കോഴിക്കോട് : (www.truevisionnews.com) ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ വർത്തമാനകാല പ്രശ്നങ്ങളെക്കുറിച്ചും കഥകളെഴുതാൻ എഴുത്തുകാർ ബാധ്യസ്ഥരല്ല എന്ന് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ സി. വി. ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

നോവലിസ്റ്റ് സി. വി. ബാലകൃഷ്ണൻ, ചെറുകഥാകൃത്ത് കെ രേഖ, നോവലിസ്റ്റ് വി ഷിനിലാൽ, പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ആഷ് അഷിത എന്നിവർ പങ്കെടുത്ത ചർച്ച കവിയും നിരൂപകനുമായ ഡോ. നിബുലാൽ വെട്ടൂർ മോഡറേറ്റ് ചെയ്തു.
ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ സ്വഭാവികമായ രീതിയിൽ കൃതികളിലൂടെ അവതരിപ്പിക്കുന്നതിലുപരി അതിപ്രസരമെന്നോണം എല്ലാ സമകാലിക പ്രശ്നങ്ങളേയും അഭിസംബോധന ചെയ്യേണ്ട കാര്യമില്ലെന്നും അത് പത്ര-മാധ്യമങ്ങളുടെ ബാധ്യതയാണെന്നും സി. വി. ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
അത്തരത്തിൽ കഴിഞ്ഞുപോയ പലകാലങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട പല കൃതികളുടെയും കാലാതീതമായ പ്രസക്തിയെ ചൂണ്ടിക്കാണിക്കുന്നതിനോടൊപ്പം ഇന്നത്തെ 'ട്രെൻഡി'നൊത്തു മാത്രം വിഷയങ്ങൾ തിരഞ്ഞെടുക്കുന്നവർ മൗലികബോധമുള്ള എഴുത്തുകാരല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മരുഭൂമിയിലുള്ള എല്ലാ മണൽത്തരിയേയും ചുമക്കേണ്ടവനല്ല എഴുത്തുകാരൻ, മറിച്ച് ദേഹത്ത് പറ്റിപ്പിടിച്ച മണൽത്തരികളെ മാത്രം ഒപ്പം ചുമന്നാൽ മതിയാവുമെന്ന പ്രയോഗത്തിലൂടെ കെ. രേഖയും സി വി ബാലകൃഷ്ണന്റെ പരാമർശത്തോട് യോജിച്ചു.
ഇന്ന് സമൂഹത്തിൽ നടക്കുന്ന തീവ്രതയേറിയതും സമകാലിക പ്രസക്തിയുള്ളതുമായ പല വിഷയങ്ങളും തന്റെ കഥകളെ സ്വാധീനിച്ചിട്ടുണ്ടെന്നും, മനുഷ്യനെ ബാധിക്കുന്ന വിഷയങ്ങൾ തീർത്തും ദാർശനികമായ രീതിയിൽ എഴുത്തുകാർ കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണെന്നതിൽ താൻ വിശ്വസിക്കുന്നുവെന്നും, സി. വി യുടെ അഭിപ്രായത്തോട് വിയോജിച്ചുകൊണ്ട് ആഷ് അഷിത വ്യക്തമാക്കി.
മനുഷ്യൻ ഒരു രാഷ്ട്രീയ ജീവിയാണെന്ന് വി. ഷിനിലാൽ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ നിലപാടുകൾ എങ്ങനെയൊക്കെ എഴുത്തിനെ ബാധിക്കുന്നുവെന്നും തന്റെ കൃത്യമായ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചെഴുതേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
#responsibility #writers #mark #currentissues #CV Balakrishnan #KLF
