കോഴിക്കോട്: (www.truevisionnews.com) കെ. എൽ. എഫ് എട്ടാം പതിപ്പിന്റെ ആദ്യദിനത്തിൽ അക്ഷരം വേദിയിൽ നടന്ന 'കവിതയുടെ വേരുകൾ' എന്ന സെഷനിൽ തമിഴ്, മലയാളം ഭാഷകളിൽ എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ ബി. ജയമോഹൻ, കവി വീരാൻകുട്ടി എന്നിവർ സംസാരിച്ചു.

കവിതയുടെ ചരിത്രം പറഞ്ഞു വീരാൻകുട്ടി തുടങ്ങിയപ്പോൾ 'കാതിൽ മധുരിക്കുന്ന കനിയായി' കവിതയെ വിശേഷിപ്പിച്ചു കൊണ്ടാണ് ബി. ജയമോഹൻ ആരംഭിച്ചത്. മാധ്യമങ്ങളെ പോലെ തന്നെ കവിതകളുടെ ആസ്വാദകരുടെ വ്യാപ്തിയും ഏറെ വലുതാണെന്നു ജയമോഹൻ അഭിപ്രായപ്പെട്ടു.
കവിതകളിലെ ആത്മീയവും വ്യക്തിപരവും പ്രാദേശികവുമായ തലങ്ങളെ ഏറെ ശ്രദ്ധയോടെ വേർതിരിച്ചറിഞ്ഞാൽ ഒരു നല്ല കവിതയെ തിരിച്ചറിയാം. പ്രതിരോധ സാഹിത്യമായി കവിതകൾ നിരീക്ഷിക്കപെടുന്നതും അവയിൽ നിന്നും പിറവിയെടുക്കുന്ന നല്ല മാറ്റങ്ങളും വൈലോപ്പിള്ളിയെ പോലെയുള്ളവരുടെ കവിതകളിൽ കാണാമെന്നും വീരാൻകുട്ടി പറഞ്ഞു.
ആശയങ്ങൾക്കും ഭാഷയ്ക്കുമപ്പുറം, കവിതയിൽ പ്രതിഫലിക്കുന്ന കവിയുടെ സ്വപ്നങ്ങൾ വായനക്കാരുടെയും സ്വപ്നങ്ങളായ് മാറുമ്പോഴാണ് ആ കവിതയുടെ യഥാർത്ഥ ആസ്വാദനത്തിലേക്ക് വായനക്കാർക്കെത്താൻ സാധിക്കുക എന്ന് ജയമോഹൻ പറഞ്ഞു.
കവിതകൾ ഉന്മത്താവസ്ഥയിലും രചിക്കപെടാം. എന്നിരുന്നാലും കവി അവയുടെ ശൈലിയിൽ നിന്നും വ്യതിചലിക്കുകയില്ല. "ഒരു നല്ല കവിത എന്നത് തികഞ്ഞ രൂപത്തിലൂടെ രചിക്കപ്പെട്ട ഉന്മാദമാണ്" എന്ന ബി ജയമോഹന്റെ വാക്കുകളിലൂടെയാണ് ചർച്ച സമാപിച്ചത്.
#Think #roots #not # flowers #Veerankutty
