മധു, വേടൻ, ബിന്ദു..ഇനിയാര്?...കറുത്തവൻ കള്ളനാകുമോ?

മധു, വേടൻ, ബിന്ദു..ഇനിയാര്?...കറുത്തവൻ കള്ളനാകുമോ?
May 23, 2025 07:56 PM | By Anjali M T

(truevisionnews.com) കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വാർത്തകളിൽ ഇടം പിടിക്കുന്ന വിഷയം. പട്ടിണിമാറ്റാൻ കണ്ടവന്റെ അടുക്കളയിൽ വേലക്കാരിയായി ജോലി ചെയ്യുന്ന ഒരു സ്ത്രീയെ, ഒരു സ്ത്രീ എന്നതിലുപരി ഒരു ദളിത് സ്ത്രീയെ എന്ന് വേണം പറയാൻ. വ്യാജ മോഷണ കേസിൽ കുടുക്കി അസഭ്യ വാക്കുകൾ ഉപയോഗിച്ചു കൊണ്ടും കുടിക്കാനായി വെള്ളം ചോദിച്ചപ്പോൾ കക്കൂസിൽ പോയി കുടിക്ക് എന്ന് മറുപടി കേൾക്കേണ്ടി വന്ന ബിന്ദു എന്ന യുവതിയെക്കുറിച്ചാണ്. അവസാനം അവർ നീതിതേടി പോയ ഇടങ്ങളിലെല്ലാം അവർക്ക് അവഗണന ആണ് നേരിടേണ്ടി വന്നത്.

മനുഷ്യാവകാശങ്ങളും ന്യായമായ നിയമ നടപടികളും നിലനിർത്തേണ്ട പോലീസ് സംവിധാനത്തിൽപോലും പീഡനം തുടരുമ്പോൾ അതിനെതിരെ പ്രതികരിക്കേണ്ടത് ഗൗരവം അർഹിക്കുന്നു. ഇതിലും വലിയ മറ്റൊരു കാര്യമുണ്ട്. ഒരു ദളിത് യുവാവ് ഉണ്ട്. പേര് ഹിരൺദാസ് മുരളി. വേടൻ എന്നറിയപ്പെടുന്ന പ്രശസ്ത റാപ്പർ. ഒരു പുലിപ്പല്ലു കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്തപ്പോൾ എത്രയെത്ര രാഷ്ട്രീയപ്രവർത്തകരും അധികാരികളും ആണ് സപ്പോർട്ട് ചെയ്ത് രംഗത്തെത്തിയത്. ഇപ്പോൾ ആരും അറിയപ്പെടാത്ത, പണക്കാരിയല്ലാത്ത ഒരു സ്ത്രീയെ നിയമപാലകർ ഉപദ്രവിച്ചിട്ടും ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ ഇതിലും പലരും മൗനം പാലിക്കുന്നത് എന്തിനാ? അതെന്താ ആരും ചർച്ച ചെയ്യാത്തത്?

ഇത്തരം കാക്കി തെമ്മാടിത്തരം അറിഞ്ഞിട്ടും പ്രതികരിക്കാതിരിക്കുന്നവർ മനസാക്ഷി മരവിച്ചവർ ആണ്. കൊട്ടാരംപോലുള്ള വീട്ടിൽ സപ്രമഞ്ച കട്ടിലിലിൽ അന്തിയുറങ്ങുന്നവരല്ല ഈ സ്ത്രീയെ പോലുള്ളവർ . അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്നവരാണ്, കൂലിപ്പണിക്കാരാണ്, അദ്ധ്വാനിക്കുന്നവരാണ്. അദ്ധ്വാനിക്കുന്നവരോട് ഏമാന്മാർക്കുള്ള നിലപാട് കണ്ടിട്ടും ധാർമിക രോഷമില്ലാത്ത നമ്മളൊക്കെ മനുഷ്യന്മാരാണോ? ചെയ്യാത്ത കുറ്റത്തിന് എന്നെ മാലകള്ളിയെന്ന് വിളിച്ചു സാറെയെന്ന് എത്ര ആവർത്തി പറയുമ്പോഴും അവരുടെ കണ്ണിൽ നിന്ന് ധാരയായി ഒഴുകിയത് കണ്ണുനീരല്ല, ചുടു രക്തമാണ്. രണ്ട് മക്കളുടെ ഇടയിൽ നിന്ന് നിയമനടപടികൾക്ക് എതിരായി പിടിച്ചു വലിച്ചു കൊണ്ടുപോകുമ്പോഴും അവർ പറയുന്നുണ്ടായിരുന്നു ഞാൻ മോഷ്ടിച്ചിട്ടില്ല സാറെയെന്ന്...

