(truevisionnews.com) വേനൽ കടുക്കുകയാണ്. ഇപ്പോൾ തന്നെ അസഹനീയമായ ചൂടാണു കേരളത്തിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി വേനൽ ഒന്നിനൊന്നു കടുത്തു കൊണ്ടിരിക്കുകയാണ്.
ഇത്തവണയും അതിനു മാറ്റമുണ്ടാവില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വരും മാസങ്ങളിലെ വേനൽ അതിജീവിക്കുന്നതിനു പ്രത്യേക ജാഗ്രത സർക്കാരിന്റെ ഭാഗത്തും ജനങ്ങളുടെ ഭാഗത്തും ഉണ്ടാവേണ്ടിയിരിക്കുന്നു.
എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഈ ദിവസങ്ങളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയാണു താപനില കണക്കാക്കുന്നത്. ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് താപനിലയുണ്ടാവുമെന്ന് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞദിവസം അറിയിക്കുകയുണ്ടായി. മറ്റു ജില്ലകളിലും 34 മുതൽ 37 വരെ ഡിഗ്രി ചൂട് അനുഭവപ്പെടുന്നുണ്ട്.
ഏതാനും ദിവസം മുൻപ് കണ്ണൂരിൽ 37.9 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു. തിരുവനന്തപുരത്ത് 36.2 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ സമയത്ത് 32 മുതൽ 34 വരെ ഡിഗ്രി സെൽഷ്യസ് ചൂടായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്.
എൽ നിനോ പ്രതിഭാസമാണ് ഇപ്പോൾ ചൂട് വർധിപ്പിക്കുന്നത് എന്നു പറയുന്നുണ്ട്. എൽ നിനോ മൂലം ആഗോളതലത്തിൽ ഈ വർഷം ചൂട് കുത്തനെ ഉയരുമെന്ന മുന്നറിയിപ്പ് നേരത്തേ ഉണ്ടായിരുന്നതാണ്. കഴിഞ്ഞ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംസ്ഥാനത്തു പലയിടത്തും ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു.
അതിലും രൂക്ഷമായ അവസ്ഥ ഇക്കുറിയുണ്ടാവുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എന്തായാലും പതിവിൽ കവിഞ്ഞ ചൂടാണ് ഈ ദിവസങ്ങളിൽ നേരിടേണ്ടിവരുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ജനങ്ങൾക്കു ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
അതു കേവലം ഒരു ചടങ്ങായി മാത്രം കാണാതെ ഗൗരവത്തിലെടുക്കേണ്ടതാണ്. അതിനനുസരിച്ച് ഈ ദിവസങ്ങളിലെ പ്രവർത്തനങ്ങളും ചിട്ടപ്പെടുത്തേണ്ടതുണ്ട്. സൂര്യാതപം, സൂര്യാഘാതം, നിർജലീകരണം തുടങ്ങിയവ ഒഴിവാക്കാൻ ശ്രദ്ധിക്കണം.
രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നു വരെയുള്ള സമയത്ത് ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് കഴിയുന്നത്ര ഒഴിവാക്കണമെന്നാണു വിദഗ്ധർ നിർദേശിക്കുന്നത്. അങ്ങനെയാവുമ്പോൾ വെയിലു കൊള്ളേണ്ടിവരുന്ന തൊഴിലുകളിലടക്കം ക്രമീകരണങ്ങൾ വേണ്ടിവരും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പലവിധ രോഗങ്ങളുള്ളവർ, പ്രായമായവർ, ആരോഗ്യ പ്രശ്നങ്ങളുള്ളവർ തുടങ്ങിയവരും കൂടുതൽ ജാഗ്രത കാണിക്കേണ്ടതാണ്. സംസ്ഥാനത്തെ പല നഗരങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാവുകയാണെന്നും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ കാണിക്കുന്നു.
