വിട പറഞ്ഞത് രാജ്യം കണ്ട മികച്ച പാര്‍ലമെന്റേറിയന്‍മാരില്‍ ഒരാള്‍; കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ കരുത്തനായ നേതാവ്; വിട വാങ്ങുന്നത് സിപിഐഎമ്മില്‍ തിരിച്ചെത്താനുള്ള മോഹം ബാക്കിയാക്കി

ഷിജിത്ത് വായന്നൂർ

 

ജൂലൈ 7, 2008 ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ വളരെ നിര്‍ണ്ണായകമായ ദിനമാണ്. യുപിഎ സര്‍ക്കാരിനെതിരെ ബിജെപി അവിശ്വാസ പ്രമേയവുമായി രംഗത്ത് വരികയും അതില്‍ കോണ്‍ഗ്രസ് വിജയം നേടുകയും ചെയ്ത ദിനം! സോമനാഥ് ചാറ്റര്‍ജി എന്ന അന്നത്തെ ലോക്‌സഭാ സ്പീക്കര്‍ക്ക്, അതും സിപിഎം നേതാവിന് അതിനേക്കാള്‍ നിര്‍ണ്ണായകവും പ്രതിസന്ധി നിറഞ്ഞതുമായ ദിനം ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാവില്ല.

യുപിഎ വിജയിച്ചു എന്ന് പ്രഖ്യാപിച്ച ചാറ്റര്‍ജി പാര്‍ട്ടി വിരുദ്ധനായി, വോട്ടെടുപ്പിന് മുന്‍പ് രാജിവയ്ക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശത്തെ അനുസരിക്കാത്തതിനാലായിരുന്നു ഇത്.തൊട്ട് പിറ്റേദിവസം പോളിറ്റ് ബ്യൂറോ കൂടി സോമനാഥ് ചാറ്റര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ കൈക്കൂലി നല്‍കിയെന്നാരോപിച്ച്‌ ചില ബിജെപി എംപിമാര്‍ സഭയില്‍ നോട്ട് കെട്ടുകളുമായി വന്ന്
പ്രതിഷേധിച്ചത് ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ തലകുനിപ്പിച്ച സംഭവമായിരുന്നു. കലുഷിതമായ അന്തരീക്ഷത്തെ നിയന്ത്രിച്ചത് സോമനാഥ് ചാറ്റര്‍ജി എന്ന അനുഭവ സമ്ബത്തുള്ള മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഇടപെടലുകളായിരുന്നു.

സര്‍ക്കാരിനെ വെട്ടിലാക്കുന്ന പ്രമേയങ്ങള്‍ക്ക് പോലും അനുമതി നല്‍കാന്‍ അദ്ദേഹം മടികാണിച്ചില്ല. നിര്‍ണ്ണായകമായ, അത്യാവശ്യമുള്ള ബില്ലുകള്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ പരിശോധനയ്ക്ക് വിടാനുള്ള കണിശത തന്നെയായിരുന്നു സോമനാഥ് എന്ന സ്പീക്കറുടെ മുഖമുദ്ര. കണിശതയും നിലപാടുകളും അദ്ദേഹത്തെ രാജ്യം കണ്ട് ഏറ്റവും നല്ല സ്പീക്കര്‍ പദവിയിലേയ്ക്കുയര്‍ത്തി.

രാജ്യത്തെ പരമോന്നത നിയമനിര്‍മ്മാണ സഭയുടെ അധ്യക്ഷപദവിക്കു കളങ്കമേല്‍ക്കാതിരിക്കാനാണു ഭരണഘടനയ്ക്ക് ഒപ്പം നിന്നുകൊണ്ടു നിര്‍ണായക തീരുമാനമെടുക്കാന്‍ താന്‍ നിര്‍ബന്ധിതനായതെന്നാണു സ്പീക്കര്‍ പദവി വിവാദത്തോട് ചാറ്റര്‍ജി പ്രതികരിച്ചത്. വിശ്വാസ വോട്ടില്‍ സ്പീക്കര്‍ പദം രാജിവച്ചു യുപിഎ സര്‍ക്കാരിനെതിരെ നിലകൊള്ളാന്‍ സിപിഎം സോമനാഥിനു മേല്‍ സമ്മര്‍ദംചെലുത്തിയിരുന്നു. എന്നാല്‍, ഭരണഘടനാപദവി വഹിക്കുന്ന താന്‍ പാര്‍ട്ടി തീട്ടൂരങ്ങള്‍ക്ക് അതീതനാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്.

Image result for somnath chatterji

അമേരിക്കയുമായി ആണവകരാറില്‍ ഒപ്പിടാനുള്ള യു.പി.എ. ഗവണ്‍മെന്റിന്റെ തീരുമാനം പാര്‍ലമെന്റില്‍ ഒരു പ്രതിസന്ധി സൃഷ്ടിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസ്സീവ് അലയന്‍സിന് (യു.പി.എ.) പുറമേനിന്നു പിന്തുണ നല്കിയിരുന്ന സി.പി.ഐ.എമ്മിന് പാര്‍ലമെന്റില്‍ സാമാന്യം നല്ല അംഗബലമുണ്ടായിരുന്നു. അത് പാര്‍ലമെന്റില്‍ ഗവണ്‍മെന്റിനു നല്ല താങ്ങായിരുന്നു. ഏതായാലും പാര്‍ട്ടി ആണവകരാറിനോടുള്ള ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചുപോന്നു. കരാറുമായി മുന്നോട്ടു പോകാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തീരുമാനിച്ചപ്പോള്‍ സി.പി.ഐ.(എം) നേതൃനിരയില്‍ പ്രാമുഖ്യമുണ്ടായിരുന്ന വിഭാഗം ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഗവണ്‍മെന്റ് ന്യൂനപക്ഷമായിത്തീരുമെന്നും രാജിവെക്കാന്‍ നിര്‍ബന്ധിതമാവുമെന്നും അങ്ങനെ വരുമ്പോള്‍ കരാറിനെ ഫലപ്രദമായി തകിടംമറിക്കാനാവുമെന്നുമായിരുന്നു അവരുടെ ന്യായം. പതിവുവഴക്കമനുസരിച്ച് ഒരു വിശ്വാസപ്രമേയം അവതരിപ്പിക്കപ്പെട്ടു. അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ 2008 ജൂലായ് 28 ന് ഏറക്കുറെ സുഖകരമായി വിശ്വാസപ്രമേയം പാസ്സാവുകയും ഗവണ്‍മെന്റ് അതിജീവിക്കുകയും ചെയ്തു. യു.പി.എയ്ക്ക് പിന്തുണ നല്കിക്കൊണ്ട് സമാജ്‌വാദി പാര്‍ട്ടി ഗവണ്‍മെന്റിന് ആയുസ്സ് നീട്ടിക്കൊടുക്കുകയായിരുന്നു. പ്രമേയം വോട്ടിനിട്ടപ്പോള്‍ ഗവണ്‍മെന്റിനെതിരായി സി.പി.ഐ.(എം) ബി.ജെ.പി യോടൊപ്പം വോട്ടുചെയ്തുവെങ്കിലും ഗവണ്‍മെന്റിനെ പുറത്താക്കാനുള്ള പാര്‍ട്ടിയുടെ ശ്രമം പരാജയപ്പെട്ടു.

Image result for somnath chatterji

സി.പി.ഐ.എമ്മുമായുള്ള എന്റെ ബന്ധവും പ്രമേയത്തെത്തുടര്‍ന്നു വ്യക്തിപരമായി പ്രതിസന്ധിയിലകപ്പെട്ടു. 2008 ജൂലായ് 20ന്, സ്പീക്കര്‍സ്ഥാനം രാജിവെച്ച് പ്രമേയത്തിനെതിരായി വോട്ടു ചെയ്യണമെന്ന് പാര്‍ട്ടി എന്നോടു നിര്‍ദേശിച്ചു. ആദ്യമായാണ് ഇങ്ങനെയൊരു നിര്‍ദേശം. ഞാന്‍ പ്രമേയത്തിനെതിരായി വോട്ടു ചെയ്തിരുന്നുവെങ്കിലും അത് വോട്ടെടുപ്പുഫലത്തെ ബാധിക്കുമായിരുന്നില്ലെന്നാണ് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചത്. പാര്‍ട്ടിയുടെ തീട്ടൂരത്തിനനുസരിച്ച്, തലകുനിക്കാന്‍ ഞാന്‍ വിസമ്മതിച്ചത് പ്രധാനമായും സ്പീക്കര്‍ എന്ന നിലയില്‍ പാര്‍ട്ടിക്ക് എന്നോട് കല്പിക്കാനാവുകയില്ല എന്നതിന്റെയും ഞാന്‍ നിഷ്പക്ഷത പുലര്‍ത്താന്‍ ബാധ്യസ്ഥനാണ് എന്നതിന്റെയും പേരിലാണ്. അപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്റെ രോഷം പുറത്തുകാട്ടിയത് എന്നെ തല്‍ക്ഷണം, അതായത് 2008 ജൂലായ് 23ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടാണ്. എന്നെ പുറത്താക്കുന്നതുകൊണ്ട് പാര്‍ട്ടി ശക്തമാവുകയാണെങ്കില്‍ അത് എനിക്കൊരാശ്വാസമാണ് എന്നായിരുന്നു എന്റെ പ്രതികരണം. എങ്കിലും മാതാപിതാക്കള്‍ മരിച്ചതിനുശേഷം എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസമായിരുന്നു 2008 ജൂലായ് 23 എന്നതില്‍ യാതൊരു സംശയവുമില്ല.

Image result for somnath chatterji

ഇന്തോ-യു.എസ്.ആണവകരാറിനെ എന്തു വിലകൊടുത്തും ഗവണ്‍മെന്റിനെ മറിച്ചിട്ടുകൊണ്ടുപോലും എതിര്‍ക്കാനുള്ള തീരുമാനം കൈക്കൊണ്ടത് കരാര്‍ ദേശീയതാത്പര്യത്തിനു വിരുദ്ധമാണെന്നും നമ്മുടെ രാജ്യത്തെ അമേരിക്കയ്ക്കു വിധേയമാക്കിത്തീര്‍ക്കുമെന്നും പാര്‍ട്ടിക്കു തോന്നിയതുകൊണ്ടാണെന്നാണ് അനുമാനിക്കേണ്ടത്. എന്തു വിലകൊടുത്തും അതു തടയാന്‍ പാര്‍ട്ടി ആഗ്രഹിച്ചു.

യു.പി.എ.ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിന് ഏതാനും ദിവസങ്ങള്‍ക്കുശേഷം, എന്നാല്‍ അതു ജനങ്ങളോടു പ്രഖ്യാപിക്കുന്നതിനു മുന്‍പ് പ്രകാശ് കാരാട്ട് എന്നെ വീട്ടില്‍ വന്നു കണ്ടിരുന്നു. ഇന്തോയു.എസ്.ആണവ ഇടപാടില്‍ ഏതെങ്കിലും നിലയ്ക്കു മുന്നോട്ടു പോകുന്നതിനു മുന്‍പ് താനുമായി കൂടിയാലോചന നടത്തുമെന്ന് ഗവണ്‍മെന്റ് തന്നോടു വാഗ്ദത്തം ചെയ്തിരുന്നുവെന്നും, ഇപ്പറഞ്ഞ വാഗ്ദാനം പാലിക്കുന്നതില്‍ പ്രധാനമന്ത്രിയും യു.പി.എ. അധ്യക്ഷയും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പറഞ്ഞ പരാജയംവഴി താന്‍ നിന്ദിക്കപ്പെട്ടതായും വഞ്ചിക്കപ്പെട്ടതായും തോന്നി എന്നും അദ്ദേഹം പറഞ്ഞു. വാഗ്ദത്തലംഘനമെന്ന് അദ്ദേഹം വിളിക്കുന്ന ഒരു കാരണത്തിന്റെ പേരില്‍, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം യു.പി.എയുമായി പിരിഞ്ഞുപോവുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം