(truevisionnews.com) ഒരു മെസ്സേജ് നോക്കാൻ കയ്യിലെടുത്ത ഫോൺ ആണോ ഇപ്പോൾ നിങ്ങളുടെ കയ്യിൽ മണിക്കൂറുകൾ ആയിരിക്കുന്നത്? മെസ്സേജിൽ നിന്നും സോഷ്യൽ മീഡിയയിലേക്കും ഗെയിമിങ്ങിലേക്കും ഒക്കെ പതിയെ നിങ്ങളുടെ കൈവിരലുകൾ തെന്നി മാറിയത് അറിഞ്ഞില്ലേ? ഈ സാഹചര്യങ്ങളൊക്കെ പരിചിതമായി തോന്നുന്നുണ്ടോ? ഉണ്ടാകാം, കാരണം ഇന്നത്തെ ഹൈപ്പർ കണക്ട് ലോകത്ത് സ്മാർട്ട്‌ഫോണുകൾ നമ്മുടെ വ്യക്തിജീവിതത്തിന്റെയും പ്രൊഫഷണൽ ജീവിതത്തിന്റെയും അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. എന്നിരുന്നാലും, സ്മാർട്ട് ഫോണുകളോടുള്ള നമ്മുടെ ആശ്രിതത്വം ആഴത്തിലാകുമ്പോൾ അതൊരു ആസക്തിയായി പരിണമിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
.gif)
സ്മാർട്ട്ഫോൺ ആസക്തിയെ ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസോർഡേഴ്‌സിൽ (DSM-V) ഔദ്യോഗികമായി ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ഇതിനെ ഗൗരവപൂർവ്വം കാണേണ്ട ഒരു വിഷയമായി ഗവേഷകരും മാനസികാരോഗ്യ വിദഗ്ധരും അംഗീകരിച്ചിട്ടുണ്ട്. ലളിതമായ ഉപയോഗത്തെ അല്ല ആസക്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത് കൂടുതൽ ആഴത്തിലുള്ള ഒന്നാണ്. തുടർച്ചയായി ഉപയോഗിക്കണമെന്ന് നിയന്ത്രിക്കാനാവാത്ത ഒരു പ്രേരണയും നിർബന്ധവുമാണ് ആസക്തി.
സ്മാർട്ട് ഫോൺ ഉപയോഗം ആസക്തിയിലേക്ക് വഴിമാറുമ്പോൾ അത് നമ്മുടെ ബന്ധങ്ങളിലും ആരോഗ്യത്തിലും ഉല്പാദനക്ഷമതയിലും മാനസിക ക്ഷേമത്തിലും ചെലുത്തുന്ന സ്വാധീനങ്ങൾ വളരെ വലുതാണ്. മേൽപ്പറഞ്ഞ കാര്യങ്ങളിൽ എല്ലാം നമ്മെ പിന്നോട്ട് വലിക്കുന്ന ഒരു കാന്തിക ശക്തിയായി ആയിരിക്കും സ്മാർട്ട്ഫോൺ ആസക്തി പ്രവർത്തിക്കുക.
സൂക്ഷിക്കണം നോമോഫോബിയയെ
കുട്ടികളിലും മുതിർന്നവരിലും സ്മാർട്ട്ഫോൺ ആസക്തി ഒരുപോലെ ഉണ്ടാകാം. നിങ്ങൾ സ്മാർട്ട് ഫോണിന് അടിമയായി തുടങ്ങി എന്നതിന്റെ ഒരു മുന്നറിയിപ്പ് സൂചനയാണ് നോമോഫോബിയ, അല്ലെങ്കിൽ "നോ-മൊബൈൽ-ഫോൺ ഫോബിയ" എന്ന പേരിൽ അറിയപ്പെടുന്നത്. സ്മാർട്ട്‌ഫോണിൽ നിന്ന് വേർപിരിയുമ്പോൾ അനുഭവപ്പെടുന്ന ഒരു മാനസിക അസ്വസ്ഥതയോ ഉത്കണ്ഠയോ ആണ് ഇത്. ഫോൺ ഇല്ലാതെ ഇരിക്കുക എന്ന ചിന്ത പോലും നിങ്ങളിൽ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ടെങ്കിൽ, സൂക്ഷിക്കുക സ്മാർട്ട്ഫോൺ അടിമയായി നിങ്ങളും മാറുന്നു എന്നതിൻറെ ഏറ്റവും വലിയ ലക്ഷണമാണ് അത്.
കുട്ടികളിലെ ആസക്തി തിരിച്ചറിയാനുള്ള വഴികൾ
സമീപകാലത്തായി കുട്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങളിൽ ഏറിയപങ്കും സ്മാർട്ട്ഫോൺ ആസക്തിയിലൂടെ ഉണ്ടാകുന്നതാണ്. വളരെ ഗൗരവകരമായ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണിത്. നിങ്ങളുടെ കുട്ടികളിൽ ആസക്തിയുടെ ലക്ഷണങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക;
* മണിക്കൂറുകളോളം യാതൊരു മടുപ്പും കൂടാതെ സ്മാർട്ട് ഫോണുകൾക്ക് മുൻപിൽ ചെലവഴിക്കുക
*ഹോബികൾ, സ്‌പോർട്‌സ്, അല്ലെങ്കിൽ അവർ ആസ്വദിച്ചിരുന്ന സാമൂഹിക പ്രവർത്തനങ്ങളിൽ താൽപ്പര്യക്കുറവ് കാണിക്കുക,
*ഗൃഹപാഠം, വീട്ടുജോലികൾ അല്ലെങ്കിൽ മറ്റ് പ്രധാന ജോലികൾ പൂർത്തിയാക്കാതിരിക്കുക,
* ഫോൺ ഉപയോഗിക്കാൻ കഴിയാത്തപ്പോൾ പ്രകോപിതരാകുക, ഉത്കണ്ഠാകുലരാകുക അല്ലെങ്കിൽ അസ്വസ്ഥരാകുക
*ഉറങ്ങുന്നതിനുമുമ്പ് ഫോൺ ഉപയോഗം കാരണം ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക
* ഫോൺ ഉപയോഗത്തെക്കുറിച്ച് കുടുംബാംഗങ്ങളുമായി ഇടയ്ക്കിടെയുള്ള സംഘർഷങ്ങൾ
* കണ്ണിന് ആയാസം, തലവേദന, കഴുത്ത് വേദന തുടങ്ങിയ ശാരീരിക ലക്ഷണങ്ങൾ അനുഭവപ്പെടുക
ശരീരവും മനസ്സും തകരാറിലാകും
സ്മാർട്ട്ഫോൺ ആസക്തിയുള്ള ഒരു വ്യക്തിയുടെ മനസ്സും ശരീരവും ഒരേസമയം അപകടത്തിൽ ആകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ദൈർഘ്യമേറിയ സ്‌ക്രീൻ സമയം കണ്ണിന് ആയാസം ഉണ്ടാക്കുകയും വരണ്ട കണ്ണുകൾ, മങ്ങിയ കാഴ്ച, തലവേദന എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. ഏറെനേരം സ്മാർട്ട് ഫോണുകൾക്കു മുമ്പിൽ ചെലവഴിക്കുമ്പോൾ നമ്മുടെ ഡോപാമൈൻ അളവ് വർദ്ധിക്കുന്നതിനാൽ മാനസിക സമ്മർദ്ദവും വർദ്ധിക്കും.
സാമൂഹികമായി ഒറ്റപ്പെടുകയും സോഷ്യൽ ആങ്സൈറ്റിലേക്ക് നയിക്കപ്പെടുകയും ചെയ്യും. മാത്രമല്ല, ഉത്കണ്ഠ, വിഷാദം, ഉറക്കകുറവ് എന്നിവയ്ക്ക് കാരണമാകും. തീർന്നില്ല, ശ്രദ്ധ, ഓർമ്മശക്തി, തീരുമാനമെടുക്കൽ തുടങ്ങിയ നമ്മുടെ വൈജ്ഞാനിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. സാധ്യതകളുടെ ഒരു വലിയ രോഗം സ്മാർട്ട് ഫോണുകൾ നമുക്ക് മുമ്പിൽ തുറന്നിടുന്നുണ്ടെങ്കിലും സാമൂഹിക ബന്ധങ്ങളിൽ നിന്നും അകറ്റി വെർച്വൽ ലോകത്തിലേക്ക് മാത്രമായി നാം ചുരുങ്ങി പോകാനുള്ള സാധ്യത കൂടുതലാണ്.
വ്യക്തമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുക
സ്മാർട്ട്ഫോൺ ആസക്തിയിൽ നിന്നും രക്ഷ നേടാൻ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട വ്യക്തമായ നിയന്ത്രണങ്ങൾ നമ്മുടെ വ്യക്തിജീവിതത്തിൽ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്.
1. സമയ പരിധികൾ നിശ്ചയിക്കുക: ഫോൺ ഉപയോഗിക്കുന്ന വ്യക്തിയുടെ പ്രായവും ആവശ്യങ്ങളും അടിസ്ഥാനമാക്കി ന്യായമായ ദൈനംദിന സ്ക്രീൻ സമയ പരിധികൾ തീരുമാനിക്കുക. ഈ പരിധികൾ പാലിക്കുക.
2. ഫോൺ-ഫ്രീ സോണുകൾ: ഭക്ഷണ സമയം, കിടപ്പുമുറി, കുടുംബാംഗങ്ങളോടൊപ്പം ആയിരിക്കുമ്പോൾ തുടങ്ങിയവ പോലെ നിങ്ങളുടെ വീട്ടിൽ ഫോണുകൾ ഉപയോഗിക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ നിശ്ചയിക്കുക.
3. "അൺപ്ലഗ്ഡ്" സമയം: മുതിർന്നവർ ഉൾപ്പെടെ കുടുംബത്തിലെ എല്ലാവരും അവരുടെ സ്മാർട്ട് ഫോണുകൾ ഓരോ ദിവസവും അല്ലെങ്കിൽ ആഴ്ചയും നിശ്ചിത സമയത്തേക്ക് മാറ്റിവെക്കുക. ഇത് കുടുംബ ഇടപെടലിനെ പ്രോത്സാഹിപ്പിക്കും.
4. ഉറങ്ങുന്നതിന് മുമ്പ് ഫോണുകൾ പാടില്ല: മികച്ച ഉറക്കം പ്രോത്സാഹിപ്പിക്കുന്നതിന് ഉറക്കസമയത്തിന് ഒരു മണിക്കൂർ മുമ്പെങ്കിലും "ഫോൺ വേണ്ട" എന്ന നിയമം നടപ്പിലാക്കുക. സ്‌ക്രീനുകളിൽ നിന്ന് പുറപ്പെടുന്ന നീല വെളിച്ചം മെലറ്റോണിൻ ഉൽപാദനത്തെ തടസ്സപ്പെടുത്തും.
5. ചാർജിംഗ് സ്റ്റേഷൻ: കഴിവതും കുട്ടികളുടെ കിടപ്പുമുറിക്ക് പുറത്ത് രാത്രിയിൽ ഫോണുകൾ ചാർജ് ചെയ്യാൻ സ്ഥലം കണ്ടെത്തുക.
ബദൽ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക:
കുട്ടികളിലെ മൊബൈൽ ആസക്തി ഫലപ്രദമായി നിയന്ത്രിക്കുന്നതിന്, സ്പോർട്സ്, സംഗീതം, വായന, പെയിന്റിംഗ് അല്ലെങ്കിൽ ബോർഡ് ഗെയിമുകൾ പോലുള്ള ഓഫ്‌ലൈൻ ഹോബികളിൽ ഏർപ്പെടുന്നത് പ്രോത്സാഹിപ്പിക്കേണ്ടത് നിർണായകമാണ്, അതോടൊപ്പം അവരുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് അത്യാവശ്യമായ ഔട്ട്ഡോർ പ്രവർത്തനങ്ങളും ശാരീരിക വ്യായാമവും പ്രോത്സാഹിപ്പിക്കണം.
കൂടാതെ, കളി ദിവസങ്ങൾ, കുടുംബ വിനോദങ്ങൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും മുഖാമുഖ സാമൂഹിക ഇടപെടലുകൾ സുഗമമാക്കുക. സ്ക്രീൻ രഹിത ഇടപെടലുകൾക്കായി കുടുംബ സമയം ചെലവഴിക്കുക. ഈ മാർഗ്ഗങ്ങൾ പര്യാപ്തമല്ലെന്ന് തെളിഞ്ഞാൽ, പെരുമാറ്റ പ്രശ്നങ്ങളിൽ വൈദഗ്ദ്ധ്യമുള്ള ഒരു ചൈൽഡ് സൈക്കോളജിസ്റ്റിൽ നിന്നോ തെറാപ്പിസ്റ്റിൽ നിന്നോ മാർഗ്ഗനിർദ്ദേശം തേടുന്നത് നല്ലതാണ്.
തയ്യാറാക്കിയത്: ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി( പ്രയത്ന സ്ഥാപകൻ,കൊച്ചി)
How to recognize mobile phone addiction? Let's fight it!
