(truevisionnews.com) ശാസ്ത്രജ്ഞൻ, എൻജിനീയർ, അധ്യാപകൻ എന്നീ നിലകളിൽ തൻ്റെ ജീവിതം രാജ്യസേവനത്തിനായി സമർപ്പിച്ച ഡോ. എപിജെ അബ്ദുൾ കലാമിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒൻപത് വയസ്സ്. രാജ്യത്തെയും യുവതലമുറയെയും സ്വപ്നം കാണാൻ പഠിപ്പിച്ച കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു.
'ഇന്ത്യയുടെ മിസൈൽ മാൻ' എന്ന വിശേഷണമുള്ള കലാം 2015 ജൂലൈ 27നാണ് അന്തരിച്ചത്. 2002 മുതൽ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ച എപിജെ അബ്ദുൾ കലാം ജനപ്രിയ രാഷ്ട്രപതി എന്ന പേരിൽ പ്രശസ്തനാണ്.
1931 ഒക്ടോബർ 15ന് തമിഴ്നാട്ടിലെ രാമേശ്വരത്തെ കുടുംബത്തിലാണ് എപിജെ അബ്ദുൾ കലാം ജനിച്ചത്.
കുട്ടിക്കാലത്തെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ പത്രവിതരണത്തിനായി ഇറങ്ങി വരുമാനം കണ്ടെത്തി. പഠനത്തിൽ പ്രത്യേകിച്ച് ഗണിതത്തിൽ വളരെയധികം മികവുള്ള കലാം മികച്ച വിദ്യാർഥിയായിരുന്നു.
സ്കൂൾ കാലഘട്ടത്തിന് എയ്‌റോസ്‌പേസ് എൻജിനീയറിങ്ങിലും ഭൗതികശാസ്ത്രത്തിലും ബിരുദം നേടി.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലും (ഐഎസ്ആർഒ) ഡിആർഡിഒയിൽ ശാസ്ത്രജ്ഞനായും സയൻ്റിഫിക് അഡ്മിനിസ്ട്രേറ്ററായും അബ്ദുൾ കലാം സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കലാമിൻ്റെ നിർദ്ദേശപ്രകാരം രാജ്യം ടാങ്ക് വേധ മിസൈൽ നാഗ്, മിസൈൽ ത്രിശൂൽ, മിസൈൽ പൃഥ്വി എന്നിവ നിർമിച്ചു. 1990ൽ പത്മഭൂഷണും 1997ൽ ഭാരതരത്‌നയും നൽകി രാജ്യം അദ്ദേഹം ആദരിച്ചു.
ഏറ്റവും മികച്ച ഉദ്ധരണികൾ
* നമ്മുടെ ഇന്നത്തെ ദിവസം നമുക്ക് ത്യജിക്കാം, അതിലൂടെ നമ്മുടെ മക്കൾക്ക് ഒരു നല്ല നാളെ ലഭിക്കും.
* സ്വപ്നം, സ്വപ്നം, സ്വപ്നം. സ്വപ്നങ്ങൾ ചിന്തകളായി രൂപാന്തരപ്പെടുന്നു, ചിന്തകൾ പ്രവർത്തനത്തിൽ കലാശിക്കുന്നു.
* പരാജയം മൂലം ശ്രമം ഒരിക്കലും ഉപേക്ഷിക്കരുത്, കാരണം പരാജയം എന്നാൽ പഠനത്തിലെ ആദ്യ ശ്രമം എന്നാണ്.
* ഉത്തരവാദിത്തത്തോടെ സജീവമായി മുന്നോട്ടുപോകുക. വിശ്വസിക്കുന്ന കാര്യങ്ങൾക്കായി പ്രവർത്തിക്കുക.
* നിശ്ചയദാർഢ്യമാണ് നമ്മുടെ എല്ലാ നിരാശകളിലും പ്രതിബന്ധങ്ങളിലും നമ്മെ ശക്തമാക്കുക. ഇച്ഛാശക്തി വിജയത്തിന് സഹായമാകും.
* ഒരു വിട്ടുവീഴ്ചയുമില്ലാതെ യുവാക്കൾ അവരുടെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കണം. യുവാക്കളുടെ അഭിലാഷങ്ങൾക്ക് മേൽ പിടിവാശികൾ അടിച്ചേൽപ്പിക്കുന്ന ഒരു സമൂഹത്തിന് വളരാനാകില്ല.
* വിജയിക്കാനുള്ള എൻ്റെ ദൃഢനിശ്ചയം വേണ്ടത്ര ശക്തമാണെങ്കിൽ പരാജയം എന്നെ മറികടക്കുകയില്ല.
* ആദ്യ വിജയത്തിന് ശേഷം വിശ്രമിക്കരുത്, കാരണം രണ്ടാമത്തേതിൽ നിങ്ങൾ പരാജയപ്പെട്ടാൽ ആദ്യ വിജയം ഭാഗ്യം മാത്രമാണെന്ന് പറയാൻ കൂടുതൽ പേർ കാത്തിരിക്കും.
* ദൗത്യത്തിൽ വിജയിക്കുന്നതിന് ലക്ഷ്യത്തോടുള്ള ഏകമനസ്സോടെയുള്ള ഭക്തി ഉണ്ടായിരിക്കണം.
* രാജ്യത്തിൻ്റെ ഏറ്റവും മികച്ച മസ്തിഷ്കം ക്ലാസ് മുറിയുടെ അവസാന ബെഞ്ചുകളിൽ കണ്ടെത്താം.
കലാമിൻ്റെ പരിശ്രമമാണ് ഇന്ത്യൻ നിർമിത സാറ്റലൈറ്റ് വിക്ഷേപണ വാഹനം സാധ്യമാക്കിയത്. കലാം നിർമിച്ച എസ്എൽവി മൂന്നിലൂടെ രോഹിണി സാറ്റലൈറ്റിനെ ഇന്ത്യ ഭ്രമണപഥത്തിൽ എത്തിച്ചു.
സ്പേസ് ക്ലബിലേക്കുള്ള ഇന്ത്യയുടെ പ്രവേശനമായിരുന്നു ഈ വിജയം. അഗ്നി, പൃഥി മിസൈലുകൾ വികസിപ്പിച്ചെടുത്തത് കലാമിൻ്റെ കാലത്താണ്. പൊക്രാനിൽ ഇന്ത്യ ആണവ പരീക്ഷണം നടത്തുമ്പോൾ കലാം പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേശകനായിരുന്നു.
എന്നാൽ വർഷങ്ങൾക്കപ്പുറം നടന്ന പൊക്രാൻ 2 ആണവ പരീക്ഷണത്തിന് നേതൃത്വം നൽകിയത് കലാമായിരുന്നു. അമേരിക്ക, ചൈന, ഫ്രാൻസ്, റഷ്യ, യുകെ എന്നീ രാജ്യങ്ങൾക്ക് മാത്രമായിരുന്നു ആണവശക്തി ഉണ്ടായിരുന്നത്.
മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും എയറോനോട്ടിക് എൻജിനീയറിങ്ങിൽ വൈദഗ്ധ്യം നേടിയ കലാം യുദ്ധവിമാനം പറത്തുന്ന ആദ്യ രാഷ്ട്രപതി കൂടിയാണ്.
2015 ജൂലൈ 27ന് ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണ അദ്ദേഹത്തിൻ്റെ മരണം ഹൃദയാഘാതത്തെ തുടർന്നായിരുന്നു.
#walked #india #MissileMan #selling #newspapers #Taught #dream #teacher #president #great #quotes #Kalam