മുൻപെങ്ങുമില്ലാത്ത കുടിവെള്ള ക്ഷാമമാണ് എറണാകുളത്തുള്ളതെന്നു ചൂണ്ടിക്കാണിച്ചാണ് പെരിയാറിൽ നിന്നും കാക്കനാട് കിൻഫ്രയിലേക്കു വെള്ളം കൊണ്ടുപോകാനുള്ള പദ്ധതിയെ കോൺഗ്രസ് ജനപ്രതിനിധികൾ എതിർക്കുന്നത്.
വൈറ്റിലയിലും പാലാരിവട്ടത്തും കടവന്ത്രയിലുമെല്ലാം മാസങ്ങളായി കുടിവെള്ള പ്രശ്നമുണ്ട്. വേനൽച്ചൂട് പ്രതിസന്ധി ഒന്നുകൂടി വലുതാക്കുകയാണ്. എല്ലാവർക്കും ആവശ്യത്തിനു കുടിവെള്ളമെത്തിക്കുന്നതിന് സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തര ശ്രദ്ധ നൽകേണ്ടിയിരിക്കുന്നു.
ആവശ്യത്തിനു ശുദ്ധജലം ലഭ്യമാക്കാൻ കഴിയാതെ വരുകയും ആളുകൾ മലിന ജലത്തെ ആശ്രയിക്കുകയും ചെയ്യുമ്പോൾ പലവിധ അസുഖങ്ങൾ പടർന്നുപിടിക്കാനും ഇടയാവും. കത്തുന്ന വേനലിൽ ദാഹജലത്തിനു കാത്തിരിക്കുമ്പോഴാണ് ടാപ്പും പൈപ്പും പൊട്ടി വെള്ളം പാഴാകുന്നതിന്റെ വിലയെത്രയാണ് എന്നു മനസിലാവുക.
ഓരോ തുള്ളി കുടിവെള്ളവും വിലപ്പെട്ടതാണെന്ന് അതു വിതരണം ചെയ്യുന്നവരും ഉപയോഗിക്കുന്നവരും ഒരുപോലെ മനസിലാക്കേണ്ടതുണ്ട്. മറ്റൊന്നു വൈദ്യുതി ഉപയോഗമാണ്. ഡാമുകളിൽ വെള്ളം കുറയുകയും വൈദ്യുതി ഉപയോഗം കുതിച്ചുയരുകയും ചെയ്യുന്നു.
എസിയും കൂളറും ഫാനുകളും ഒക്കെ വ്യാപകമായി ഉപയോഗിക്കുമ്പോൾ വൈദ്യുതി ബോർഡിന് പുറത്തുനിന്നു കൂടുതൽ വൈദ്യുതി വാങ്ങേണ്ട സാഹചര്യം വന്നുചേരുന്നു. ഉയർന്ന ചെലവ് താങ്ങാനാവാത്ത സ്ഥിതിവിശേഷം വൈദ്യുതി ബോർഡിനുണ്ടാവുന്നു.
ആത്യന്തികമായി അത് ഉപയോക്താക്കളുടെ വൈദ്യുതി ചാർജിലും പ്രതിഫലിക്കും. ഇതൊന്നും ഓർക്കാതെ വൈദ്യുതി അശ്രദ്ധമായി കൈകാര്യം ചെയ്തു പാഴാക്കുന്നതു തടയേണ്ടതുണ്ട്. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കുന്നതിലടക്കം ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ട്.
ഡംപിങ് യാർഡുകൾ, മാർക്കറ്റുകൾ തുടങ്ങി തീപിടിത്ത സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നു ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകുന്നുണ്ട്.
ഇവിടങ്ങളിലൊക്കെ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ഫയർ ഓഡിറ്റ് നടത്തുകയും ചെയ്യേണ്ടതാണ്. ഈ സ്ഥലങ്ങളിലെത്തുന്ന മുഴുവൻ ആളുകളും തീപിടിത്ത സാധ്യതയെക്കുറിച്ച് ഓർക്കേണ്ടതുണ്ട്.
#Burning #blazing #sun; #very #careful