പാലക്കാട് : (truevisionnews.com) ദേശീയപാത മരുതറോഡ് ജംക്‌ഷനിൽ യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണം റോഡിലെ വെളിച്ചക്കുറവും കാറിന്റെ അമിതവേഗവുമാണെന്നു പൊലീസ്.

അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവർ തേങ്കുറുശ്ശി സ്വദേശി രമേശിനെതിരെ (35) പൊലീസ് കേസെടുത്തിട്ടുണ്ട്. കോഴിക്കോട് തിക്കോടി സ്വദേശിയും പുതുശ്ശേരി കുരുടിക്കാട് കാളാണ്ടിത്തറയിൽ താമസക്കാരിയുമായ അരുൺകുമാറിന്റെ ഭാര്യ അമൃത (36) മരിച്ച കേസിലാണു നടപടി.
ഞായറാഴ്ച രാത്രി എട്ടരയോടെ മരുതറോഡ് ജംക്‌ഷനിലെ ഹോട്ടലിനു മുന്നിലായിരുന്നു അപകടം. അപകടത്തിൽ ബൈക്ക് ഓടിച്ച അമൃതയുടെ പിതൃസഹോദരൻ പി.മഹിപാൽ (59), അമ്യതയുടെ മകൾ ആദ്‌വിക (രണ്ടര) എന്നിവർക്കും പരുക്കേറ്റിരുന്നു. ഇവർ പുതുശ്ശേരിയിൽ നിന്നു മരുതറോഡിലെ സൂപ്പർമാർക്കറ്റിലേക്കു പോവുകയായിരുന്നു.
അമിതവേഗത്തിൽ പാഞ്ഞെത്തിയ കാർ ആദ്യം അമൃത സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം മുന്നിലുണ്ടായിരുന്ന മറ്റൊരു കാറിനെ ഇടിച്ചാണു നിന്നത്. കോയമ്പത്തൂരിൽ നിന്നു പാലക്കാട്ടേക്കാണ് ഈ കാർ പോയിരുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
റോഡിലേക്കു തെറിച്ചു വീണ മൂവരെയും ഓടിയെത്തിയ യുവാക്കൾ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അമൃതയെ രക്ഷിക്കാനായില്ല. മഹിപാലിനു നടുവിനും കാലിനും പരുക്കേറ്റിട്ടുണ്ട്. കുട്ടിയുടെ കാലിനു നേരിയ പരുക്കുകളുണ്ട്.
കോഴിക്കോട് തിക്കോടി സ്വദേശിയായ മോഹൻദാസിന്റെയും ഷൈലജയുടെയും മകളാണ് അമൃത. മോഹൻദാസും മഹിപാലും 20 വർഷം മുൻപാണ് കോയമ്പത്തൂരിലെ കമ്പനിയിലേക്ക് ജോലിക്കായെത്തിയത്. ഇതോടെയാണ് ഇവർ പുതുശ്ശേരിയിലേക്കു താമസം മാറിയത്.
അമൃതയുടെ ഭർത്താവ് അരുൺകുമാറിന് ഖത്തറിലാണ് ജോലി. മരണവിവരമറിഞ്ഞ് അരുൺ ഉടൻ നാട്ടിലേക്ക് തിരിക്കാൻ ശ്രമിച്ചെങ്കിലും റമസാൻ തിരക്കു മൂലം വിമാന ടിക്കറ്റ് ലഭിച്ചില്ല. ഇന്നു രാത്രിയോടെ മാത്രമേ അരുൺകുമാർ നാട്ടിലെത്തൂ.
അമൃതയുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം പാലക്കാട്ട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് കഞ്ചിക്കോട്ട് നടക്കും. അപകടത്തിനു കാരണമായ ജംക്‌ഷനിൽ സിഗ്നൽ സ്ഥാപിക്കണമെന്നും റോഡിൽ തെരുവുവിളക്കുകൾ ഒരുക്കണമെന്നും ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് കത്തു നൽകിയെന്നു കസബ് ഇൻസ്പെക്‌ടർ എം.സുജിത്ത് അറിയിച്ചു.
#Accident #National #Highway #Kozhikode #native's #death #poor #road #lighting #excessive #speed #car
