അഭിലാഷ് ടോമിയെ ഇന്ന് രക്ഷിക്കാനാവുമെന്ന് നാവികസേന; പായ്‌വഞ്ചി കണ്ടെത്തി

പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കവെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ ഇന്ന് രക്ഷിക്കാനാവുമെന്ന് നാവികസേന അറിയിച്ചു. ഫ്രഞ്ച് കപ്പലായ ‘ഒസിരിസ്’ 16 മണിക്കൂറിനുള്ളില്‍ അഭിലാഷിനെ രക്ഷിക്കുമെന്ന് ഇന്ത്യന്‍ നാവികസേന ട്വീറ്റ് ചെയ്തു. ഓസ്‌ട്രേലിയയും ഫ്രാന്‍സും ഇന്ത്യയും സംയുക്തമായാണ് രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നത്. 12 അടിയോളം ഉയരത്തില്‍ ആഞ്ഞടിക്കുന്ന തിരമാലകളാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയുയര്‍ത്തുന്നത്.

ഓാസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3000 കിലോമീറ്റര്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്തായി അഭിലാഷിന്റെ വഞ്ചിയായ ‘തുരിയ’ തകര്‍ന്ന നിലയില്‍ കണ്ടെത്തിയിരുന്നു. മൗറീഷ്യസില്‍നിന്ന് പുറപ്പെട്ട ഇന്ത്യന്‍ നാവികസേനയുടെ പി8ഐ വിമാനമാണ് ഞായറാഴ്ച അഭിലാഷിന്റെ പായ്‌വഞ്ചി കണ്ടെത്തിയത്. വിമാനത്തില്‍ നിന്നുള്ള റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിച്ചു.

ഒസിരിസില്‍നിന്ന് അഭിലാഷിനെ ഏറ്റുവാങ്ങി ഓസ്‌ട്രേലിയയുടെ തീരത്തെത്തിക്കാന്‍ അവിടത്തെ നാവികസേനയുടെ കപ്പലായ എച്ച്.എം.എ.എസ്. ബലാററ്റ് പെര്‍ത്തില്‍നിന്ന് പുറപ്പെട്ടുവെന്നും ട്വീറ്റിലുണ്ട്. മീന്‍പിടിത്തക്കപ്പലായ ഒസിരിസില്‍ അടിയന്തര വൈദ്യസഹായം നല്‍കാന്‍ ഡോക്ടറുമുണ്ട്.

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പായ്മരം ഒടിഞ്ഞുവീണ് മുതുകിന് ഗുരുതരമായി പരിക്കേറ്റ അഭിലാഷ് അനങ്ങാനാവാത്ത സ്ഥിതിയിലാണ്. ‘ഐസ് ടീ കാനുകളെടുക്കാനായി. അതുകുടിച്ചു. ഛര്‍ദി നില്‍ക്കുന്നില്ല. നെഞ്ചെരിയുന്നു’ എന്നാണ് അഭിലാഷ് അവസാനമയച്ച സന്ദേശമെന്ന് ഗോള്‍ഡന്‍ ഗ്ലോബിന്റെ റെയ്‌സിന്റെ (ജി.ജി.ആര്‍.) സംഘാടകര്‍ അറിയിച്ചു. കാല്‍വിരലുകളേ അനക്കാനാവുന്നുള്ളൂവെന്നും ആകെ മരവിച്ചിരിക്കുകയാണെന്നും അഭിലാഷ് സന്ദേശമയച്ചിരുന്നു. പരിക്കേറ്റശേഷം ആദ്യമായാണ് അഭിലാഷ് എന്തെങ്കിലും കുടിക്കുന്നതെന്നും ജി.ജി.ആറിന്റെ വെബ്‌സൈറ്റ് പറയുന്നു.

ഓസ്‌ട്രേലിയന്‍ റെസ്‌ക്യു കോഓര്‍ഡിനേറ്റിങ് സെന്ററിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഐ.എന്‍.എസ്. സത്പുരയ്ക്കുപുറമേ ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ്. ജ്യോതിയും അഭിലാഷിനടുത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

ജൂലായ് ഒന്നിന് ഫ്രാന്‍സിലെ ലെ സാബ്ലേ ദൊലോന്‍ തുറമുഖത്തുനിന്നാണ് ഒറ്റയ്ക്ക്, പായ്‌വഞ്ചിയില്‍ ലോകം ചുറ്റി തുടങ്ങിയിടത്ത് തിരിച്ചെത്തുന്ന ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം തുടങ്ങിയത്. പ്രയാണത്തില്‍ മൂന്നാം സ്ഥാനത്തുനില്‍ക്കുമ്പോഴാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്. 84 ദിവസംകൊണ്ട് 19,446 കിലോമീറ്റര്‍ അദ്ദേഹം പിന്നിട്ടിരുന്നു. യാത്രയില്‍ പങ്കെടുത്തിരുന്ന 18 പേരില്‍ ഏഴുപേര്‍ പലഘട്ടങ്ങളിലായി പിന്മാറിയതോടെ 11 പേരായിരുന്നു മത്സരരംഗത്ത് അവശേഷിച്ചിരുന്നത്.

ജി.ജി.ആറിലെ മത്സരാര്‍ഥികളിലൊരാളായ ഗ്രിഗര്‍ മക്ഗുചിന്‍ മത്സരം ഉപേക്ഷിച്ച് അഭിലാഷിനടുത്തെത്താന്‍ ശ്രമിക്കുന്നുണ്ട്. മത്സരത്തില്‍ അഭിലാഷിന്റെ തൊട്ടടുത്ത എതിരാളിയായിരുന്ന ഇദ്ദേഹത്തിന്റെ പായ്‌വഞ്ചിയും കാറ്റില്‍പ്പെട്ടിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം