മൂന്നാർ : (www.truevisionnews.com) മൂന്നാറിലേക്ക് പോകും വഴിയ വലിച്ചുകൊട്ടിയ ഒരു സാരിയും അതിലൊരു ബോർഡും കാണാം. അത് മറ്റൊന്നുമല്ല സാരിയുടെ 'തിരിച്ചറിയൽ പരേഡാണ്' പരേഡിൽ സാരിയുടെ ഉടമയെ തിരിച്ചറിഞ്ഞാൽ അവർക്കു പാരിതോഷികവുമുണ്ട്.

തിരിച്ചറിയുന്നവർക്ക് 3000 രൂപ പാരിതോഷികം' എന്നാണ് സാരി പ്രദർശിപ്പിച്ചതിനൊപ്പമുള്ള നോട്ടീസിൽ പറയുന്നത്. ഇനി കാര്യത്തിലേക്ക് വരാം, ഈ നോട്ടീസ് പതിപ്പിച്ചത് മൂന്നാർ പഞ്ചായത്ത് അധികാരികളാണ്.
പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലുള്ള നോട്ടീസിനും സാരിയുടെ തിരിച്ചറിയൽ പരേഡിനും പിന്നിൽ വലിയൊരു കാരണമുണ്ട്. ഈ സാരിയുടെ ഉടമ വഴിയരികിൽ 'മാലിന്യം തള്ളിയ ആളാണ്. ഈ ഉടമസ്ഥരെ കണ്ടെത്താനാണ് പഞ്ചായത്തിന്റെ വ്യത്യസ്തമായൊരു ശ്രമം.
മാലിന്യസഞ്ചിയിൽ നിന്നാണ് ഇവർക്ക് ഈ സാരി കിട്ടിയത്. മൂന്നാർ പഞ്ചാ യത്ത് സെക്രട്ടറി കെഎൻ.സഹജനാണ് സാരിയുടെ ഉടമയെയും മാലിന്യം തള്ളിയവരെയും കണ്ടത്താൻ വ്യത്യസ്ത രീതി പരീക്ഷിച്ചത്.
ഇന്നലെ രാവിലെ മാലിന്യം ശേഖരിക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് മൂന്നാർ അമ്പലം റോഡിൽ പാതയോരത്ത് ചാക്കിൽ കെട്ടിയ തരംതിരി ക്കാത്ത മാലിന്യങ്ങൾ കണ്ടത്.
ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥലത്തെത്തി നടത്തിയ പരിശോധ നയിലാണ് ചാക്കിൽ സാരി കണ്ടത്. ജനവാസം കുറഞ്ഞ മേഖലയായതിനാൽ സാരിയുടെ ഉടമയെ കണ്ടെത്താൻ കഴിയുമെന്ന ധാരണയിൽ സാരി പാതയോരത്ത് വലിച്ചുകെട്ടി.
അതിൽ സാരിയുടമയെ കണ്ടെത്തുന്നവർക്ക് 3000 രൂപ പാരിതോഷികം നൽകുമെന്ന അറിയിപ്പോടുകൂടിയ നോട്ടിസും പതിച്ചു. പഞ്ചായത്തിലെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നു തരംതിരിച്ച് മാലിന്യങ്ങൾ ദിവസവും ശുചീകരണ തൊഴിലാളികൾ ശേഖരിക്കുന്നുണ്ട്. എന്നാൽ തരംതിരിക്കാതെ മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്തി പിഴയീടാക്കുന്ന നടപടികൾ പഞ്ചായത്ത് കർശനമായി നടപ്പാക്കി വരികയാണ്.
Saree's 'Recognition Parade'; Good reward for finding the owner
