കോഴിക്കോട് : (www.truevisionnews.com) കെ.എൽ.എഫ്. വേദിയിൽ ജൻഡർ ആക്റ്റീവിസ്റ്റുകളായ ഡോ. റ്റിസി മറിയം തോമസ്, ആദി, നിഹാരിക ബീജ പ്രദോഷ് എന്നിവർ "മലയാളിയുടെ ക്വിയർ ഫോബിയ" എന്ന വിഷയത്തിൽ ചർച്ച നടത്തി. ക്വിയർ വ്യക്തികളുടെ മരണങ്ങൾക്ക് പോലും സമൂഹം വിലകൽപ്പിക്കുന്നില്ലെന്നും ധാരാളം ട്രാൻസ് വ്യക്തികൾ ക്രൂര കൊലപാതകങ്ങൾക്കും പീഡനങ്ങൾക്കും ഇരയായിട്ടുണ്ടെന്നും ആദി വാദിച്ചു.

മുൻകാല സാഹിത്യത്തിൽ ക്വിയർ വ്യക്തികളെക്കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും മാധവിക്കുട്ടിയുടെ കഥകളിലൂടെയാണ് പൊതുബോധത്തെ സ്വാധീനിക്കുന്ന രീതിയിലുള്ള ചോദ്യങ്ങളുയർന്നതെന്നും ജാതിബോധത്തിലൂന്നിയ ക്വിയർ വിദ്വേഷം വളരെ അപകടകരമാണെന്നും ആദി പറഞ്ഞു. സാഹിത്യമേഖല പുരുഷകേന്ദ്രീകൃതമാണെന്നും ആദി കൂട്ടിച്ചേർത്തു.
ക്വിയർ വ്യക്തികൾ ഹൈപ്പർസെക്ഷ്വൽ ആയി ചിത്രീകരിക്കപ്പെടുന്നുവെന്നും എല്ലാവരും തുല്യരായി പരിഗണിക്കപ്പെടുന്ന വ്യവസ്ഥയാണ് വരേണ്ടതെന്നും നിഹാരിക അഭിപ്രായപ്പെട്ടു. ഇപ്പോഴും പാർശ്വവൽകൃത സമൂഹമായി നിലകൊള്ളേണ്ടി വരുന്നതിലുള്ള ഖേദവും നിഹാരിക പ്രകടിപ്പിച്ചു.
പരിവർത്തന തെറാപ്പിയുടെ (Conversion therapy) ശാസ്ത്രീയ വശം ഇപ്പോഴും വ്യക്തമല്ലെന്നും അത് ക്വിയർ വ്യക്തികൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും ഡോ. റ്റിസി മറിയം തോമസ് അഭിപ്രായപ്പെട്ടു.
ക്വിയർ വ്യക്തികളെക്കുറിച്ച് മതിയായ ജ്ഞാനം മെഡിക്കൽ സമൂഹത്തിന് പോലും ഇല്ലെന്നത് ദൗർഭാഗ്യകരമാണെന്നും മനഃശാസ്ത്രമേഖലയിലും വേണ്ടത്ര പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നും അവർ അഭിപ്രായപ്പെട്ടു. പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി ചർച്ച സമാപിച്ചു.
#anti #queer #anti #feminism #science #Adi #KLFdebate
