(truevisionnews.com) മേപ്പാടിയിലെ ഒൻപത് ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരത്തി അഞ്ഞൂറിലധികം പേരാണുള്ളത്.
അച്ഛനും അമ്മയും നഷ്ടമായ കുഞ്ഞു മക്കൾ, കുഞ്ഞുങ്ങളെ നഷ്ടമായ അച്ഛനമ്മമാർ, ഒരായുസ്സു മുഴുവൻ കഷ്ടപ്പെട്ട് പണിതെടുത്ത സ്വപ്നങ്ങൾ, എല്ലാമെല്ലാം കുത്തൊഴുക്കോടെ വന്ന ഉരുൾപൊട്ടൽ കൊണ്ടു പോയി.
മുണ്ടക്കൈയിലെ രക്ഷാ പ്രാവർത്തനങ്ങൾ നാലാം ദിവസം അവസാനിക്കുമ്പോൾ മുന്നൂറിലേറെ പേർ ഇതുവരെ മരണപ്പെട്ടതായി സ്ഥിതീകരിച്ചിരിക്കുന്നു.
ഒറ്റ രാത്രി കൊണ്ട് നഷ്ടമായ ഒട്ടേറെ ജീവനുകൾ, കുടുംബങ്ങൾ. ഉറ്റവർക്കായി പല ക്യാമ്പുകളിലും ആശുപത്രകളിലുമായി കണ്ണീരോടെ കാത്തിരിക്കുന്ന കുറച്ചു ജീവനുകൾ.
രക്ഷിക്കാൻ പോകുന്നവർ ഒരേ മതത്തിൽപ്പെട്ടവരോ ഒരേ ജാതിയിൽപ്പെട്ടവരോ ഒരേ രക്തമോ, പരിചയമുള്ളവരോ അല്ല. എല്ലാം മനുഷ്യർ.
രക്ഷിക്കേണ്ടത് ജീവൻ തുടിക്കുന്ന മനുഷ്യനെ മാത്രമല്ല. പൂച്ചയോ , പശുവോ ഏതു ജീവനോ ആയിക്കൊള്ളട്ടേ, അവയ്ക്ക് പ്രതീക്ഷ നൽകി ജീവിതത്തിലേക്ക് കൊണ്ടു വരിക എന്നതു മാത്രമാണ് ആ മണ്ണിലേക്ക് ഇറങ്ങുന്ന ഓരോരുത്തരുടെയും മുന്നിലുള്ളത്.
മുണ്ടക്കൈയിലേക്കുള്ള ഏക മാർഗമായ പാലം തകർന്നപ്പോൾ രണ്ട് താത്കാലിക പാലം ദൗത്യ സംഘം നിർമ്മിച്ചു.
ജീവനുള്ളതും ചേതനയറ്റതുമായ ശരീരങ്ങളെ തേടി സ്വന്തം ജീവൻ പണയം വെച്ച് ഈ പാലത്തിലൂടെയും അല്ലാതെയുമായി ഇറങ്ങിയവർക്ക് ലക്ഷ്യം ഒന്നുമാത്രം രക്ഷിക്കണം. കാത്തിരിക്കുന്നവർക്ക് ഉറ്റവരെ ലഭിക്കണം.
കാണാതെപോയവരെ, ചെളിക്കുള്ളിൽ തുടിക്കുന്ന ജീവനുകളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരണം.
ഉള്ളുപൊട്ടിയ ആ രാത്രിയിൽ ചെളി വീടിനുള്ളിലേക്ക് ഇരച്ചു കയറുന്നതു കണ്ട് നിസ്സഹായരായി നോക്കി നിന്നവരുണ്ട്, എപ്പോഴോ ഓർമ്മ വന്നപ്പോൾ എഴുന്നേറ്റ് ആരെങ്കിലും രക്ഷിക്കാൻ വരുമായിരിക്കുമെന്ന പ്രതീക്ഷയിൽ എഴുന്നേറ്റിരുന്ന് മണിക്കൂറുകളോളം കാത്തിരുന്നു ഇരുന്ന ഇരുപ്പിൽ മരിച്ചവരുണ്ട്, വേണ്ടപ്പെട്ടവർ കൺമുന്നിലൂടെ ഒലിച്ചു പോകുന്നത് കണ്ടവരുണ്ട്, മണ്ണിനടിയിൽപ്പെട്ട് ചെറിയ ജീവനോടെ ജീവിച്ച് മരിച്ചവരുണ്ട്, കെട്ടിടങ്ങൾക്കടിയിപ്പെട്ടവരുണ്ട്.
തൊട്ടു മുൻപത്തെ ദിവസം ചെറിയ തോതിൽ ഒരു മണണിടിച്ചിൽ മല മുകളിൽ ഉണ്ടായപ്പോഴും അവർ പ്രതീക്ഷിച്ചിരുന്നില്ല വരാൻ പോകുന്നത് ഇത്രയും വലിയ ദുരന്തമാകുമെന്ന്.
രൗദ്ര ഭാവത്തോടെ ചാലിയാർ പുഴ 29ാം തീയതി ഒഴുകിയപ്പോഴും ആരും കരുതിയിരുന്നില്ല, ഒരു രാത്രി കഴിയുമ്പോഴേക്കും ഒരു ഗ്രാമത്തെയാണ് പുഴ കൊണ്ടു പോകുന്നതെന്ന്.
ഉറ്റവരെ നഷ്ടമായവർ പോലും നെഞ്ചുനീറുന്ന വേദനയോടെ കിട്ടിയ ജീവൻ മുറുകെ പിടിച്ച് ബാക്കി ജീവനുകൾക്കായുള്ള തിരച്ചിലിലാണ് ഇപ്പോഴും. മുണ്ടക്കൈയിലും ചൂരൽമലയിലുമായി എത്ര പേരെ കാണാതായെന്ന് ഇനിയും കണക്കില്ല. ചാലിയാറിൽ കൂടുതൽ മൃതദേഹങ്ങൾ ഇപ്പോഴും ഒഴുകിയെത്തി കൊണ്ടിരിക്കയാണ്.
67 മൃതദേഹങ്ങളും, 121 ശരീരഭാഗങ്ങളുമാണ് ചാലിയാർ പുഴയുടെ തീരത്തടിഞ്ഞത്, കരയ്ക്കടിയാതെ ഒഴുകിപോയത് അതിലേറെയാവാം. പുഴയും ചെളിയും തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കും മുകളിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് പല മൃതദേഹങ്ങളും രക്ഷാപ്രവർത്തകർ കണ്ടെത്തുന്നത്.
ഇനിയും എത്തിപ്പെടാൻ പറ്റാത്ത പല സ്ഥലങ്ങളുമുണ്ട്. മുണ്ടിലും തടികഷ്ണങ്ങളിലുമായി മൃതദേഹങ്ങൾ തോളിലേറ്റി വരുമ്പോൾ, ആരാ ഏതാ എന്നൊന്നും സ്ഥിരീകരിക്കാൻ കഴിയാത്ത അവസ്ഥ. ഇതു പറയുമ്പോൾ എൻ്റെയും കേൾക്കുമ്പോൾ നിങ്ങളുടെയും കണ്ണ് നീറുന്ന സാഹചര്യം.
കിലോമീറ്ററുകൾക്കിപ്പുറം പുഴയിലൂടെ ഒഴുകി നീങ്ങിയത് കെട്ടിപ്പുണരുന്ന ശരീരങ്ങൾ, കൈകാലുകൾ എവിടെയോവെച്ച് നഷ്ടപ്പെട്ട് പോയവർ. മണിക്കൂറുകൾ പിന്നിടുമ്പോൾ കണ്ണീർക്കാഴ്ച്ചയായി വെള്ളത്തുണിയിൽപ്പൊതിഞ്ഞ ശരീരങ്ങളും, ഈ ഭൂമിയിൽ നിന്ന് തുടച്ചു നീക്കപ്പെട്ട മുണ്ടക്കൈ എന്ന ഗ്രാമവും മാറുകയാണ്.
Article by വിപിന് കൊട്ടിയൂര്
SUB EDITOR TRAINEE TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#Infuriated #nature #succumbs #collective #humanity