നിങ്ങൾ പറഞ്ഞ ഓരോ അസഭ്യത്തിനും, നിങ്ങൾ മറുപടി പറഞ്ഞെ മതിയാകു. ഇതേ സ്ഥാനത്ത് ഒരു ഹൈപ്രൊഫയിൽ സ്ത്രീയാണെങ്കിൽ, രാഷ്ട്രീയ സ്വാധീനം ഉള്ളവളാണെങ്കിൽ നിങ്ങളുടെ വീട്ടിലെ ഒരു പെണ്ണ് ആണെങ്കിൽ ദാഹിക്കുമ്പോൾ വെള്ളം ചോദിച്ചാൽ കക്കൂസിൽ പോയി കുടിക്കടിയെന്ന് പറയുമോ? പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും അഹന്തയിൽ എന്തും ആകാമെന്നുള്ള മനോഭാവമാണെങ്കിൽ പൊതുജനം അടങ്ങിയിരിക്കില്ലായെന്ന് ഓർത്തോളൂ.

വിശന്നപ്പോൾ ഒരൽപം ആഹാരം എടുത്തതിന് മോഷ്ടിച്ചുവെന്ന് പറഞ്ഞു പട്ടിയെ തല്ലുന്നതുപോലെ തല്ലിക്കൊന്നു കളഞ്ഞ ദളിതനായ മധുവിനെ മറന്നോ? ഇവനെപ്പോലുള്ള നരാധമന്മാരെ പേടിച്ച് അടിയറവു പറയുന്നതെന്തിനാണ്? പിന്നെ എന്തിനാണ് ഇതിലും വലിയ കൊടികെട്ടിയ തംബ്രാക്കന്മാരെ വിറപ്പിച്ച് വില്ലുവണ്ടിയെടുത്ത ആ തലപ്പാവണിഞ്ഞ മനുഷ്യന്റെ നവോത്ഥാന യാത്ര? അയ്യങ്കാളി യാത്ര.

മൗനം പാലിക്കേണ്ടടുത്ത് മാത്രം മതി. അധികാരത്തിന്റെ തോക്ക് ചൂണ്ടിക്കാട്ടി ദളിതരെ ദാസ്യത്തിലേക്ക് തള്ളുന്ന ശ്രമങ്ങൾ പുറത്തു വരുമ്പോൾ മനസിലാകുന്നത് അധികാരത്തിന്റെ മറവിലിരിക്കുന്ന നീചന്മാരുടെ ധാർഷ്ട്യ മനോഭാവമാണ്. ഈ ക്രൂരതയ്ക്ക് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ മാത്രമല്ല, കറുത്തവനെകാണുമ്പോൾ കള്ളനെന്ന് വിളിക്കുന്ന മനോഭാവക്കാരെയും കുറ്റവാളികളായി പരിഗണിക്കണം. തൊലി നിറം അൽപ്പം വെളുത്തവർ എന്തെ കുറ്റക്കാറാകാറിലെ സാറമ്മാരെ?

ദളിതരെ എളുപ്പത്തിൽ ഇരയാക്കുന്ന സമൂഹം, അവരെ കെട്ടിപ്പിടിക്കേണ്ട സ്ഥാനം മറന്ന്, അവർക്കെതിരെ കത്തിവാൾ കയറ്റുന്ന നിലയിലാണെങ്കിൽ, ഇത് സാമൂഹ്യ നീതിയുടെ ശവം ചുമന്ന് നടക്കുന്ന ഏമാൻമ്മാരുടെ ഭരണവ്യവസ്ഥ മാത്രമാണ്. ഇതൊരു സംഭവം മാത്രമല്ല. ഇത് ഒരു സാമൂഹ്യ സാങ്കേതിക അടിയന്തരാവസ്ഥയുടെ ലക്ഷണമാണ്. ഇന്ന് കണക്കാക്കപ്പെടുന്ന ഓരോ ജാതിവിവേചന സംഭവവും, നാളെയുടെ വിപ്ലവത്തിനായുള്ള തീപ്പൊരികളാണ്.

ദരിദ്രനും പണക്കാക്കാരനും, ദളിതനും ബ്രാഹ്മണനും ഒക്കെ പണ്ട്. കാലം മാറി. പ്രതികരിക്കാതിരിക്കാൻ ഇത് രാജഭരണമൊന്നുമല്ലല്ലോ. ജനാതിപത്യം ആണ്. പൊതുജനങ്ങൾ നിരത്തിലേക്കിറങ്ങും ഇത്തരം നീചപ്രവർത്തികൾ ചെയ്യുന്ന കണ്ണിൽ ചോരയില്ലാത്ത , മനുഷ്യത്വമില്ലാത്ത നരാധകന്മാരായ ഏമാന്മാരുടെ ധാർഷ്ട്യം അവസാനിപ്പിക്കാൻ. മാറണം . നിലപാടുകളല്ല, കാഴ്ചപാടുകൾ.

Madhu, Vedan, Bindhu atrocities against Dalits

Next TV

Related Stories
വേടൻ്റെ തോറ്റവും; പ്രകൃതിയോടിണങ്ങാൻ പറയുന്നു, കടത്തനാട്ടിൽ പതിവ് തെറ്റാതെ വേടനെത്തുന്നു

Jul 29, 2025 07:30 PM

വേടൻ്റെ തോറ്റവും; പ്രകൃതിയോടിണങ്ങാൻ പറയുന്നു, കടത്തനാട്ടിൽ പതിവ് തെറ്റാതെ വേടനെത്തുന്നു

കടത്തനാട്ടിൽ പതിവ് തെറ്റാതെ വേടനെത്തുമ്പോൾ അറിയാം വേടൻ പാട്ടുകാരെ...

Read More >>
ഇന്ന് അർദ്ധരാത്രി,  ഒരു വർഷമിപ്പുറം: ഇന്നും ഞെട്ടൽ മാറാതെ വിലങ്ങാട് മലയോരം

Jul 29, 2025 05:39 PM

ഇന്ന് അർദ്ധരാത്രി, ഒരു വർഷമിപ്പുറം: ഇന്നും ഞെട്ടൽ മാറാതെ വിലങ്ങാട് മലയോരം

ഇന്ന് അർദ്ധരാത്രി, ഒരു വർഷമിപ്പുറം: ഇന്നും ഞെട്ടൽ മാറാതെ വിലങ്ങാട്...

Read More >>
നീണ്ടകര താലൂക്ക് ആശുപത്രിയുടെ നിർമ്മാണം വൈകിപ്പിക്കൽ; പ്രതിഷേധ സ്വരമുയർത്തി കേരള കോൺഗ്രസ്

Jul 23, 2025 12:09 PM

നീണ്ടകര താലൂക്ക് ആശുപത്രിയുടെ നിർമ്മാണം വൈകിപ്പിക്കൽ; പ്രതിഷേധ സ്വരമുയർത്തി കേരള കോൺഗ്രസ്

നീണ്ടകര താലൂക്ക് ആശുപത്രിയുടെ നിർമ്മാണ വൈകിപ്പിക്കലിനെതിരെ പ്രതിഷേധ സ്വരമുയർത്തി കേരള...

Read More >>
Top Stories










Entertainment News





//Truevisionall