയുള്ള നടപടികളും ലൈസന്‍സിങ് ക്രമങ്ങളും പൂര്‍ത്തിയായ ശേഷമേ ചികിത്സ അനുമതി നല്‍കൂ എന്ന് ക്യു.സി.എച്ച്.പി ആക്ടിങ് സി.ഇ.ഒ ഡോ. സമര്‍ അബൗല്‍സൗദ് പറഞ്ഞു.

ഖത്തറില്‍ ഇതുവരെ അലോപ്പതിക്ക് മാത്രമാണ് അനുമതിയുള്ളത്. ഇതര ചികിത്സ രീതികള്‍ക്ക് കൂടി അനുമതി നല്‍കുന്ന തീരുമാനത്തിനായി പ്രവാസികള്‍ അടക്കമുള്ളവര്‍ കാത്തിരിക്കുകയായിരുന്നു. രോഗികളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അതിനാല്‍ ഒൗദ്യോഗികമായി നടപ്പാക്കുംമുമ്പ് ഇതേക്കുറിച്ചു വിശദമായി വിലയിരുത്തുമെന്നും ഡോ. സമര്‍ അബൗല്‍ സൗദ് പറഞ്ഞു.

ഇതര ചികിത്സ രീതികളെകുറിച്ച് പഠിക്കാന്‍ ക്യു.സി.എച്ച്.പി താല്‍കാലിക ഉപദേശക സമിതിയെ നിയമിച്ചിരുന്നു. ചികിത്സ സംബന്ധിച്ച് ശാസ്ത്രീയ തെളിവുകള്‍ തേടുകയും ചികിത്സ രീതിയുടെ സുരക്ഷയും അതിന്‍െറ ഗുണനിലവാരവും പഠിക്കുകയുമായിരുന്നു ലക്ഷ്യം. ഖത്തറില്‍ ഇതര ചികിത്സ സമ്പ്രദായങ്ങള്‍ നടപ്പാക്കിയാലുണ്ടാകുന്ന പ്രതികരണവും സമിതി വിലയിരുത്തി. സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ക്യു.സി.എച്ച്.പി ചികിത്സ സമ്പ്രദായത്തെ അംഗീകരിച്ചത്. ഈ വര്‍ഷമാദ്യം പ്രാവര്‍ത്തികമാക്കാനുള്ള പദ്ധതിയും അംഗീകരിച്ചു.

ക്യു.സി.എച്ച്.പിയിലെ ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷണേഴ്സ് രജിസ്ട്രേഷന്‍ ആന്‍ഡ് ലൈസന്‍സിങ് വിഭാഗം  ഈ ചികിത്സ രീതികള്‍ക്ക് അംഗീകാരം നല്‍കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണ്.
ഇതര ചികിത്സ സമ്പ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറ ഉറപ്പാക്കിയ ശേഷമാണ് അംഗീകാരം നല്‍കുന്നത്. ഇതോടെ ആധുനിക വൈദ്യശാസ്ത്രത്തിനൊപ്പം മറ്റു ചികിത്സ രീതികള്‍ കൂടി പരീക്ഷിക്കാന്‍ ഖത്തറിലെ രോഗികള്‍ക്ക് അവസരം ലഭിക്കും. ഈ ചികിത്സ രീതികള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ നല്‍കുന്നതിനായി സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തിന്‍െറ നേതൃത്വത്തില്‍ ബോധവല്‍കരണ ശില്‍പശാലകള്‍ സംഘടിപ്പിക്കും. വ്യത്യസ്ത ചികിത്സ സമ്പ്രദായങ്ങളുടെ രീതി, അതിന്‍െറ ചരിത്രം, ലോകത്തിന്‍െറ മറ്റു ഭാഗങ്ങളില്‍ ഇവയുടെ ചികിത്സ ക്രമം തുടങ്ങിയവയൊക്കെ വിശദമാക്കും.

ചികിത്സ ക്രമം സംബന്ധിച്ച നിബന്ധനകള്‍ വരുന്നതോടെ ഇതര ചികിത്സ മേഖല ഏകീകരിക്കാനാകും. യോഗ്യതയുള്ള ചികിത്സകന് മെഡിക്കല്‍ ലൈസന്‍സ് നല്‍കി ഖത്തറില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ആയുര്‍വേദ ചികിത്സക്കായി ഇന്ത്യയിലേക്ക് തിരിക്കുന്ന നിരവധി സ്വദേശികളുണ്ട്. ഖത്തറില്‍ ആയുര്‍വേദ ചികിത്സ അംഗീകരിക്കുന്നതോടെ ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാകുകയും ചെയ്യും.

മന്ത്രവാദികളും അത്ഭുതരോഗശാന്തിശുശ്രൂഷകരും പാരമ്പര്യചികിത്സയുടെ മറവില്‍ പണംതട്ടുന്നവരും രോഗികളെ ചൂഷണം ചെയ്യുന്നത് തടയാനാണ് പാരമ്പര്യചികിത്സ രീതികള്‍ക്ക് ഖത്തര്‍ അംഗീകാരം നല്‍കാതിരുന്നത്.  അടുത്തിടെ ഖത്തര്‍ പാസാക്കിയ നിയമത്തില്‍ വ്യാജചികിത്സകര്‍ക്കും അത്ഭുതരോഗശാന്തി വാഗ്ദാനം ചെയ്യുന്നവര്‍ക്കും മന്ത്രവാദചികിത്സകര്‍ക്കും വലിയ പിഴ ശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം