അതിരപ്പിള്ളി പദ്ധതി; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പാടെ തള്ളി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട്  പ്രതിപക്ഷത്തും അഭിപ്രായ ഭിന്നത. പദ്ധതി വേണ്ടെന്ന ഉറച്ച നിലപാടെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പാടെ തള്ളി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തെത്തി. പദ്ധതിയെക്കുറിച്ച് പൊതു ചർച്ച വേണമെന്ന് ആവശ്യപ്പെട്ട ‌ഉമ്മൻ ചാണ്ടി അഭിപ്രായ സമന്വയത്തിന് ശേഷം പദ്ധതി നടപ്പിലാക്കാമെന്നും പറഞ്ഞു. എന്നാൽ, പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് വേണ്ടെതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷത്തെ ഭിന്നസ്വരങ്ങൾക്കു പിന്നാലെയാണ് പ്രതിപക്ഷത്തും അഭിപ്രായ ഭിന്നത.പദ്ധതി നടപ്പിലാക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി സഭയെ അറിയിച്ച അന്നുമുതൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ഇതിനെ ശക്തിയുക്തം എതിർത്തിരുന്നു. ഇതിനു പിന്നാലെയാണ് ഉമ്മൻ ചാണ്ടി നിലപാടറിയിച്ച് രംഗത്തെത്തിയത്. ഭരണത്തിലിരുന്ന സമയത്തും ഉമ്മൻ ചാണ്ടി അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ചിരുന്നു. 2015 ഏപ്രിൽ നാലിന് ചേർന്ന ഉന്നതതല യോഗത്തിൽ പദ്ധതി നടപ്പിലായാൽ സംസ്ഥാനത്തിന്‍റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചിരുന്നത്.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കുള്ള സർക്കാർ നീക്കത്തിനെതിരെ ഇടതുപക്ഷത്ത് ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദനും സിപിഐ നേതാക്കളും സർക്കാർ നീക്കത്തെ നിശതമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. പദ്ധതി നടപ്പിലാകില്ലെന്ന ഉറച്ച നിലപാടുസ്വീകരിച്ച വി.എസ് ഇടതു മുന്നണിയിൽ ഇതു സംബന്ധിച്ച് ആലോചനകളൊന്നും നടത്തിയിട്ടില്ലെന്നും ഘടകക്ഷികൾ ഇതു സംബന്ധിച്ച് അനുകൂല നിലപാട് അറിയിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി മുന്നോട്ട് പോകാൻ സർക്കാരിന് ആവില്ലെന്നും കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം