നാട്യങ്ങളില്ലാത്ത നല്ലൊന്നാന്തരം പച്ചമനുഷ്യന്‍;ഇന്ദ്രന്‍സിനെ കുറിച്ചുള്ള കുറിപ്പ് വൈറല്‍

തിരുവനന്തപുരം: വസ്ത്രാലങ്കാരം മുതല്‍ അഭിനയം വരെ 37 വര്‍ഷമായി ചലച്ചിത്രരംഗത്ത് നിറഞ്ഞ് നില്‍ക്കുകയാണ് ഇന്ദ്രന്‍സ്. ആളൊരുക്കത്തിലെ വേഷത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഇന്ദ്രന്‍സ് നേടിയിരുന്നു.

എന്നാല്‍ ദേശീയ പുരസ്‌കാരം തലനാരിഴയ്ക്കാണ് നഷ്ടപ്പെട്ടത്. ഹാസ്യത്തില്‍ തുടങ്ങിയ നടന്‍റെ കരിയര്‍ ഇപ്പോള്‍ ഗൗരവ വേഷത്തില്‍ എത്തി നില്‍ക്കുകയാണ്.

സിനിമയില്‍ കുടക്കമ്പി, സോഡാക്കുപ്പി എന്നീ ഇരട്ടപ്പേര് വീണപ്പോഴും ഇന്ദ്രന്‍സ് സങ്കടപ്പെട്ടില്ല. തന്നെ കാണുമ്പോള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരുടെ മുഖത്ത് വിരിയുന്ന ചിരി പോസിറ്റീവ് എനര്‍ജിയായിരുന്നു അദ്ദേഹത്തിന്.

സിനിമയ്ക്ക് ആരെയും ആവശ്യമില്ല. നമുക്കാണ് സിനിമ ആവശ്യം. അഹങ്കാരം പാടില്ല. എളിമയാണ് ഇവിടെ ആവശ്യം. ജീവിതം പഠിപ്പിച്ചത് അതാണ്.’ ഈ സ്വഭാവ വിശേഷത്തെ കുറിച്ച് എഴുതുകയാണ് കലാസംവിധായകന്‍ സുനില്‍ ലാവണ്യ.

സുരാജ് വെഞ്ഞാറമൂട്, റിമ കല്ലുങ്കല്‍, ശീതള്‍ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ആഭാസം എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ഈ കുറിപ്പ്.

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ? ബംഗളുരുവിലെ നട്ടപ്രവെയിലത്ത് നാല്‍പ്പതടിയോളമുയരമുള്ള കെട്ടിടത്തില്‍ വലിഞ്ഞു തൂങ്ങിക്കിടന്നു പെയിന്റടിക്കാന്‍? അതും ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തിനു വേണ്ടി. നേരം മയങ്ങി തിരിച്ചു ഹോട്ടലിലെത്തിയപ്പോള്‍ ഞാന്‍ കണ്ടിരുന്നു. മുഖമൊക്കെ വരണ്ട്,കരുവാളിച്ച് ഒച്ചയൊക്കെ അടഞ്ഞ്.

അപ്പോ ചിരിച്ചോണ്ട് പറയുവാ…അണ്ണാ ഇന്ന് നല്ല ഗംഭീര വര്‍ക്കായിരുന്നു. എന്നെ മാസ്റ്ററും നിങ്ങടെ പിള്ളാരുമൊക്കെ കൂടി എയറില്‍ നിര്‍ത്തിയേക്കുവായിരുന്നു…ഇതാണ് ഇന്ദ്രന്‍സേട്ടന്‍. ഇത് നടനല്ല. നാട്യങ്ങളില്ലാത്തനല്ലൊന്നാന്തരം പച്ചമനുഷ്യന്‍. കരിയറിലെ മറ്റൊരസാധ്യവേഷവുമായി ഇന്ദ്രന്‍സ്…ആഭാസത്തില്‍… ഇന്ദ്രന്‍സ് As മലയാളി പെയിന്‍റര്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം