തിരുവനന്തപുരം: (truevisionnews.com) മലയാളത്തിലെ വിഖ്യത ചലച്ചിത്രകാരൻ കെ ജി ജോര്‍ജിന്‍റെ വിയോഗത്തെക്കുറിച്ചുള്ള ചോദ്യത്തോട് 'ആളുമാറി' പ്രതികരിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.

'കെ ജി ജോർജ് നല്ലൊരു പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു' എന്നാണ് സുധാകരൻ പ്രതികരിച്ചത്. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും സുധാകരൻ പ്രതികരിച്ചിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
നിരവധി പേരാണ് സുധാകരന്‍റെ ആളുമാറിയുള്ള പ്രതികരണത്തിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഏത് ജോർജിനെക്കുറിച്ചാണ് സുധാകരൻ പറയുന്നതെന്നാണ് പലരുടെയും ചോദ്യം. അതേസമയം സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ കോൺഗ്രസ് പ്രവർത്തകരും വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
കോൺഗ്രസ് പ്രവർത്തകനായ ഒരു ജോർജ്ജ് ഇന്ന് മരണപ്പെട്ടിരുന്നുവെന്നും കെ സുധാകരനുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന ആ ജോർജിന്‍റെ മരണത്തെ പറ്റിയാണ് മാധ്യമ പ്രവർത്തകർ ചോദിക്കുന്നത് എന്ന് കരുതിയാണ് കെ പി സി സി അധ്യക്ഷൻ അങ്ങനെ പ്രതികരിച്ചതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ വിശദീകരണം.
ഈ വിശദീകരണത്തിലും പലരും ചോദ്യം ഉന്നയിക്കുന്നുണ്ട്. ആ ജോർജിന്‍റെ വിവരങ്ങൾ കൂടി പങ്കുവയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം കെ പി സി സി അധ്യക്ഷനോ കോൺഗ്രസ് നേതാക്കളോ ഇക്കാര്യത്തിൽ ഔദ്യോഗികമായ വിശദീകരണം ഒന്നും നടത്തിയിട്ടില്ല.
#KSudhakaran #response #KG George #Congressworkers #explain
